🔳കടുത്ത പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ആശ്വാസമായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികോം പാക്കേജിന് അംഗീകാരം നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ ടെലികോം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതു വരെ 49 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. വാഹനനിര്‍മ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും അശ്വിനി വൈഷ്ണവും ചേര്‍ന്നാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചത്.
🔳ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. ഇവരെക്കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാലയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
🔳ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 30,346 കോവിഡ് രോഗികളില്‍ 58.26 ശതമാനമായ 17,681 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 432 മരണങ്ങളില്‍ 48.14 ശതമാനമായ 208 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,36,007 സജീവരോഗികളില്‍ 56.78 ശതമാനമായ 1,90,790 രോഗികളും കേരളത്തിലാണുള്ളത്.
🔳സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനമായ 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനമായ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും നല്‍കാനായി.
🔳നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസഡറും മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ ഡല്‍ഹിയില്‍ ഉന്നതപദവിയില്‍ നിയമിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പദവിയിലാണ് നിയമനം.
🔳നാര്‍ക്കോട്ടിക്ക് എന്ന വാക്ക് കേള്‍ക്കാത്തതല്ലെന്നും ഇത്തരം മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
🔳മത സൗഹാര്‍ദ്ദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കരുതെന്ന ആഹ്വാനവുമായി താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സിഎസ്ഐ ബിഷപ്പിന്റെ സംയുക്ത വാര്‍ത്താസമ്മേളനം. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്നാണ് സിഎസ്ഐ ബിഷപ്പ് മലയില്‍ കോശി ചെറിയാന്റെ സംയുക്ത വാര്‍ത്താസമ്മേളനം. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് സംയുക്ത വാര്‍ത്താസമ്മേളനം എന്നാണ് സഭയുടെ നിലപാട്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരുമുണ്ടാകുമെന്നും മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണമെന്നും ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും മതനേതാക്കള്‍ വ്യക്തമാക്കി.
🔳നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും ബിജെപിക്ക് ഊര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പില്‍ നിന്നുണ്ടായതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു.
മതമേലദ്ധ്യക്ഷന്‍മാര്‍ വിഭജനത്തിന്റെ സന്ദേശമല്ല നല്‍കേണ്ടതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മതമേലദ്ധ്യക്ഷന്‍മാര്‍ സ്മരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും തയ്യാറാവണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.
🔳കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. പുനസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.
🔳കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. കൊല്ലത്ത് നിന്നുള്ള രതികുമാര്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.
🔳കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് വിട്ട് ആളുകള്‍ പോവുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാമതിയെന്ന് പിണറായി പ്രതികരിച്ചു. കോണ്‍ഗ്രസ് തകരുന്ന കൂടാരമാണ്. ചിന്തിക്കുന്ന പലരും ആ തകര്‍ച്ചയില്‍ കൂടെ നില്‍ക്കേണ്ട എന്ന് കരുതിക്കാണുമെന്നും അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ എത്തിച്ചതെന്നും പിണറായി പറഞ്ഞു.
🔳കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി.പി.എമ്മില്‍ ചേരുന്നതിനിടെ കോണ്‍ഗ്രസിനേയും ആര്‍.എസ്.പിയേയും പരിഹസിച്ച് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.പി ഇപ്പോള്‍ സംപൂജ്യരായിക്കഴിഞ്ഞുവെന്നും കുറച്ച് കാലം കൂടി കോണ്‍ഗ്രസില്‍ നിന്ന് കാര്യങ്ങള്‍ നന്നായി പഠിക്കട്ടെയെന്നും ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും കോടിയേരി പരിഹസിച്ചു.
🔳നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബെന്നി ബഹ്നാന്‍ എംപി. പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല, എന്നാല്‍ ആളുകള്‍ പോകാതിരിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കണമെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. പിണറായി വിജയന്റെ പാദം നക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചര്‍ച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും പുതിയ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു
🔳ഒരുവശത്ത് പാര്‍ട്ടിയെ സെമികേഡര്‍ സംവിധാനത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ, മറുവശത്ത് സംസ്ഥാന ഭാരവാഹികള്‍ തന്നെ കൊഴിഞ്ഞുപോകുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. ഒരുതരത്തിലുള്ള അച്ചടക്കവും ബാധകമല്ലാതിരുന്ന പാര്‍ട്ടിയില്‍ അടി തുടങ്ങുംമുമ്പ് വടിയെടുത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നുതുടങ്ങി. ഒരു പരിധിവരെയെങ്കിലും അച്ചടക്കമുള്ള സംവിധാനം കൊണ്ടുവരണമെന്ന നിശ്ചയത്തില്‍ മുന്നോട്ടുപോകാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം.
🔳എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് പി.പി.ഷൈജല്‍. തന്നെ സംസ്ഥാന ഭാരവാഹി പദത്തില്‍ നിന്നും നീക്കുകയെന്നത് പി.കെ.നവാസിന്റെ ആവശ്യമായിരുന്നുവെന്നും ഇതിനായി പി.കെ.നവാസ് ഗൂഢാലോചന നടത്തിയെന്നും ഷൈജല്‍ പറഞ്ഞു.
🔳ലീഗില്‍ ആണുങ്ങളുടെ ആള്‍ക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. പെണ്ണ് പറയാറായോ എന്ന ഭാവമാണ് ലീഗ് നേതൃത്വത്തിനെന്നും സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയണമെന്നും റഹീം ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധതയുടെ ബ്രാന്റ് അംബാസിഡറായി ലീഗ് നേതൃത്വം മാറിയെന്നും എ എ റഹീം പറഞ്ഞു.
🔳സര്‍വ്വകലാശാലയിലെ വിവാദമായ പിജി സിലബസില്‍ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതി. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടോ എന്ന് പഠിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി തയ്യാറാക്കിയ ആദ്യ സിലബസില്‍ മാറ്റം വേണമെന്നാണ് നിര്‍ദ്ദേശം. സിലബസിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കിയും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് റിപ്പോര്‍ട്ട്.
🔳ഒല്ലൂര്‍ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നും സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. എംപിയെ സല്യൂട്ട് ചെയ്യണം, ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളതെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
🔳ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയില്‍ ആവശ്യപ്പെട്ടു.
🔳പാലക്കാട്ടെ സമാന്തര ടെലഫോണ്‍ എക്ചേഞ്ച് കേസില്‍ നടത്തിയ പരിശോധയില്‍ രണ്ട് നോട്ടീസുകള്‍ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ നോട്ടീസുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്സേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മേട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.
🔳സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ച് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള തീരുമാനമാണ് നീട്ടി വച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ളാസുകള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല. 9 മുതല്‍ 12 വരെ ക്ലാസുകള്‍ പകുതി കുട്ടികളെ ഉള്‍പ്പെടുത്തി നടക്കും
🔳2022 -ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളെ സമീപിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരായ ടിക്കറ്റ് മോഹികളോട് 11,000 രൂപ പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയ അജയ് ലല്ലു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇങ്ങനെ ഒരു നിര്‍ദേശമുള്ളത്. ഇത്തവണ പ്രിയങ്കാ ഗാന്ധി നേരിട്ടാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സകല സന്നാഹങ്ങള്‍ക്കും മേല്‍നോട്ടം നടത്തുന്നത്.
🔳ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ മൂന്ന് കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് എട്ടു പേരായി ചുരുങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ബംഗ്‌ളൂരു എഫ് സിക്കെതിരെ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബംഗളൂരു എഫ് സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.
🔳യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ പരിമിതമായ തോതില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ. 2019നുശേഷം ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനായി ഗ്യാലറിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്.
