മയ്യഴിക്കാരുടെ കീശ കാലിയായി പൊതുഗതാഗതം 'കട്ടപ്പുറത്ത്' തന്നെ
മയ്യഴി : മയ്യഴിയിൽ കൊവിഡ് തുടങ്ങിയത് മുതൽ മയ്യഴിക്കാർക്ക് ബസ് യാത്ര നിലച്ചതാണ്. സർക്കാർ ബസുകളും, സഹകരണ സൊസൈറ്റി ബസുകളും മാത്രം സർവീസ് നടത്തിയിരുന്ന ഉൾനാടൻ റോഡുകളിൽ ജനങ്ങൾ രണ്ടര വർഷമായി ഇതര വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി. മൂലക്കടവിൽ നിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ച് മാഹി റെയിൽവേ സ്റ്റേഷനിലെത്താൻ പത്ത് രൂപ ബസിന് നൽകിയേടത്ത്, ഓട്ടോറിക്ഷക്ക് ഇരുന്നൂറ് രൂപ നൽകിയാണ് യാത്ര ചെയ്യേണ്ടത്.വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ യാത്രാപ്രശ്നം അതിരൂക്ഷമാകും. എട്ട് ബസുകളും കട്ടപ്പുറത്ത് തുരുമ്പെടുക്കുകയാണ്. മയ്യഴിയിൽ നിന്ന് നിത്യേന പുതുച്ചേരിക്ക് സർവീസ് നടത്തിയിരുന്ന പി.ആർ.ടി.സി ദീർഘദൂര ബസുകളുടെയും ഓട്ടം നിർത്തിയിരിക്കുകയാണ്. ലാഭകരമായി നടത്തിവന്ന ഈ സർവീസുകൾ പുതുച്ചേരിയിലും മാഹിയിലും പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്കും, ജോലി ചെയ്യുന്നവർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വലിയ അനുഗ്രഹം തന്നെയായിരുന്നു.
മയ്യഴി നഗരത്തെ ചാലക്കര, പള്ളൂർ, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡിൽ പൊതുഗതാഗതം പുനഃസ്ഥാപിക്കാൻ കൊവിഡ് നിയന്ത്രണ ഇളവുകൾക്കിടയിലും യാതൊരു നടപടിയുമില്ല.ഗതാഗതം മുടക്കി പാലം പണിതലശ്ശേരി -മാഹി ബൈപ്പാസ് റോഡിന് അടിപ്പാലം പണിയാൻ പള്ളൂർ വി.എൻ.പി ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിന് സമീപം വച്ച് റോഡ് മുറിച്ച് പാലം പണി തുടങ്ങിയിട്ട് രണ്ടര വർഷമായി. യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കുമെന്ന്അന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ പാലം പണി ഒച്ചിന്റെ വേഗതയിലാണ്. റോഡ് മുറിച്ചതോടെ ഇതുവഴി പോയിരുന്ന ഭാരവാഹനങ്ങളുൾപ്പെടെ, നൂറ് കണക്കിന് വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവളച്ചാണ് ഓടുന്നത്.
ഗതാഗതം നിലച്ചതോടെ അപ്പുറവും ഇപ്പുറവുമുള്ള ഇടവഴി റോഡുകളിലൂടെയാണ് ചെറുകിട വാഹനങ്ങൾ കടന്നു പോകുന്നത് .ഇവയാകട്ടെ, കുണ്ടും കുഴിയും ചെളിക്കുളവുമായി മാറിയിരിക്കുകയുമാണ്. പോരാത്തതിന് ഒട്ടേറെ വളവ് തിരിവുകളുള്ള റോഡിന്റെ ഇരുവശവും കാടുപിടിച്ച് കിടക്കുകയുമാണ്. ഒറ്റ വാഹനത്തിന് മാത്രം കടന്ന് പോകാൻ കഴിയുന്ന ഈ റോഡുകളിൽ എതിർവശത്തു നിന്നും വാഹനങ്ങൾ വന്നാൽ ഒഴിയാക്കുരുക്കിൽ കുടുങ്ങിയത് തന്നെ. വടകര, കോഴിക്കോട് ഭാഗത്തു നിന്നും മലബാർ കാൻസർ സെന്ററിലേക്കും മറ്റും വരുന്ന വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിവളച്ച് പോകേണ്ട അവസ്ഥയാണ്.തലശ്ശേരി -മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള സർവീസ് റോഡ്, ഓവുചാലുകൾ എന്നിവയ്ക്കായി 22 ഓളം സ്ഥലമുടമകളിൽ നിന്നും ഭൂമി അക്വയർ ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ഒരു വർഷമായെങ്കിലും തുടർ നടപടികളായിട്ടില്ല. ഡി വൺ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. സ്ഥലത്തിന് പരമാവധി മാർക്കറ്റ് വില കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്ഥലമുടമകൾ. അതുകൊണ്ടു തന്നെ റോഡ് നിർമ്മാണ പ്രവർത്തനവും മന്ദഗതിയിലായി.
Post a Comment