o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ



🔳രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇതുവരെ 578 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ദില്ലിയിലാണ്. ദില്ലിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേര്‍ക്ക് ആണ്. ഒമിക്രോണ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയി.



🔳15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെ മേധാവിയായ ഡോ.ആര്‍.എസ്.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും വാക്‌സിനായി രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.


🔳പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ മോശമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.


🔳നാടിനാവശ്യമായ ഒരു പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. അതൊന്നും അനുവദിക്കില്ല എന്ന രീതിയില്‍ ചിലര്‍ നിലപാട് സ്വീകരിക്കുന്നതായി നാം കാണുന്നുണ്ട്. നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല' മുഖ്യമന്ത്രി പറഞ്ഞു.


🔳പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ബിജെപിയുടെ ബി ടീമാകാനാണെന്നും കുറ്റപ്പെടുത്തി. ബിജെപിയെ രാഷട്രീയമായി നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ ഉയര്‍ന്നുവരണമെന്നും കേരളത്തില്‍ ഇനി വികസനം നടക്കാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷമെന്നും പിണറായി പറഞ്ഞു. യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുവെന്നും ഓരോ ചെറിയ വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.


🔳വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം നല്ലതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് വേണം നടപ്പിലാക്കാനെന്നും ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മറുപടി ഉണ്ടായാല്‍ പദ്ധതിയെ ആരും എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും ലീഗില്ലാതായാല്‍ ആ ഇടം കീഴടക്കുക ആലപ്പുഴ മോഡല്‍ വര്‍ഗീയതയിലൂന്നിയ രാഷ്ട്രീയം പറയുന്നവരാകുമെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.  മതേതര നിലപാടില്‍ ഒത്തുതീര്‍പ്പ് നടത്താത്ത പാര്‍ട്ടിയാണ് ലീഗെന്നും  ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകള്‍ തോറും പ്രചാരണം നടത്താന്‍ തീരുമാനം. കെ റെയിലിനായി വീടുകളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ്  സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.


🔳എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഘര്‍ഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ സാജനെ വധിക്കാന്‍ ശ്രമിച്ചത് അമ്പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


🔳എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സില്‍ വിശദമായ പരിശോധനക്ക് സംസ്ഥാന സര്‍ക്കാര്‍ നീക്കം. കിറ്റക്സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. അതേ സമയം, ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തൊഴില്‍ വകുപ്പ് കിറ്റക്സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.


🔳ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികള്‍ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുന്നോട്ട് പോകാനുണ്ട്. ആര്‍എസ്എസ് നേതാക്കളുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍  കുറച്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


🔳സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന് പുറത്ത് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണം. ഇവിടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കര്‍ശന നിയന്ത്രണം. ലഹരി പാര്‍ട്ടി നടക്കാന്‍ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉള്‍പ്പെടെയാണ് ഡിജിപി  സര്‍ക്കുലര്‍ പുറത്തിറക്കിയത്.


🔳സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അറിയിച്ചു. മാര്‍ച്ച് 21 മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെയുള്ള തീയതികളിലും നടക്കും. എസ്എസ്എല്‍സി പ്രാക്ട്രിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയുള്ള തീയതികളിലും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുള്ള തീയതികളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.


🔳സംസ്ഥാനത്ത് ഗേള്‍സ്,ബോയ്സ് സ്‌കൂള്‍ മാറ്റാന്‍ പിടിഎ തീരുമാനം മതിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.  ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ബന്ധമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും മന്ത്രി പറഞ്ഞു.


🔳എറണാകുളം പോണേക്കരയില്‍ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജയിലില്‍ക്കഴിയുന്ന ജയാനന്ദന്‍ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്.


🔳ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്തുമസിന്റെ തലേനാള്‍ ബിവ്റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.


🔳പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങള്‍ വിനായകം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടന്‍ പാട്ടുകളും ആലപിച്ചിട്ടുണ്ട്.


🔳ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും കോണ്‍ഗ്രസ് ആറിടത്തും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.


