പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി യുവാവിന്റെ പരാക്രമം
സൂപ്പർ മാർക്കറ്റ് തകർത്തു
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി യുവാവിന്റെ പരാക്രമം. പെരിങ്ങത്തൂർ സഫാരി സൂപ്പർ മാർക്കറ്റിൽ ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. സൂപ്പർ മാർക്കറ്റ് അടയ്ക്കാനുള്ള സമയമായപ്പോഴാണ് കൈയിൽ മഴുവുമേന്തി അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകൾ അടിച്ചുതകർത്തത്.
ഇതോടെ കണ്ടുനിന്നവരും കൗണ്ടറിലുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു. പിന്നീട് സൂപ്പർമാർക്കറ്റിനകത്ത് കയറിയ യുവാവ് ഷെൽഫിലുണ്ടായിരുന്ന സാധനങ്ങളും തല്ലിത്തകർത്തു. തുടർന്ന് ചോക്ളേറ്റ് കൂളറിന്റെ ചില്ലുകൾ പൊട്ടിച്ച് ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളിൽ രണ്ടെണ്ണമെടുത്ത് പുറത്തിറങ്ങിപ്പോയി. സംഭവത്തിൽ ഗുരുജിമുക്കിലെ ജമാലിനെ ചൊക്ലി പോലീസ് കസ്റ്റഡിയിലെടുത്തു.
ബഹളംകേട്ട് നാട്ടുകാർ കടയുടെ പരിസരത്തെത്തിയെങ്കിലും ഇയാൾ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് മഴുകൊണ്ട് പോറലേറ്റു. പെരിങ്ങത്തൂർ ടൗണിൽ നിർത്തിയിട്ടിരുന്ന ജമാലിന്റെ ഓട്ടോറിക്ഷ രാത്രി 11-ഓടെ തകർത്ത നിലയിൽ പിന്നീട് കണ്ടെത്തി. സംഭവസമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പറയുന്നു. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. യുവാവിനെ കൂത്തുപറമ്പിലെ ലഹരിവിമോചനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment