അഴിയൂരിൽ പൊതുശ്മശാനം യാഥാർഥ്യമാകും
മാഹി: അഴിയൂർ പഞ്ചായത്തിലെ കക്കടവ് പ്രദേശത്ത് പൊതുശ്മശാനം നിർമിക്കാനുള്ള പദ്ധതിക്ക് പുതുജീവൻ. ശ്മശാനം സ്ഥാപിക്കാൻ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ആവശ്യമായ ഫണ്ട് ലഭ്യമായിട്ടും റോഡിന്‍റെ അഭാവമായിരുന്നു പ്രധാന വെല്ലുവിളി. 200 മീറ്ററോളം ദൂരത്തിൽ റോഡ് വേണ്ട സ്ഥാനത്ത് ഇതുവരെ പകുതിയേ നിർമിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ശേഷിച്ച ഭാഗത്തെ റോഡിന് അഞ്ച് ഭൂവുടമകളുടെ സമ്മതപത്രംകൂടി ആവശ്യമുണ്ട്. ഇക്കാര്യത്തിൽ യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് സർവകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഭൂവുടമകളുടെ യോഗം 10ന് മൂന്നിന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഇതിൽ പ്രശ്നപരിഹാരം സാധ്യമാകുന്നില്ലെങ്കിൽ റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും. അര ഏക്കറിൽ സ്ഥാപിക്കുന്ന ശ്മശാനത്തിനായി ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപയും പഞ്ചായത്ത് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അഴിയൂരിൽ 1995ൽ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. കാത്തിരിപ്പിന്‍റെ നീണ്ട 25 വര്‍ഷത്തിനിടയിൽ മരിച്ച പലരുടെയും മൃതദേഹം സംസ്കരിക്കാന്‍ വീടിന്‍റെ തറ നീക്കി സംസ്കരിക്കേണ്ടി വന്നിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടംവരാതെ 30 അടി ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുള്ള ഗ്യാസ് ശ്മശാനമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും ഡി.എം.ഒയുടെയും മാര്‍ഗനിർദേശ പ്രകാരമാണ് പ്രവൃത്തികള്‍ നടക്കുക. അഴിയൂരിൽ പൊതുശ്മശാനം യാഥാർഥ്യമാക്കാൻ ചേർന്ന സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
Post a Comment