o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ



🔳രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653 ആയി. 21 സംസ്ഥാനങ്ങളില്‍ ആണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയില്‍ ആണുളളത്. തൊട്ടുപിന്നില്‍ ദില്ലിയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് മണിപ്പൂരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


🔳അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. അടുത്തയാഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റാന്‍ ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്.


🔳കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ നാടകീയ രംഗങ്ങള്‍. പാര്‍ട്ടി പതാക പൊട്ടി സോണിയ ഗാന്ധിയുടെ ദേഹത്തുവീണു. ഇതുകാരണം സോണിയ ഗാന്ധിക്ക് പതാക ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം.


🔳ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ കഴിയുന്നതോടെ കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും ആള്‍ക്കൂട്ട ആഘോഷങ്ങള്‍ക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വര്‍ഷം പിറക്കുന്നതോടെ കൊവിഡ് വ്യാപനം വലിയതോതില്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍.


🔳ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.


🔳പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെര്‍പ്പുളശ്ശേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘകാല ആസൂത്രണമുണ്ടായിരുന്നു. നേരത്തെ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതകത്തിന് കാരണമായി എന്ന് എസ്പി കൂട്ടിച്ചേര്‍ത്തു.


🔳തനിക്ക് വധ ഭീഷണി ഉണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങള്‍ . തനിക്ക് ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അങ്ങിനെയാണ് മരണമെങ്കില്‍ അങ്ങിനെ സംഭവിക്കും. താന്‍ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു എന്നും ജിഫ്രി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അതേ സമയം മത പണ്ഡിതര്‍ക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും  പി.എം.എ സലാം പ്രതികരിച്ചു.



🔳കേരളത്തിലെ മുസ്ലിം മത പണ്ഡിതരില്‍ പ്രധാനിയും സമസ്ത അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്ഐ. തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതര്‍ക്കും നേരെയും ആയുധമെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുസ്ലിം ലീഗ് ഇതിലൂടെ നല്‍കുന്നതെന്നു പറഞ്ഞ ഡിവൈഎഫ്ഐ ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഇകെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വര്‍ഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമര്‍ശനത്തില്‍ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു.


🔳ശശി തരൂര്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


🔳സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ പരിഹാസവുമായി കെ.മുരളീധരന്‍ എംപി. രാഷ്ട്രപതിക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെറെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.


🔳എട്ട് വയസുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ജയചന്ദ്രന്‍. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് തോന്നക്കല്‍ സ്വദേശിയായ ജയചന്ദ്രന്‍ പറഞ്ഞു. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രന്‍ കിട്ടുന്ന പണം എങ്ങിനെ ചെലവിടുമെന്ന് പറഞ്ഞത്.


🔳തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിപ്പോയെന്ന വാര്‍ത്ത ഉന്നയിച്ചാണ് മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം നടത്തിയത്. തിരുവനന്തപുരം മേയര്‍ക്ക് വിവരമില്ലെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് മുരളീധന്‍ പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.


🔳ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവര്‍ ആരുമില്ലെന്ന്  ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ ഇടപ്പെട്ട ഡല്‍ഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാള്‍ പയ്യന്നൂരില്‍ വന്ന് പാപപരിഹാര കര്‍മ്മം നടത്തി. ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിനോടൊപ്പം വാളുമായി നില്‍ക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.


🔳വാളയാര്‍ കേസില്‍ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സി പി എം. പൊലീസിന്റെ കണ്ടെത്തലുകള്‍ തന്നെയാണ് സി ബി ഐ യും ശരിവെച്ചതെന്ന് പാലക്കാട്  ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേസില്‍ സി പി എം  ആരെയും സംരക്ഷിച്ചില്ല. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സിപിഎം പ്രതികരണം.


🔳കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടലുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ്  യോഗം വിളിച്ചത്.


🔳കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ  ചികിത്സാചെലവ്   പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും  തീരുമാനമായിട്ടുണ്ട്. അക്രമത്തിനിരയായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ്  പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.