🔳ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്നലെ നടന്ന 'ധരം സന്‍സദ്' എന്ന 'മതങ്ങളുടെ പാര്‍ലമെന്റില്‍' മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തതിന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഹിന്ദു മതനേതാവിനെതിരെ പൊലീസ് കേസെടുത്തു. സന്ത് കാളീചരണ്‍ മഹാരാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. കാളീചരണിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ മേയര്‍ പ്രമോദ് ദുബെ നല്‍കിയ പരാതിയിലാണ് പൊലീസ് കെസെടുത്തത്.  

  

🔳ഛത്തീസ്ഗഡ് - തെലങ്കാന അതിര്‍ത്തിയില്‍ നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് നക്സലുകളെ ഇതുവരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. തെലങ്കാന പൊലീസ് സേനയും ഛത്തീസ്ഗഡ് പൊലീസ് സിആര്‍പിഎഫും ചേര്‍ന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്. രണ്ട് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള കിസ്തറാം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍.


🔳മ്യാന്മാറിലെ ഏകാധിപത്യ സൈനീക ഭരണകൂടം കിഴക്കന്‍ മോസോ ഗ്രാമത്തിലെ ക്രിസ്മസ് രാവ് ആഘോഷങ്ങള്‍ക്കിടെ സ്ത്രീകളും കുട്ടികളുമടക്കം 30 ഓളം പേരെ വെടിവെച്ച് കൊന്ന് മൃതദേഹം തീയിട്ട് നശിപ്പിച്ചു. സൈന്യം ഗ്രാമവാസികളെ വളഞ്ഞ് വെച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്മാറിലെ സൈനീക അട്ടിമറിക്ക് ശേഷം സൈന്യം നടത്തിയ നരനായാട്ടില്‍ ഇതുവരെയായി 1375 പേര്‍ കൊല്ലപ്പെട്ടതായും  8,000 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും രാഷ്ട്രീയ തടവുകാരുടെ അസിസ്റ്റന്‍സ് അസോസിയേഷന്റെ കണക്കുകള്‍ കാണിക്കുന്നു.


🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ചെല്‍സി. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്.  പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വര്‍ഷം. സിറ്റി മൂന്നിനെതിരെ ആറ് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിന് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തു. ടോട്ടനമാകട്ടെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചത്.


🔳അടുത്ത വര്‍ഷത്തോടെ ലോക സമ്പദ്വ്യവസ്ഥ 100 ട്രില്യണ്‍ ഡോളര്‍ ശേഷി കൈവരിക്കുമെന്നു റിപ്പോര്‍ട്ട്. ഇതോടൊപ്പം ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സെബര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 ഓടെ ഫ്രാന്‍സിനെയും 2023ല്‍ ബ്രിട്ടനെയും പിന്തള്ളിയാകും ഇന്ത്യ സാമ്പത്തിക രംഗത്ത് ആറാം സ്ഥാനം കൈവരിക്കുക.  ലോകത്തെ ഒന്നാം നമ്പര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ചൈനക്ക് യു.എസിനെ പിന്നിലാക്കണമെങ്കില്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും. പണപ്പെരുപ്പം തന്നെയാകും വരും കാലങ്ങളില്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.


🔳മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പവന് 36,560 വരെ  എത്തിയ വില പിന്നീട് താഴുകയായിരുന്നു. 22ന് 36,120 വരെ താഴ്ന്ന വില പിറ്റേന്ന് വീണ്ടും ഉയര്‍ന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


🔳നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി. ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ആ ദിവസം മുതലെ ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക് എന്നിവയാണ് മിന്നല്‍ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്. നെറ്റ്ഫ്ലിക്സാണ് പട്ടിക പുറത്തുവിട്ടത്. സൂപ്പര്‍ഹിറ്റ് സീരീസുകളായ മണി ഹീസ്റ്റിനെയും സ്‌ക്വിഡ് ഗെയിമിനെയുമൊക്കെ പിന്തള്ളിയാണ് മിന്നല്‍ മുരളി പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


🔳മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ബറോസില്‍' നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഷാജി കൈലാസ് ചിത്രം 'കടുവ'യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് 'ബറോസില്‍' നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചത്.


