സായാഹ്‌ന വാർത്തകൾ
🔳കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തില്‍ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കര്‍ഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തില്‍ ഭാരത് ബന്ദ് ഹര്‍ത്താലായി പരിണമിച്ചപ്പോള്‍, കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ തുടര്‍ന്ന് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
🔳കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ സ്തംഭിച്ച് രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ പ്രധാനപ്പെട്ട അതിര്‍ത്തികളിലെല്ലാം കര്‍ഷകര്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഇന്ന് രാവിലെ മുതല്‍ വലിയ ഗതാഗത തടസമുണ്ടായി. ദേശീയപാതയില്‍ ഒന്നര കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഡല്‍ഹിയിലെ പല റോഡുകളിലും സമാനമായ സാഹചര്യമാണ്.
🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍, അത്രയും കാലം സമരം തുടരുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത്. സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് വീണ്ടും ആവശ്യപ്പെട്ടു.
🔳എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഇതോടെ ചികിത്സാ രംഗത്ത് പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
🔳രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. സിറോ സര്‍വ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ നിര്‍ദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകള്‍ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നില്‍ക്കുമ്പോഴാണ് നിര്‍ദ്ദേശം വരുന്നത്. ദില്ലിയില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെ സ്‌കൂളുകള്‍ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. പല സംസ്ഥാനങ്ങളിലും മുതിര്‍ന്നവരെ പോലെ കുട്ടികളിലും കൊവിഡ് വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
🔳കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് ധനസഹായം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവ് പിന്‍വലിക്കുന്നത് വരെയുള്ള മരണങ്ങള്‍ക്ക് ധനസഹായം ബാധകമാണ്.
🔳രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറില്‍ 38,18,362 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 86,01,59,011 ആയി.
🔳പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ബിഷപ്പിനെ വിമര്‍ശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനു എല്ലാവരും ശ്രമിക്കണം . വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന സൃഷ്ടിക്കാം. സഭകളുടെ വേദന അറിയാന്‍ എല്ലാവരും ശ്രമിക്കണം. ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേയെന്നും പി എസ് ശ്രീധരന്‍ പിള്ള ചോദിച്ചു.
🔳രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജി വച്ച വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നാണ് സുധീരന്റെ പരാതി. സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജി വച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജികത്തില്‍ പറയുന്നു.
🔳കെപിസിസിക്ക് എതിരെ കടുത്ത പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും. കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയില്‍ പെരുമാറുന്നുവെന്നാണ് പരാതി. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തു. എല്ലാവരേയും ഒപ്പം നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ താരിഖ് അന്‍വറിനോട് പറഞ്ഞു.
🔳മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്കെതിരെ ഗുരുതരാരോപണം. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്റെ കലൂരുളള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. പുരാവസ്തുവില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെ കോടതി നേരത്തെ റിമാന്‍സ് ചെയ്തിരുന്നു. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോന്‍സന്‍ മാവുങ്കല്‍ യുഎഇ രാജകുടുംബാംഗങ്ങള്‍ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നത്.
🔳മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണെന്നും ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അതേസമയം ഡോക്ടര്‍ മോന്‍സണുമായി ബന്ധമുണ്ടെന്നും അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ടെന്നും കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കാണാന്‍ പോയി എന്നതിനപ്പുറത്ത് ഈ പറയുന്ന കക്ഷിയുമായി യാതൊരു ബന്ധവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
🔳ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബല്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര വീണ്ടും രംഗത്ത്. തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി സുരേന്ദ്രന്‍ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര, തനിക്ക് മദ്യഷോപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും വെളിപ്പെടുത്തി. തനിക്ക് വേണ്ടി ചെലവിട്ട തുകയില്‍ 47 ലക്ഷം രൂപ പ്രാദേശിക ബി.ജെ.പി നേതാക്കന്മാര്‍ തട്ടിയെടുത്തെന്നും സുന്ദര പറഞ്ഞു.
