സായാഹ്‌ന വാർത്തകൾ
🔳കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. ഇതോടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടര്‍മാര്‍. വില്ലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്.
🔳ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.
🔳ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ലഖിംപുര്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയത്. പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ലോക്‌സഭയും നേരത്തേ പിരിഞ്ഞു.
🔳കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുതാര്യമാണെന്നും ഗവര്‍ണര്‍ ഇക്കാര്യം വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നല്‍കാനാണ് സിപിഎം നീക്കം. അതേ സമയം മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു.
🔳കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനര്‍നിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കും. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
🔳കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന വിവാദത്തില്‍ കോടതിയിലൂടെ നീതി ലഭ്യമായെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നടന്നത് ശരിയായ നിയമനമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിസി പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധിവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രതിഷേധങ്ങളൊക്കെ രാഷ്ട്രീയമായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമന വിവാദത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി ആര്‍ ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും സതീശന്‍ പറഞ്ഞു. സര്‍വകലാശായ ചാന്‍സലര്‍ ആയിരിക്കാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രിയെപ്പോലെ ഗവര്‍ണറും കുറ്റക്കാരനാണെന്നും വിഡി സതീശന്‍ പറഞ്ഞു.
🔳ഊട്ടി കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായമായി നല്‍കും. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
🔳പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലവില്‍ ജയിലിലുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി. അവര്‍ക്ക് ജാമ്യത്തില്‍ തുടരാനുള്ള അനുമതി നല്‍കി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം നേതാക്കളായ കെ.വി.ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ ഇന്ന് ഹാജരായില്ല. ഇവരോട് ഈ മാസം 22ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും 29ന് പരിഗണിക്കും.
🔳സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ലെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍.
പാര്‍ട്ടിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ അനുസരിച്ച് നില്‍ക്കണമെന്നത് അവരുടെ അഭിപ്രായമാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉള്‍പ്പെടെയുള്ള മുന്‍ മന്ത്രി എം.എം മണിയുടെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
🔳കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പാദന സംഘടനയുടെ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചു.
വില സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവായി.
🔳ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കി കോഴിക്കോട് ബാലുശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇതിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂളിന്റെ നടപടി വസ്ത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിഷേധകരുടെ ആരോപണം. അതേസമയം, ബാലുശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചത് സ്‌കൂള്‍ പിടിഎയും തദ്ദേശസ്ഥാപനവും ചേര്‍ന്നാണെന്നു മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
🔳പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത്
കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് (2020-21). ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഈ കണക്ക്. കേന്ദ്ര എക്സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വര്‍ഷവുമെത്തിയ തുക ഇങ്ങനെ. 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി.
🔳ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും കാങ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന്, രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്‌ക്കെതിരെ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.
🔳ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാമദാസ് ഗിരി(56)യെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ബിജ്നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ നിര്‍ദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയ്ക്കാണ് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ ജിഷാന്‍ വാങ്ങിയത്.
◾ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും
ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും വിരാട് കോലി വ്യക്തമാക്കി. ഡിസംബര്‍ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി.
🔳ടി20 നായക സ്ഥാനം സ്വമേധയ ഒഴിഞ്ഞ വിരാട് കോലിയില്‍ നിന്ന് ഏകദിന നായകസ്ഥാനവും രോഹിത് ശര്‍മ്മയ്ക്ക് കൈമാറിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചത് മുതല്‍ ചര്‍ച്ചാവിഷയം രോഹിത്തും കോലിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഒരു താരവും സ്പോര്‍ട്സിന് മുകളിലല്ലെന്ന പ്രതികരണം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. കോലിയും രോഹിത്തും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബിസിസിഐ അതില്‍ വ്യക്തത വരുത്തണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു.
🔳മ്യൂച്ചല്‍ഫണ്ടിലെ ഓഹരി ഐപിഒയിലൂടെ വില്‍ക്കാനൊരുങ്ങി എസ്ബിഐ. ആറ് ശതമാനം ഓഹരികളുടെ വില്‍പന നടത്താനാണ് ഒരുങ്ങുന്നത്. എസ്ബിഐ ഫണ്ട് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികളാണ് ബാങ്ക് വില്‍ക്കുക. ഇതിനായി വിവിധ ഏജന്‍സികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ബാങ്ക്. എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റില്‍ 63 ശതമാനം ഓഹരിയാണ് എസ്ബിഐക്ക് ഉള്ളത്. ബാക്കിയുള്ള ഓഹരികള്‍ പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമുന്‍ഡി അസറ്റ് മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് ഹൗസുകളില്‍ ഒന്നായ എസ്ബിഐയുടെ ആസ്തി അഞ്ച് ലക്ഷം കോടിയാണ്. 862.7 കോടി എസ്ബിഐ മ്യൂച്ചല്‍ഫണ്ടിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം.
🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,000 ആയി. ഗ്രാം വില 25 രൂപ കുറഞ്ഞ് 4500ല്‍ എത്തി. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. പവന് 120 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ഇന്നലെ വരെ ഈ മാസം രേഖപ്പെടുത്തിയത്.