🔳ഹോണ്ട ഇന്ത്യയുടെ വാഹന നിരയിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലുമാണ് അമേസ്. 2013 ഏപ്രില്‍ മാസത്തിലാണ് ഈ വാഹനം ആദ്യമായി വിപണിയില്‍ എത്തിയത്. ഇതിനോടകം 4.6 ലക്ഷം യൂണിറ്റാണ്‌േേ അമസിന്റെ ആദ്യ തലമുറ മോഡലിനും നിലവിലെ മോഡലിനുമായി ലഭിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തിയ ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 8.66 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് വില.


🔳നാത്സികളുടെ പീഡനത്തിനിരയായി തടങ്കല്‍പാളയത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ആന്‍ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ,. താലിബാന്‍ ഭീകരര്‍ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കില്‍ മലാല സ്വാത്തില്‍ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കില്‍ ഗ്രേറ്റ ട്യൂന്‍ബെര്‍ഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേള്‍ക്കൂ. 'ആന്‍ മുതല്‍ ഗ്രേറ്റ വരെ'. ബിജീഷ് ബാലകൃഷ്ണന്‍. മനോരമ ബുക്സ്. വില 142 രൂപ.


🔳2019ല്‍ ചൈനയിലെ വുഹാനില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ നിരവധി മാറ്റങ്ങള്‍ക്ക് കൊറോണ വൈറസ് വിധേയമായിട്ടുണ്ട്. കൊറോണ വൈറസിന്  നിരവധി വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെങ്കിലും ആശങ്ക പരത്തുന്ന അവസാന വകഭേദമായേക്കാം ഒമിക്രോണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.  ഒരു വൈറസിനും അനിശ്ചിത കാലത്തേക്ക് അതിന്റെ ശേഷികള്‍ മെച്ചപ്പെടുത്താനാകില്ലെന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച് അവ മഹാമാരിയെന്ന നിലവിട്ട് സാധാരണ പകര്‍ച്ചവ്യാധിയായി മാറുമെന്നും കേംബ്രിജ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ഗവേഷകന്‍ ബെന്‍ കൃഷ്ണ ദ കണ്‍വേര്‍ഷനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഒമിക്രോണ്‍ മൂലമുള്ള രോഗതീവ്രതയും മരണങ്ങളും ഇതു വരെ വളരെ കുറവാണെന്നതും ശുഭകരമായ സൂചനയാണ്. മനുഷ്യര്‍ക്കുണ്ടായ മുന്‍ അണുബാധകളും വാക്സീനുകള്‍ നല്‍കുന്ന പ്രതിരോധ ശേഷിയുമെല്ലാം ചേര്‍ന്ന് കോവിഡിന്റെ തീവ്രത ഇനിയുള്ള ഓരോ വകഭേദത്തിലും കുറഞ്ഞു വരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. കൊറോണ വൈറസ് ദ്രുത പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ എല്ലാ വര്‍ഷവും കോവിഡ് അണുബാധകള്‍ മനുഷ്യരില്‍ ഉണ്ടായേക്കാം. പക്ഷേ, അത് ഫ്ളൂ പോലെ ചില പ്രദേശങ്ങളില്‍  മാത്രം വ്യാപിക്കുന്ന പകര്‍ച്ചവ്യാധി പോലെയായി മാറിയേക്കാം. ഓരോ വര്‍ഷവും രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യത്യസ്തമാകുമെങ്കിലും മാരകമാവില്ലെന്ന് ചുരുക്കം.  ആശുപത്രി വാസമോ മരണങ്ങളോ ഉണ്ടാക്കാത്ത നിസ്സാര വൈറല്‍ ബാധയായി കോവിഡ് മനുഷ്യര്‍ക്കൊപ്പം വാസം തുടരാനുള്ള സാധ്യതയിലേക്കാണ് ശാസ്ത്രലോകം  വിരല്‍ ചൂണ്ടുന്നത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.04, പൗണ്ട് - 100.57, യൂറോ - 84.93, സ്വിസ് ഫ്രാങ്ക് - 81.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.18, ബഹറിന്‍ ദിനാര്‍ - 198.89, കുവൈത്ത് ദിനാര്‍ -247.74, ഒമാനി റിയാല്‍ - 194.80, സൗദി റിയാല്‍ - 19.97, യു.എ.ഇ ദിര്‍ഹം - 20.42, ഖത്തര്‍ റിയാല്‍ - 20.60, കനേഡിയന്‍ ഡോളര്‍ - 58.50.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post