സായാഹ്ന വാർത്തകൾ
🔳ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബംഗ്ലൂരു യെലഹങ്ക എയര്‍ബേസില്‍ എത്തിച്ച വരുണ്‍ സിംഗിന്റെ മൃതദേഹത്തിന് സേനാംഗങ്ങള്‍ അന്ത്യാഞ്ജലി നല്‍കി. ഔദ്യോഗിക അന്തിമോപാചാരം അര്‍പ്പിച്ച ശേഷം വരുണ്‍ സിംഗിന്റെ മൃതദേഹം സൈനിക വിമാനത്തില്‍ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്‌കാരചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
🔳കേന്ദ്ര സര്‍ക്കാരിനും അജയ് മിശ്രയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ആശിഷ് മിശ്ര പ്രതിയായതിന്റെ പശ്ചാത്തലത്തില്‍ പിതാവും മന്ത്രിയുമായ അജയ് മിശ്രയെ ക്രിമിനല്‍ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധി. അജയ് മിശ്രയെ പുറത്താക്കുകയോ അയാള്‍ രാജിവെക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഈ ബില്ല് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ വിവിധ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ പുരുഷന്റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്.
🔳കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ വ്യവസായ സൗഹൃമാക്കുന്നതിനെ ദ്രോഹ മനസ്ഥിതിയുള്ള ചിലര്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന് തന്നെ ഇവര്‍ ശല്യമാണെന്ന് പറഞ്ഞ പിണറായി ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
🔳മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രിയെ താന്‍ അഭിനന്ദിക്കുന്നുവെന്നും വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുകളും തടസങ്ങളും സമരങ്ങളും ഹര്‍ത്താലുകളുമായിരുന്നു കേരളത്തിലേക്കെത്തിയ വ്യവസായികളെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ എംപി മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ചത്.
🔳താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ലെന്നും, പക്ഷേ, പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
🔳കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി, ആര്‍.ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം പോലും അങ്ങേയറ്റം ധിക്കാരപരമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
🔳മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുണ്ടെങ്കില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
🔳പച്ചക്കറിയുടെ വില വര്‍ധനവില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ തുടങ്ങും. പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
🔳മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും കേരളം പരിഹാസം നേരിട്ട സാഹചര്യം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെരിയാര്‍ നിവാസികളുടെ സുരക്ഷയോ; കേരളത്തിന്റെ ആശങ്കകളോ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഉന്നയിക്കപ്പെട്ടില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കളിപ്പിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
🔳സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് ഗുണകരമല്ലെന്നും കെ-റെയില്‍ മികച്ച പദ്ധതിയായിരുന്നുവെങ്കില്‍ കൂടെ നില്‍ക്കുമായിരുന്നുവെന്നും ഇ.ശ്രീധരന്‍. പദ്ധതിയുടെ ആസൂത്രണത്തില്‍' ഗുരുതര പിഴവുകളുണ്ട്. പദ്ധതിയില്‍ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു.
🔳കേരളത്തില്‍ സാമുദായിക വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ്. ജമാ അത്തെ ഇസ്ലാമിയെ കരുവാക്കി നടത്തുന്ന വ്യാജ പ്രചാരണം മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്തതാണെന്നും എം.ഐ അബ്ദുള്‍ അസീസ് പറഞ്ഞു. കേരളത്തെ വളരെ. അപകടകരമായ അന്തരീക്ഷത്തിലേക്കാണ് സി.പി.എം കൊണ്ടുപോകുന്നത്. അധികാര തുടര്‍ച്ചയെന്ന ഏക ലക്ഷ്യത്തെ കേന്ദ്രീകരിച്ചപ്പോള്‍ അരുതാത്ത പലതും സി.പി.എമ്മിന് ചെയ്യേണ്ടി വരുന്നു. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും എം.ഐ അബ്ദുള്‍ അസീസ് പറഞ്ഞു. വഖഫ് വിഷയത്തില്‍ മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അത് വിജയിക്കില്ലെന്നും ജമാ അത്തെ ഇസ്ലാമി അമീര്‍ പറഞ്ഞു.'.
