o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

സായാഹ്‌ന വാർത്തകൾ



🔳രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം മുന്നൂറ് കടന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 358 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. വൈറസിന്റെ വ്യാപനം കൂടിയതോടെ ദില്ലിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂവും ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി.


🔳ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് സമയം വര്‍ധിപ്പിക്കാനുള്ള നീക്കമെന്നാണ് വിവരം.


🔳കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഔപചാരികമായ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്ക് മാത്രമല്ല പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.


🔳പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേല്‍ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.


🔳സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളി താല്പര്യം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.


🔳എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരും എന്ന് ബിഷപ് ആന്റണി കരിയില്‍ . ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ് കത്ത് അയച്ചു. പുതുക്കിയ കുര്‍ബാന നടത്താനുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ആകില്ല. തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോന്‍ നിയമപ്രകാരം ഉള്ള ഇളവ് നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തന്നെ തുടരും എന്നും കത്തില്‍ ബിഷപ് പറയുന്നു. ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടത്തണം എന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ ആണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.


🔳ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കള്ളായിയിലെ ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു ഇവര്‍. സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.


🔳ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസ്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.  ഇതിനൊപ്പം വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. 



🔳പോത്തന്‍കോട് അച്ഛനും മകള്‍ക്കും നേരെ ഉണ്ടായ ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമെന്ന് മന്ത്രി ജി ആര്‍ അനില്‍. പൊലീസ് കൂടുതല്‍ ജാഗ്രതയോടെ നീങ്ങണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.


🔳കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലിസ് നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ ഭീതിയോടെയാണ് ജനം കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍.


🔳പയ്യന്നൂരില്‍ വ്യാപാരിക്കെതിരെ എസ്‌ഐയുടെ മകള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു എസ്‌ഐ, 16കാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാള്‍ക്കെതിരെ പോക്‌സോ പരാതി നല്‍കിച്ചത്. സംഭവത്തില്‍  എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിഐജി സേതുരാമന്‍ കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഡിഐജി പറഞ്ഞു.


🔳മഴ മാത്രമല്ല കേരളത്തില്‍ തീവ്ര വരള്‍ച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം നടത്തണം. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍. ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്സി മാത്യു കോള്‍ പറഞ്ഞു.


🔳തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജിനെതിരെ നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍. ലൂക്കിനെ അറസ്റ്റിനെ ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഉന്നതതലത്തില്‍ അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തായതായി റിപ്പോര്‍ട്ടുകള്‍. എട്ട് കോടി രൂപയുടെ മദ്യം കടത്തിയ കേസില്‍ പ്രധാന പ്രതിയാണ് ലൂക്ക്. പല തവണ സമന്‍സ് നല്‍കിയിട്ടും അദ്ദേഹം ഹാജരായില്ല. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. കസ്റ്റംസ് സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത ഉദ്യോഗസ്ഥന്‍ ഇപ്പോഴും തിരുവനന്തപുരത്തെ ജി.എസ്.ടി. വിഭാഗത്തില്‍ സുപ്രണ്ടായി കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


🔳കാണ്‍പൂരില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പിയൂഷ് ജെയിന്‍ എന്ന വ്യാപാരിയില്‍ നിന്നാണ് പണം കണ്ടത്തിയത്. ഇയാളുടെ കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നിന്നും കാണ്‍പൂരിലെ വസതിയില്‍ നിന്നുമാണ് പണം പിടികൂടിയത്. വീട്ടില്‍ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളില്‍ നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.


🔳പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച് വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജന്‍സികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി പറഞ്ഞു. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു. സംഭവസ്ഥലം കേന്ദ്രമന്ത്രിമാരുടെ സംഘം ഇന്ന് സന്ദര്‍ശിക്കും. 


🔳ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ മാറ്റി വച്ചു കൂടെ എന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കമ്മീഷന്‍ തിങ്കളാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. അടുത്തയാഴ്ച ഉത്തര്‍പ്രദേശിലേക്ക് പോകുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കും എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചിട്ടുണ്ട്.


🔳രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തുന്നത്. ചൈനീസ് മൊബൈല്‍ കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതേസമയം നികുതി വെട്ടിപ്പിന് തെളിവാകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.


🔳ഈ വര്‍ഷം ഇതുവരെ 63 കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) വിപണിയുടെ ഭാഗമായത്. ഐപിഒകളിലൂടെ ഏറ്റവും അധികം തുക സമാഹരിച്ച വര്‍ഷമാണ് 2021. ആകെ 1119,882 കോടി രൂപയാണ് കമ്പനികള്‍ ഐപിഒ നടത്തി നേടിയത്. 2017ല്‍ 68,827 കോടി രൂപ സമാഹരിച്ച ഇന്ത്യന്‍ ഐപിഒയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ആണ് 2021 മറികടന്നത്. 2017നെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ വര്‍ധവനാണ് ഈ വര്‍ഷം ഉണ്ടായത്. 1,884 കോടിയായിരുന്നു ഈ വര്‍ഷത്തെ ശരാശരി ഐപിഒ തുക. പേടിഎമ്മിന്റെ ഉടമകളായ വണ്‍97 ആണ് ഏറ്റവും വലിയ ഐപിഒ നടത്തിയത്. പേടിഎമ്മിന്റെ 18,300 കോടിയുടെ ഐപിഒ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയായിരുന്നു.