🔳പത്തനംതിട്ട സി പി എം ജില്ലാ സമ്മേളനത്തില്‍ കെ അനന്തഗോപന് പരോക്ഷ വിമര്‍ശനം. അനന്തഗോപന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പദവികളില്‍ ഇരിക്കുന്നവരെ നിയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. ഭൗതികവാദം പറയുന്നവര്‍ ശബരിമലയില്‍ പോയി കുമ്പിട്ടു നില്‍ക്കുന്നത് ശരിയല്ല. പ്രസിഡന്റ് ആകുന്നതിന് മുമ്പ് ക്ഷേത്രങ്ങളില്‍ പോകാത്തവര്‍ സ്ഥാനം കിട്ടി കഴിയുമ്പോള്‍ കുറിയും തൊട്ട് തൊഴുത് നില്‍ക്കുന്നത് എന്ത് സന്ദേശം ആണ് നല്‍കുന്നതെന്നും പ്രതിനിധികള്‍ ചോദിച്ചു.


🔳എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കാസര്‍കോട്ടെ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകന്‍ മുഹമ്മദ് ഇസ്മയില്‍, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍. ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റമഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറച്ച് കാലമായി സമരത്തിലാണ്. എന്നാല്‍ ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ മുഖം തിരിക്കുന്നുവെന്നാണ് സമരക്കാരുടെ പരാതി


🔳നടിയെ ആക്രമിച്ച കേസില്‍  വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടന്‍ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാന്‍ മാറ്റി.


🔳കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്.


🔳ഹിമാലയത്തില്‍ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതായി കണ്ടെത്തിയത്. കാലാവസ്ഥാവ്യതിയാനമാണ് മഞ്ഞുപാളികള്‍ ഇല്ലാതാകുന്നതിനുളള പ്രധാനകാരണം.  മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റര്‍ മുതല്‍ 1.38 മില്ലിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമായിട്ടുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് വേഗത കൂടിയിട്ടുണ്ടെന്നും അവ മുഴുവന്‍ രാജ്യങ്ങളിലും പ്രദേശങ്ങളിലും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം പറയുന്നു.


🔳ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം ഗാംഗുലിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊവിഡ്.


🔳ആഷസ് പരമ്പര ഓസ്‌ട്രേലിയ നിലനിര്‍ത്തി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3-0 ന് സ്വന്തമാക്കുകയായിരുന്നു.


🔳അടുത്തവര്‍ഷം നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 പട്ടണങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി മെട്രോ നഗരങ്ങള്‍ക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നൗ, പുനെ, ഗാന്ധിനഗര്‍ എന്നി നഗരങ്ങളിലാണ് സേവനം ലഭിക്കുക. തെക്കേന്ത്യയില്‍ നിന്ന് ചെന്നൈയും ഹൈദരാബാദുമാണ് പട്ടികയിലുള്ളത്. പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിഎ എന്നിവയാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക.


🔳സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,280 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4535 ആയി. കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. 36,360 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. തുടര്‍ന്നാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


🔳കൊവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി സ്‌പൈഡര്‍മാന്‍: നോ വേ ഹോം. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്സ് ഓഫ് സ്‌കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൈനീസ് സിനിമ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍)് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ(774 മില്യണ്‍ ഡോളര്‍) എന്നിവയാണ് കളക്ഷനില്‍ സ്പൈഡര്‍മാന് പിന്നില്‍. ഡിസംബര്‍ 16ന് റിലീസ് ചെയ്ത സ്പൈഡര്‍മാന്‍ നോ വേ ഹോം ഇന്ത്യയില്‍ നിന്ന് ഇതുവരെ 164 കോടി രൂപയാണ് നേടിയത്. അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് ചിത്രം കളക്ട് ചെയ്തത്.