🔳ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒരുപോലെ ചോദിച്ച ചോദ്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് വരുമെന്ന് അതിനിടയിലാണ് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ ആ ഉറപ്പ് കൂടി എത്തുന്നത്. 'സെക്കന്റ് പാര്‍ട്ട് പ്രതീക്ഷച്ചോളു.. കുറച്ചു കാലം എടുക്കുമെന്നേ ഒള്ളു. ഇപ്പോള്‍ രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ തന്നുകൊണ്ട് ദുല്‍ഖുര്‍ സല്‍മാന്‍ തന്നെ ചിത്രത്തിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ 'അലക്സാണ്ടറി'നെ കേന്ദ്ര കഥാപാത്രമാക്കി വരും. റിയാലിറ്റിയില്‍ നിന്ന് മാറി ഒരു ഫിക്ഷനിലേക്ക് കഥ വഴി മാറും.
🔳ബേസില്‍ ജോസഫ് ടൊവിനോ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍മുരളി നെറ്റ്ഫ്ളിക്സിലൂടെ പുറത്ത് എത്തുകയാണ്. ഡിസംബര്‍ 24 ന് ആണ് റിലീസ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് 24-ാം തീയതിയ്ക്ക് ശേഷം പറയാമെന്ന് ബേസില്‍ ജോസഫ് . രണ്ടാം ഭാഗം ഇറക്കണമെന്നും വലിയ രീതിയില്‍ തിയേറ്ററിലേയ്ക്ക് എത്തിക്കണമെന്നും ആഗ്രഹമുണ്ട്. മിന്നല്‍മുരളിയില്‍ ടെവിനോ തോമസിനോടൊപ്പം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അജുവര്‍ഗീസ്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബൈജു സന്തോഷ്, , ഗുരു സോമസുന്ദരം , ബിജു കുട്ടന്‍,ഫെമിന ജോര്‍ജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🔳പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ അടുത്ത വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂണ്‍ മാസത്തില്‍ മോഡലിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. പുതിയ മോഡല്‍ ശക്തമായ എഞ്ചിനുകള്‍ക്കൊപ്പം സമഗ്രമായ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ക്കും ഫീച്ചര്‍ നവീകരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. പുതിയ 2022 മഹീന്ദ്ര സ്‌കോര്‍പിയോ 2.0 എല്‍, 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 160/170 ബിഎച്ച്പിയും താഴ്ന്ന വേരിയന്റുകള്‍ക്ക് 130 ബിഎച്ച്പിയും.
🔳തൂലികയാല്‍ തുഴഞ്ഞ് മലയാളകഥ നാളെ കണ്ടെടുക്കുവാന്‍ പോകുന്ന വന്‍കരയിലേക്കുള്ള ദിശാസൂചിയാണ് ഈ സമാഹാരം. പുതിയ കാലത്തെയും ജീവിതത്തെയും സമഗ്രതയോടെ, സൂക്ഷ്മതയോടെ പിടിച്ചെടുക്കുന്ന ആന്റീനകളാണ് ഈ എഴുത്തുകാരുടേത്. മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അഭിമുഖീകരിക്കുകയും നവീനരീതിയില്‍ ആഖ്യാനംചെയ്യുകയുമാണ് ഇവിടെ 15 കഥാകൃത്തുക്കള്‍. 'കഥ ഇന്ന്'. എഡിറ്റര്‍ - എം.ജി ബാബു. എച്ച് &സി ബുക്‌സ്. വില 250 രൂപ.
🔳രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് പഠനം. പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തെ വിവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായി രോഗപ്രതിരോധ സംവിധാനവും കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധ സംവിധാനം പലപ്പോഴും വിശ്രമവും സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതശൈലിയില്‍ യോഗ ഉള്‍പ്പെടുത്തുക എന്നതാണ് ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, വിവിധ യോഗ പോസുകള്‍ പതിവായി പരിശീലിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ യോഗയുടെയും ധ്യാനത്തിന്റെയും സ്വാധീനത്തെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ പ്രയോജനകരമായ ഫലങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. യോഗ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദം. യോഗ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. ശ്വാസകോശ ലഘുലേഖയെയും ശ്വാസകോശത്തെയും സുഖപ്പെടുത്തുന്നുവെന്നും പഠനത്തില്‍ പറയുന്നു. യോഗ ഒരു വ്യായാമം മാത്രമല്ല. അതൊരു ജീവിതരീതിയാണ്. വ്യായാമം, ഭക്ഷണ നിയന്ത്രണം, ശ്വസന വ്യായാമം, ഏകാഗ്രത എന്നിവയുടെ സംയോജനമാണ് ഇത് ശരീരത്തെ ശക്തിപ്പെടുത്തുകയും മനസ്സിന് വിശ്രമം നല്‍കുകയും ചെയ്യുന്നത്.
🔳ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 76.05, പൗണ്ട് - 100.81, യൂറോ - 85.71, സ്വിസ് ഫ്രാങ്ക് - 82.24, ഓസ്ട്രേലിയന്‍ ഡോളര്‍ - 54.21, ബഹറിന്‍ ദിനാര്‍ - 201.73, കുവൈത്ത് ദിനാര്‍ -250.93, ഒമാനി റിയാല്‍ - 197.56, സൗദി റിയാല്‍ - 20.27, യു.എ.ഇ ദിര്‍ഹം - 20.71, ഖത്തര്‍ റിയാല്‍ - 20.89, കനേഡിയന്‍ ഡോളര്‍ - 59.18.
Post a Comment