🔳സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍.മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കളമശ്ശേരിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായ മോഹനന്‍ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടത്. 46 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം. തെരഞ്ഞെടുത്തു. ഇതില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ കമ്മിറ്റിയില്‍ ആറ് പേര്‍ സ്ത്രീകളാണ്. അതേസമയം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുതിര്‍ന്ന നേതാവ് പി.എന്‍.ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയത് സിപിഎം സമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. തന്നേയും ചില നേതാക്കളേയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതതില്‍ പ്രതിഷേധിച്ചതാണ് പി.എന്‍.ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയത്.
🔳ഇനി മുതല്‍ രാത്രി സമയത്തും മൃതദേഹങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്താന്‍ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി.. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.
🔳തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വര്‍ഷത്തിന് ശേഷവും അവധി നീണ്ടാല്‍ സര്‍വീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
🔳കേരളത്തിലെ സമീപകാല പ്രളയങ്ങള്‍ പഠിച്ച വിദഗ്ധ സമിതികള്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങള്‍ മിക്കതും ഇപ്പോഴും കടലാസ്സില്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ അടിമുടി മാറിക്കഴിഞ്ഞിട്ടും കൃത്യസമയത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍പ്പോലും കേരളത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍. തീരങ്ങള്‍ പൊടുന്നനെ കടലെടുക്കുന്നു, മലയോരങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് ഉരുള്‍പൊട്ടുന്നു, താഴ്ന്നപ്രദേശങ്ങള്‍ എല്ലാ വര്‍ഷവും വെള്ളത്തില്‍ മുങ്ങുന്നു. വരും നാളുകളില്‍ അതിരൂക്ഷമാകാന്‍ പോകുന്ന ഈ കാലാവസ്ഥ മാറ്റത്തെ നേരിടാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.
🔳സിബിഎസ്ഇ പരീക്ഷ പരിഷ്‌ക്കരണം കോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ആലോചനയുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. പരിഷ്‌ക്കരിച്ച പരീക്ഷരീതി അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ് സിയുടേതെന്നാണ് ആക്ഷേപം. സംസ്ഥാനപരീക്ഷ ബോര്‍ഡുകള്‍ ഉള്‍പ്പെടെ പരീക്ഷ ലളിതമാക്കുമ്പോള്‍ ആ പാഠ്യരീതി പിന്തുടരുന്ന കുട്ടികളേക്കാള്‍ പിന്നില്‍ പോയാല്‍ അത് ഭാവിയിലെ സാധ്യതകളെ ബാധിക്കില്ലേയെന്ന ചോദ്യമാണ് രക്ഷിതാക്കളും കുട്ടികളും ഉന്നയിക്കുന്നത്.
🔳മഹാരാഷ്ട്രയിലും വിസി നിയമന വിവാദം. വിസി നിയമനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ഇനി സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന അഞ്ച് പേരുകളില്‍ രണ്ടെണ്ണം സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. നേരത്തെ സെര്‍ച്ച് കമ്മറ്റി നേരിട്ട് 5 പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ അധികാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നെന്ന് ബിജെപി വിമര്‍ശിച്ചു. എന്നാല്‍, ഗവര്‍ണറുടെ രാഷ്ട്രീയ ഇടപെടലിനെ തടയിടാനാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. യൂണിവേഴ്സിറ്റികളുടെ ഭരണ നിര്‍വഹണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പ്രോ വിസി ആക്കാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.
🔳ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പട്ടിക അനുസരിച്ച് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. അന്തസ്സോടെ ജീവിക്കുക എന്നത് ഭരണഘടനാ അവകാശമാണെന്ന് കോടതി പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ ഒരുപോലെ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേയാണ് ഉത്തരവ്.