🔳ജൂണ്‍ 30 വരെ രാജ്യത്ത് ടോക്കണൈസേഷന്‍ സംവിധാനം നടപ്പാക്കില്ല. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാനം നടപ്പാക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ആറു മാസം കൂടെ ആര്‍ബിഐ ഇതിനായി കാലാവധി നീട്ടി നല്‍കുകയായിരുന്നു. വ്യാപാരികള്‍ ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പ്രത്യേക കോഡ് മാത്രം ശേഖരിക്കുന്ന സംവിധാനം നടപ്പാക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ കുറച്ചേക്കാം എന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പ്രതികരണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലാവധി 2022 ജൂണ്‍ 30 വരെ നീട്ടിയത്.


🔳'സല്യൂട്ട്' ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് ആണ് തിയേറ്ററുകളില്‍ എത്തുക. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.


🔳ജയസൂര്യയും  മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന 'മേരി ആവാസ് സുനോ'യിലെ മറ്റൊരു ഗംഭീര ഗാനം കൂടി പുറത്തുവന്നു. 'ഈറന്‍നിലാ' എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയില്‍ ഹിറ്റായിക്കഴിഞ്ഞു. എം ജയചന്ദ്രന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേത് വരികള്‍.  പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്  'മേരി ആവാസ് സുനോ'. 'മേരി ആവാസ് സുനോ'യില്‍ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഡോക്ടറായിട്ടാണ്. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്നു.


🔳ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ തങ്ങളുടെ മോട്ടോര്‍സൈക്കിളിന്റെ വില കൂട്ടാന്‍ തയ്യാറെടുക്കുന്നു. 2022 ജനുവരി ഒന്നു മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കവാസാക്കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിലവിലെ വിലയില്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ വാങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം സമയവും കമ്പനി നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 1 മുതല്‍ കവാസാക്കി അതിന്റെ മിക്ക മോഡലുകളുടെയും വില ഉയര്‍ത്തിയിരുന്നു. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ വില വര്‍ദ്ധന.


🔳മമ്മൂട്ടി എന്ന അതുല്യനടനെക്കുറിച്ചൊരു പുസ്തകം. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ മുതല്‍ കേരളവര്‍മ്മ പഴശ്ശിരാജാ വരെ എം. ടി. വാസുദേവന്‍ നായര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന പതിമൂന്നു സിനിമകളെക്കുറിച്ചുള്ള പ്രത്യേക ആസ്വാദനപഠനങ്ങളും. 'മഹാനടന്‍'. ബിപിന്‍ ചന്ദ്രന്‍. മാതൃഭൂമി. വില 180 രൂപ.


🔳കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും നാം ചിലവിടുന്ന സമയം കൂടി. ഈ സാഹചര്യത്തില്‍ കണ്ണുകളെ ബാധിക്കുന്ന 'ഡ്രൈ ഐ' രോഗം കൂടിയതായാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ 'ഡ്രൈ ഐ' ബാധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഏതാണ്ട് 30-40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് കൊവിഡുമായി പരോക്ഷമായി ബന്ധപ്പെട്ട് വരുന്നു. തുടര്‍ച്ചയായി ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ എണ്ണം 66 ശതമാനമെങ്കിലും കുറയുമത്രേ. ഇതാണ് ക്രമേണ 'ഡ്രൈ ഐ'യിലേക്ക് നയിക്കുന്നത്.  കണ്ണില്‍ വേദന, നീറ്റല്‍, എരിച്ചില്‍, തളര്‍ച്ച, കാഴ്ച മങ്ങല്‍, കരട് വീണതുപോലുള്ള അനുഭവം, കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത, സ്‌ക്രീനിലേക്ക് അധികസമയം നോക്കാന്‍ കഴിയാതെ വരിക എന്നിങ്ങനെ പല വിഷമതകളും 'ഡ്രൈ ഐ'യില്‍ നേരിടാം. കണ്ണിലെ പേശികളില്‍ വരുന്ന സമ്മര്‍ദ്ദം മൂലം കണ്ണ് വേദനയ്‌ക്കൊപ്പം തലവേദനയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. 'ഡ്രൈ ഐ' സാധ്യത ഒഴിവാക്കാന്‍ നിര്‍ബന്ധമായും സ്‌ക്രീന്‍ സമയം കുറയ്ക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഘടനയും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. നല്ലത് പോലെ വെള്ളം കുടിക്കുകയും കണ്ണിന് ആരോഗ്യം പകരുന്ന ഡയറ്റ് പിന്തുടരുകയും ചെയ്യുന്നതും നല്ലത് തന്നെ. സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറച്ച് ഉപയോഗിക്കുന്നതും എപ്പോഴും നല്ലതാണ്. ഇത് കണ്ണിന് അമിത സമ്മര്‍ദ്ദം നല്‍കാതെ കാക്കും.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.14, പൗണ്ട് - 100.75, യൂറോ - 85.15, സ്വിസ് ഫ്രാങ്ക് - 81.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.37, ബഹറിന്‍ ദിനാര്‍ - 199.28, കുവൈത്ത് ദിനാര്‍ -248.33, ഒമാനി റിയാല്‍ - 195.15, സൗദി റിയാല്‍ - 20.01, യു.എ.ഇ ദിര്‍ഹം - 20.46, ഖത്തര്‍ റിയാല്‍ - 20.63, കനേഡിയന്‍ ഡോളര്‍ - 58.57.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post