o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ

 

🔳സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്ന ബില്ലില്‍ നാടകീയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അപ്രതീക്ഷിതമായി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാനി ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വലിയ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ബിജെപി സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ബില്ലിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്.  ലോക്സഭയില്‍ പ്രതിപക്ഷം ബില്ല് വലിച്ച് കീറി പ്രതിഷേധിച്ചു.


🔳രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. 54 പേര്‍. കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ കൊവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. വാക്സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാന്‍ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവില്‍ തെളിവില്ല. വകഭേദത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം പുരോഗമിക്കുകയാണെന്നും ഇവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


🔳മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍.  കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. വൈകിട്ട് കാസര്‍ഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യ പരിപാടി. തുടര്‍ന്ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാളെ നേവല്‍ ബേസില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.


🔳ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.


🔳ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി എന്ന് എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


🔳ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍  പത്ത് പേര്‍ കസ്റ്റഡിയില്‍. ഇവരെല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.


🔳എസ്ഡിപിഐ നേതാവ്  കെ.എസ്.ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഷാനിനെ വധിക്കാന്‍ കൊലയാളിസംഘം രണ്ടരമാസമാണ് കാത്തിരുന്നത്. കാറിലെത്തിയ കൊലയാളി സംഘത്തിന് പുറമെ ഒരു ബൈക്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. വയലാറിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു


🔳സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ശശിതരൂര്‍ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ പദ്ധതിയില്‍ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിക്കരുതെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സംസ്ഥാനത്ത് പൊലീസിന് ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും പൊലീസുകാരെ നിയന്ത്രിക്കുന്നത് സിപിഎം പാര്‍ട്ടിക്കാരാണെന്നും വിഡി സതീശന്‍ പറഞ്ഞു.



🔳മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും കെ റെയില്‍ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലും ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂര്‍ മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും  പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണം.  ശശി തരൂര്‍ നിലപാട് തിരുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


🔳വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചര്‍.  യുവതികളുടെ വിവാഹപ്രായം 18-ല്‍ തന്നെ നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തരാകും.  ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടത്. സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ രാജ്യം ഇപ്പോഴും പിന്നിലാണെന്നും കെക ശൈലജ ടീച്ചര്‍  പറഞ്ഞു.


🔳കേന്ദ്ര മന്ത്രി വി മുരളീധരനെ തൃപ്തിപ്പെടുത്താനാണ് രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി . ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂര്‍ണമായി കാവിവത്ക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ദില്ലിയില്‍ ആരോപിച്ചു.


🔳കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ അടയ്ക്കണം. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  ഇത് തീര്‍ത്തും ബാലിശമായ ഹര്‍ജിയാണ്. കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്‍ജിക്കാരന്‍.


🔳പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്ഫോടനം. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


🔳മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമര്‍പ്പിച്ച മഹേന്ദ്ര ഥാറിന്റെ ലേലം ഉറപ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രഭരണസമിതി . അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും പങ്കെടുത്ത ക്ഷേത്രഭരണസമിതിയുടെ യോഗമാണ് ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാന്‍ തീരുമാനിച്ചത്. ഗുരുവായൂരിലെ മറ്റു ലേലനടപടികളില്‍ എന്ന പോലെ ഥാര്‍ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും. കമ്മീഷണര്‍ ലേലം അംഗീകരിക്കുന്നതോടെ മുഴുവന്‍ പണവും അടച്ച് ഥാര്‍  അമല്‍ മുഹമ്മദലിക്ക് സ്വന്തമാക്കാം.


🔳എതിര്‍പ്പുകളെ മറികടന്ന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം നടപ്പിലാക്കുന്നതിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്. സംസ്ഥാനത്ത് രഹസ്യമായി മത അധിനിവേശം നടക്കുന്നതായി ബസവരാജ് ബൊമ്മയ് ആരോപിച്ചു. 'ആളുകളെ വശീകരിച്ചും ബലപ്രയോഗത്തിലൂടെയുമാണ് മതംമാറ്റം നടക്കുന്നത്. മതപരിവര്‍ത്തനം രോഗം പോലെ പടര്‍ന്ന സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരിന് ഇത് അനുവദിക്കാനാകില്ല. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്നത് അതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു.