🔳ഗുലാബ് ചുഴലിക്കാറ്റില്‍ മരണം മൂന്നായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കൊങ്കണ്‍ മേഖലയിലും ശക്തമായ മഴയുണ്ട്. ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ടട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ,കണ്ണൂര്‍ ജില്ലകളില്‍ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവും ഉണ്ട്.
🔳സിപിഐ വിട്ട് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടയിലും പ്രതീക്ഷ കൈവിടാതെ സിപിഐ ദേശീയ നേതൃത്വം. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സിപിഐ വൃത്തങ്ങള്‍ പറയുന്നു. എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കുമെന്നും കനയ്യ ഇതു വരെ പാര്‍ട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സിപിഐ നേതൃത്വം പറയുന്നു.
🔳കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് അനുഭവിച്ചെന്നും അതിന് അറുതിവരുത്താന്‍ ഒരുങ്ങുകയാണെന്നും ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലുസീഞ്ഞോ ഫലേറോ. ഗോവയ്ക്ക് ആവശ്യം മമത ബാനര്‍ജിയെപ്പോലൊരു നേതാവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുസീഞ്ഞോ ഫലേറോ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
🔳ഇ-കോമേഴ്‌സ് വമ്പന്മാരായ ആസമോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് ബന്ധമുള്ള പാഞ്ചജന്യ മാസിക. സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ആമസോണ്‍ കോടിക്കണക്കിന് രൂപ കൈക്കൂലിയായി നല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു.
🔳അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ ബാര്‍ബര്‍മാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി താലിബാന്‍. ഇതു പ്രകാരം താടി ഷേവ് ചെയ്യുന്നതും താടിരോമങ്ങള്‍ മുറിച്ചുമാറ്റുന്നതും നിരോധിച്ചിരിക്കുകയാണ്. അത് ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം ലംഘിക്കുന്നുവെന്നാണ് താലിബാന്‍ ഇതിന് കാരണമായി പറയുന്നത്. ആരെങ്കിലും ഇത് ലംഘിച്ച് താടിവെട്ടിക്കൊടുക്കുകയോ ഷേവ് ചെയ്ത് കൊടുക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷാനടപടികള്‍ തന്നെ ഉണ്ടാകുമെന്നും താലിബാന്‍ നയം വ്യക്തമാക്കുന്നു.
🔳ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായക പോരാട്ടം. വൈകിട്ട് 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് മത്സരം. നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം റോയല്‍സിന് അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാത്തെത്താം.
🔳രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവര്‍ഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
🔳മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. 120 രൂപ ഉയര്‍ന്ന് 34,680 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പതിനഞ്ചു രൂപ കൂടി 4335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച മുതല്‍ 34,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവ്യാപാരം. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്.
🔳ഒക്ടോബര്‍ 22ന് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതോടെ ഒരേ ദിവസം രണ്ട് വന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താനും ഒരുങ്ങുന്നു. ഓം റാവത്തിന്റെ സംവിധാനത്തില്‍ പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്', അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന 'രക്ഷാബന്ധന്‍' എന്നിവയാണ് ഒരേദിവസം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന 'ആദിപുരുഷി'ല്‍ പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം. ആനന്ദ് എല്‍ റായ് ആണ് 'രക്ഷാബന്ധന്റെ' സംവിധാനം. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
🔳തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് എത്തിയ 'തലൈവി'ക്ക് ഒടിടി റിലീസ്. നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം ഒക്ടോബര്‍ 10 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയും കാണാം. എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന് ്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.
🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റിയുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് ബൈക്കായ മോണ്‍സ്റ്റര്‍, മോണ്‍സ്റ്റര്‍ പ്ലസ് മോഡലുകള്‍ പുറത്തിറക്കി. മോണ്‍സ്റ്റര്‍ 10.99 ലക്ഷം രൂപയ്ക്കും മോണ്‍സ്റ്റര്‍ പ്ലസ് 11.24 ലക്ഷം രൂപയ്ക്കും ലഭ്യമാകും. സ്പോര്‍ട്ട്, അര്‍ബന്‍, ടൂറിങ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് മോണ്‍സ്റ്ററിനുള്ളത്. ഭാരക്കുറവാണ് പുതിയ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷത. പഴയ മോണ്‍സ്റ്ററിനെക്കാള്‍ 18 കിലോ കുറവാണ് പുതിയ മോഡലിന്. ഡുകാറ്റി റെഡ്, ഡാര്‍ക് സ്റ്റെല്‍ത്, ഏവിയേറ്റര്‍ ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും. ഒരു ലക്ഷം രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം.
🔳'യെനാനേ... എടാ... കുഞ്ഞുമിടുക്കാ...' യെനാന്‍ തലചെരിച്ചു നോക്കി. ആരോ വിളിച്ചല്ലോ. അത് അപ്പൂപ്പനോ അമ്മൂമ്മയോ അല്ല. ഭൂമിയുടെ പോക്കറ്റുപോലെ ഭിത്തിയില്‍ പതിഞ്ഞുകിടക്കുന്ന അലമാരയാണത്. പേടിച്ചുപോയോ എന്ന് അത് അവനോട് ചോദിച്ചു. അവന്‍ അദ്ഭുതത്തോടെ നോക്കി. സംസാരിക്കുന്ന അലമാര. അത് സ്വന്തം കഥ പറയുകയാണ്. അലമാരഗ്രാമത്തിലെ അലമാരകള്‍.. ഇത് ഉത്സാഹത്തോടെ നിരന്തരം സംശയങ്ങള്‍ ചോദിക്കുന്ന ബാലനായ യെനാന്റെ കഥയാണ്. 'ഭൂമിയുടെ അലമാര'. വി.എച്ച്. നിഷാദ്. മാതൃഭൂമി. വില 120 രൂപ.
🔳കൊവിഡ് ബാധിതരില്‍ പലരിലും കേള്‍വി പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, എന്‍ഐഎച്ച്ആര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ കൊവിഡ് 19 ചിലരില്‍ കേള്‍വിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പിച്ചുപറയുന്നു. കേള്‍വിപ്രശ്‌നങ്ങള്‍ക്ക് പുറമെ 'ബാലന്‍സ്' പ്രശ്‌നവും കൊവിഡ് സൃഷ്ടിക്കുന്നതായി ഇവര്‍ പറയുന്നു. സാധാരണഗതിയില്‍ ഏതാണ്ട് പതിനേഴ് ശതമാനത്തോളം മുതിര്‍ന്നവരിലും കാണപ്പെടുന്ന, കേള്‍വി പ്രശ്‌നമാണ് ടൈനിറ്റസ്. കൊവിഡ് 19 സൃഷ്ടിക്കുന്ന പ്രധാന കേള്‍വി പ്രശ്‌നവും ഇതുതന്നെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാവിഡ് മുക്തിക്ക് ശേഷം മാസങ്ങളോളം ഇത് നീണ്ടുനില്‍ക്കാം. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കേള്‍വി നഷ്ടപ്പെടുന്നതിലേക്കും ഇത് വഴിയൊരുക്കാം. കൊവിഡ് മൂലമുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളും ഇതിനെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. കേള്‍വിപ്രശ്‌നങ്ങള്‍ക്കൊപ്പം തലകറക്കവും ഇതോടനുബന്ധമായി അനുഭവപ്പെടാമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 'ബാലന്‍സ്' നഷ്ടപ്പെടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നതത്രേ.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.68, പൗണ്ട് - 101.85, യൂറോ - 86.18, സ്വിസ് ഫ്രാങ്ക് - 79.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.54, ബഹറിന്‍ ദിനാര്‍ - 195.48, കുവൈത്ത് ദിനാര്‍ -244.60, ഒമാനി റിയാല്‍ - 191.38, സൗദി റിയാല്‍ - 19.65, യു.എ.ഇ ദിര്‍ഹം - 20.06, ഖത്തര്‍ റിയാല്‍ - 20.24, കനേഡിയന്‍ ഡോളര്‍ - 58.29.
Post a Comment