🔳ഒരു ഗുജറാത്തുകാരന് രാജ്യം ചുറ്റാമെങ്കില്‍ എന്തുകൊണ്ട് ഒരു ബംഗാളിക്ക് ആയിക്കൂടാ എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറയാതെയാണ് മമതയുടെ വാക്കുകള്‍. ഗോവയിലെ അസ്സൊനോരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
🔳കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പിന്‍വലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാര്‍ച്ചോടെ ബോണ്ട് വാങ്ങല്‍ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവല്‍ ചെയര്‍മാനായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കില്‍ മുക്കാല്‍ ശതമാനത്തോളം വര്‍ധന വരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ആഗോളതല-പ്രാദേശിക തലങ്ങളില്‍ വിലക്കയറ്റ സൂചിക ഉയരുന്നതിനാല്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതമാകും. അടുത്തവര്‍ഷത്തോടെ നിക്ഷേപ-വായ്പ പലിശയില്‍ വര്‍ധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.
🔳നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഏഷ്യല്‍ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി). 2021-22 കാലയളവില്‍ ഇന്ത്യ 9.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ പുതിയ വിലയിരുത്തല്‍. വിതരണ ശൃംഖലകളില്‍ തടസം നേരിട്ടാതാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി ബാങ്ക് ചൂണ്ടിക്കാണിച്ചത്. മൂന്ന് മാസത്തിനിടയില്‍ രണ്ടാം തവണയാണ് എഡിബി ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നത്. നേരത്തെ റേറ്റിങ് ഏജന്‍സിയായ ഫിച്ചും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7ല്‍ നിന്ന് 8.4 ശതമാനം ആയി കുറച്ചിരുന്നു. അതേസമയം ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളര്‍ച്ചയാണ് നേടിയത്.
🔳പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം നല്‍കി പ്രഭാസ് ചിത്രം 'രാധേ ശ്യാമി'ലെ പുതിയ ഗാനം എത്തി. 'സ്വപ്ന ദൂരമേ' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്.
🔳'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനും അര്‍ജുന്‍ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. അലക്സ് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗാനരചന സുഹൈല്‍ കോയ.
🔳രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഉടമകള്‍ക്കായി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്. ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില.
🔳അധ്യാത്മവിഷയകമായും ആധ്യാത്മികസ്പര്‍ശമുള്ളതായും ദാര്‍ശനികമായും വിശ്വാസാധിഷ്ഠിതമായുമുള്ള കൃതികളെ ചരിത്രക്രമത്തില്‍ അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തില്‍. നാട്ടുജീവിതത്തിന്റെ ആത്മാവിലുറന്ന നാടന്‍പാട്ടുകള്‍, കളിപ്പാട്ടുകള്‍, ആചാരാനുഷ്ഠാനസാഹിത്യം, ഇതിഹാസപുരാണാദികളുടെ നാട്ടുവൃത്തങ്ങള്‍, ധാര്‍മികസാഹിത്യം, മതവിഷയകമായ ഗ്രന്ഥങ്ങള്‍ തുടങ്ങി മിക്ക വാങ്മയമേഖലകളെയും ഇത് സ്പര്‍ശിക്കുന്നു. 'ആധ്യാത്മിക സാഹിത്യ ചരിത്രം'. ഡോ സി കെ ചന്ദ്രശേഖരന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 855 രൂപ.
🔳പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ എരിച്ചു കളയുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാല്‍, ക്രീം തുടങ്ങിയ ചേരുവകള്‍ ചേര്‍ക്കാത്ത കട്ടന്‍ കാപ്പി വേണം കുടിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് കട്ടന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. ദിവസേന രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ദ ജേണല്‍ ഓഫ് ന്യൂട്രീഷനി ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 76.16, പൗണ്ട് - 101.00, യൂറോ - 86.06, സ്വിസ് ഫ്രാങ്ക് - 82.44, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.61, ബഹറിന്‍ ദിനാര്‍ - 202.04, കുവൈത്ത് ദിനാര്‍ -251.03, ഒമാനി റിയാല്‍ - 197.82, സൗദി റിയാല്‍ - 20.30, യു.എ.ഇ ദിര്‍ഹം - 20.74, ഖത്തര്‍ റിയാല്‍ - 20.92, കനേഡിയന്‍ ഡോളര്‍ - 59.47.
Post a Comment