🔳പനാമ പേപ്പര്‍ കേസില്‍ ബച്ചന്‍ കുടുംബത്തിന്റെ മുഴുവന്‍ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ബച്ചന്റെ വിദേശകമ്പനികള്‍ സംബന്ധിച്ചും നടി ഐശ്വര്യ റായിയോട് ചോദിച്ചിരുന്നു.. കേസില്‍ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം  ചെയ്തേക്കുമെന്നാണ് വിവരം.  


🔳ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ  കടന്നാക്രമിച്ച് പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗ്  വീട്ടിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകള്‍ നക്കുകയാണെന്ന് സിദ്ദു തുറന്നടിച്ചു. അമരീന്ദര്‍ സിംഗിനെ അഹങ്കാരിയായ രാജാവ് എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്.


🔳ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2021 ഓക്ടോബര്‍ മാസത്തെ വരിക്കാരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോയിലേക്ക് പുതുതായി 17.6 ലക്ഷം വരിക്കാര്‍ എത്തി. സെപ്റ്റംബര്‍ മാസം ജിയോയ്ക്ക് 1.9 കോടി ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. 42.56 കോടിയാണ് ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം. അതേ സമയം ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവര്‍ക്ക് യഥാക്രമം 4.89 ലക്ഷം, 9.64 ലക്ഷം വരിക്കാരെ വീതം നഷ്ടമായി. എയടെല്ലിന് 35.39 കോടി വരിക്കാരും വോഡാഫോണ്‍ ഐഡിയക്ക് 26.9 കോടി വരിക്കാരുമാണ് ഉള്ളത്. രാജ്യത്തെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ തന്നെയാണ് മുമ്പില്‍. 4.72 ദശലക്ഷം വരിക്കാരാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്.


🔳തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 36,560 രൂപ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയ ില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,240 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് പവന് ആയിരം രൂപ വര്‍ധിച്ച ശേഷമാണ് വില താഴ്ന്നത്.


🔳ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക'.  ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹേയ് സിനാമിക'യ്ക്കുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ദുല്‍ഖറിനെയാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. 'ഹേയ് സിനാമിക' എന്ന ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക.  തിരക്കഥ എഴുതിയിരിക്കുന്നത് മധന്‍ കര്‍കിയാണ്. കാജല്‍ അഗര്‍വാളും, അദിതി റാവു ഹൈദരിയുമാണ് നായികമാര്‍.


🔳പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് 'രാധേ ശ്യാം'. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. ഡോ. യു വി കൃഷ്ണം രാജുവിന്റെ ഫസ്റ്റ് ലുക്ക് ആണ് ഇപോള്‍ 'രാധേ ശ്യാമി'ലേതായി പുറത്തുവിട്ടിരിക്കുന്നത്. 'പരമഹംസ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തെലുങ്കിലെ ഇതിഹാസ താരം ഡോ. യു വി കൃഷ്ണം രാജു അഭിനയിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യായി ചിത്രത്തില്‍ പൂജ ഹെഗ്ഡെ അഭിനയിക്കുന്നു. കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്.  സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


🔳രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന ബസ് പുറത്തിറങ്ങി. ഈ 32 സീറ്റര്‍ എ സി ബസിന്റെ നീളം 9 മീറ്റര്‍.30 കിലോ ഹൈഡ്രജന്‍ ഉപയോഗിച്ച് 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. മോഡുലാര്‍ രൂപകല്‍പ്പനയായതു കൊണ്ട് ആവശ്യാനുസരണം ഡിസൈനില്‍ മാറ്റം വരുത്താനും ഏതു പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച രൂപപ്പെടുത്തി എടുക്കാനും സാധിക്കും. ഹൈഡ്രജനും വായുവും ഉപയോഗിച്ചാണ് ബസ് ചലിക്കാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പുകയില്ലാത്ത ഈ വാഹനം പുറത്തു വിടുന്നത് വെള്ളമാണ്. ഹൈഡ്രജന്‍ ഇന്ധന സാങ്കേതികത കൂടാതെ ബാലന്‍സ് ഓഫ് ട്രാന്‍സ്ഫര്‍ പ്ലാന്റ്, പവര്‍ ട്രെയിന്‍, ബാറ്ററി ധപാക്ക് എന്നിവയും സെന്‍ടിയെന് റ്റ് ലാബ് നിര്‍മ്മിച്ചത് ഈ ബസില്‍ ഉപയോഗിച്ചിട്ടുണ്ട്.