🔳മിന്നല്‍ മുരളിയിലെ ഷിബുവിലൂടെ ശ്രദ്ധനേടിയ വില്ലനാണ് ഗുരു സോമസുന്ദരം. ഇപ്പോഴിതാ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും താന്‍ അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പരിചിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്. 2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്. 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.


🔳ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ വണ്‍-മോട്ടോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇലക്റ്റ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം സെഗ്മെന്റിലെത്തുന്ന സ്‌കൂട്ടറിന് 1,99,000 രൂപയാണ് എക്സ് ഷോറും വില. കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ എത്തിയ വണ്‍-മോട്ടോയുടെ മൂന്നാമത്തെ മോഡലാണ് ഇലക്റ്റ. മാറ്റ് ബ്ലാക്ക്, ഷൈനി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ എന്നിങ്ങനെ ആറുനിറങ്ങളില്‍ ഇലക്റ്റ ലഭ്യമാവും.


🔳സജീവങ്ങളായ കഥകള്‍. അസാധാരണമായ പ്രമേയങ്ങള്‍. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്‍ കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്. 'പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും'. വേദ സുനില്‍. ഗ്രീന്‍ ബുക്സ്. വില 95 രൂപ.


🔳അനാരോഗ്യകരമായ ഭക്ഷണ ശീലവും ചടഞ്ഞു കൂടിയുള്ള ഇരിപ്പും വ്യായാമമില്ലായ്മയും എല്ലാം പലരുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. മണിക്കൂറുകളോളം ഒരു സ്ഥലത്തു തന്നെയുള്ള ഇരിപ്പ് പലര്‍ക്കും ലോക്ഡൗണില്‍ കൈവന്ന ശീലമാണ്. ഈ ശീലം പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞു. തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും വിതരണം തടസ്സപ്പെടുന്ന അവസ്ഥയാണിത്. പകല്‍ എട്ടുമണിക്കൂറിലധികം ഒരേ സ്ഥലത്ത് വെറുതെ ചടഞ്ഞു കൂടിയിരിക്കുന്ന അറുപതു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക്, നാലു മണിക്കൂര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് ഇരിക്കുകയും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയും ചെയ്യുന്നവരെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത ഏഴിരട്ടി ആണെന്ന് 'സ്ട്രോക്ക്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ആഴ്ചയും മുതിര്‍ന്ന ഒരു വ്യക്തി കുറഞ്ഞത് 150 മിനിറ്റ് മിതവ്യായമവും 75 മിനിറ്റ് കഠിന വ്യായാമവും ചെയ്യണം എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. ഓട്ടം, നീന്തല്‍, തുഴയല്‍ തുടങ്ങിയവയെല്ലാം കഠിനവ്യായാമങ്ങളില്‍പെടും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കും. പക്ഷാഘാതത്തിലേക്കു നയിക്കുന്ന റിസ്‌ക് ഫാക്ടേഴ്സ് അഥവാ അപായ ഘടകങ്ങള്‍ ഉണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്താതിമര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, അലസമായ ജീവിത ശൈലി, ആട്രിയല്‍ ഫൈബ്രിലേഷന്‍, അനാരോഗ്യകരമായ ഭക്ഷണം, ഇന്‍ഫ്ലമേഷന്‍, ഉപാപചയ രോഗങ്ങള്‍ ഇവയെല്ലാം ആണ് 90 ശതമാനവും സ്ട്രോക്കിലേക്കു നയിക്കുന്ന കാരണങ്ങള്‍.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.80, പൗണ്ട് - 100.47, യൂറോ - 84.68, സ്വിസ് ഫ്രാങ്ക് - 81.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.14, ബഹറിന്‍ ദിനാര്‍ - 198.40, കുവൈത്ത് ദിനാര്‍ -247.09, ഒമാനി റിയാല്‍ - 194.47, സൗദി റിയാല്‍ - 19.91, യു.എ.ഇ ദിര്‍ഹം - 20.36, ഖത്തര്‍ റിയാല്‍ - 20.54, കനേഡിയന്‍ ഡോളര്‍ - 58.42.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post