🔳സ്വാതന്ത്യ്ര പ്രാപ്തിയില്‍ ജനിച്ച് സ്വതന്ത്ര ഭാരതത്തോടൊപ്പം വളര്‍ന്ന സെബാസ്റ്റ്യന്‍ പോള്‍ വ്യത്യസ്തവും എന്നാല്‍ പരസ്പര ബന്ധിതവുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച് നേടിയ അനുഭവങ്ങള്‍ ഓര്‍മ്മയുടെ പുനരാ വിഷ്‌കാരത്തിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു കഥപോലെ വായിക്കാവുന്ന ആത്മകഥ.

'എന്റെ കാലം എന്റെ ലോകം - സെബാസ്റ്റ്യന്‍ പോള്‍'.  ലാവണ്യ ബുക്സ. വില 285 രൂപ.


🔳മൂത്രമൊഴിക്കുന്നതിന്റെ തവണകള്‍ അടുത്തിടെ വര്‍ധിക്കുകയോ രാത്രിയിലൊക്കെ ഇടയ്ക്കിടെ മൂത്രമൊഴിക്കാനായി എഴുന്നേല്‍ക്കേണ്ടി വരുകയോ ചെയ്താല്‍ പ്രമേഹ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളുമായി ബന്ധപ്പെട്ട് ഈ ലക്ഷണം പ്രത്യക്ഷമാകാറുണ്ട്. ഒരാള്‍ ഒരു ദിവസം ആറും ഏഴും തവണയൊക്കെ മൂത്രമൊഴിക്കുന്നത് സാധാരണ സംഗതിയാണ്. മറ്റ് രോഗങ്ങളൊന്നും ഇല്ലാത്ത പൂര്‍ണ ആരോഗ്യവാനായ വ്യക്തി പ്രതിദിനം 10 തവണയൊക്കെ മൂത്രമൊഴിക്കാം. കാലാവസ്ഥയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ 10 തവണയ്ക്ക് മേല്‍ ഒരു ദിവസം മൂത്രമൊഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഇതൊരു പക്ഷേ പ്രമേഹ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ ഇതിനെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ വൃക്കകള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. പഞ്ചസാര പുറന്തള്ളാന്‍ കൂടുതല്‍ മൂത്രം ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകേണ്ടതും ആവശ്യമായി വരുന്നു. ഇതാണ് പ്രമേഹ രോഗികള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടാന്‍ കാരണം. ചിലര്‍ക്ക് രാത്രിയില്‍ രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരാറുണ്ട്. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വൃക്കകളെയും മൂത്രസഞ്ചിയെയുമെല്ലാം പ്രമേഹം നശിപ്പിക്കാം. പ്രായാധിക്യം, മദ്യത്തിന്റെയോ കാപ്പിയുടെയോ അമിത ഉപയോഗം എന്നിവയും ഇടയ്ക്കിടെ മൂത്രവിസര്‍ജ്ജനത്തിന് കാരണമാകും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതിന് പുറമേ വരണ്ട വായ, വിശദീകരിക്കാനാകാത്ത ഭാരനഷ്ടം, കാലുകളിലെ മരവിപ്പ്, ഇടയ്ക്കിടെയുള്ള മൂത്രനാളിയിലെ അണുബാധ, മങ്ങിയ കാഴ്ച എന്നിവയെല്ലാം പ്രമേഹരോഗ ലക്ഷണങ്ങളാണ്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.44, പൗണ്ട് - 99.80, യൂറോ - 85.15, സ്വിസ് ഫ്രാങ്ക് - 81.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.68, ബഹറിന്‍ ദിനാര്‍ - 200.13, കുവൈത്ത് ദിനാര്‍ -249.03, ഒമാനി റിയാല്‍ - 196.23, സൗദി റിയാല്‍ - 20.10, യു.എ.ഇ ദിര്‍ഹം - 20.54, ഖത്തര്‍ റിയാല്‍ - 20.72, കനേഡിയന്‍ ഡോളര്‍ - 58.27.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post