🔳കേരളത്തില്‍ ഇന്നലെ 97,070 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386
🔳രാജ്യത്ത് ഇന്നലെ 30,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,346 പേര്‍ രോഗമുക്തി നേടി. മരണം 432. ഇതോടെ ആകെ മരണം 4,43,960 ആയി. ഇതുവരെ 3,33,45,873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.36 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,783 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,658 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,445 പേര്‍ക്കും കര്‍ണാടകയില്‍ 1,116 പേര്‍ക്കും മിസോറാമില്‍ 1,185 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 5,08,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,33,145 പേര്‍ക്കും ബ്രസീലില്‍ 14,780 പേര്‍ക്കും റഷ്യയില്‍ 18,841 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,597 പേര്‍ക്കും തുര്‍ക്കിയില്‍ 28,224 പേര്‍ക്കും ഇറാനില്‍ 19,731 പേര്‍ക്കും മലേഷ്യയില്‍ 19,495 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.71 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,471 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,037 പേരും ബ്രസീലില്‍ 750 പേരും റഷ്യയില്‍ 792 പേരും ഇറാനില്‍ 452 പേരും മെക്സിക്കോയില്‍ 1,046 പേരും മലേഷ്യയില്‍ 422 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.71 ലക്ഷം.
🔳ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്. ഇതോടെ വിപണിമൂല്യത്തിന്റെകാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയര്‍ടെല്‍ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ്. രണ്ടാഴ്ചക്കിടെ ഭാരതി എയര്‍ടെലിന്റെ ഓഹരിവിലയില്‍ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്.
🔳നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം. ചില്ലറ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കടുത്ത കോവിഡ്കാല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പഠനം നടത്തിയ അസോച്ചം, ക്രിസില്‍ എന്നിവ വിശദീകരിച്ചു. മാര്‍ച്ച് അവസാനമാകുമ്പോള്‍ കിട്ടാക്കടം ഒമ്പതു ശതമാനത്തിലേക്ക് ഉയരും. വന്‍കിടക്കാര്‍ കടം തിരിച്ചടക്കാതെ വന്നതു മൂലമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കിട്ടാക്കടം പ്രധാനമായും പെരുകിയതെങ്കില്‍, അതിനൊപ്പമാണ് തിരിച്ചടക്കാന്‍ വഴിയില്ലാതെ വന്നവരുടെ കുടിശ്ശിക കൂടി വരുന്നത്. കോര്‍പറേറ്റുകളേക്കാള്‍ പലമടങ്ങ് പ്രതിസന്ധിയാണ് ചെറുകിട, ഇടത്തരം മേഖലയിലുള്ളവര്‍ നേരിടുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി.
🔳ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'സണ്ണി' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രണ് സണ്ണി. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് സിനിമ എത്തും.
🔳ഏരീസ് ടെലികാസ്റ്റിംഗ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന ചിത്രം സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസായി. വിയാന്‍, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.
🔳രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ആകര്‍ഷണീയ മോഡലായ സിഫ്റ്റിന്റെ വില്‍പ്പന 25 ലക്ഷം കടന്നു. കമ്പനിയുടെ മുന്‍നിര മോഡലായ സിയാസിന്റെ വില്‍പ്പന മൂന്ന് ലക്ഷം കടന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വിഫ്റ്റ് 25 ലക്ഷം നാഴികക്കല്ല് പിന്നിട്ടതായി കമ്പനി വ്യക്തമാക്കിയത്. 16 വര്‍ഷത്തിനുള്ളിലാണ് മാരുതി സ്വിഫ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,72,671 യൂണിറ്റ്, 2020 ല്‍ 1,87,916 യൂണിറ്റ്, 2018 ല്‍ 1,75,928 യൂണിറ്റ് എന്നിങ്ങനെയാണ് ഈ ജനപ്രിയ മോഡലിന്റെ വില്‍പ്പന.
🔳'മുപ്പതു വര്‍ഷമായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂര്‍ ചരിത്രപശ്ചാത്തലത്തിലുള്ള കഥകള്‍, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകള്‍ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്...'. നൂറു സിംഹാസനങ്ങള്‍, ആനഡോക്ടര്‍, മിണ്ടാച്ചെന്നായ് എന്നീ നോവലുകള്‍ക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം. 'മായപ്പൊന്ന്'. പരിഭാഷ: പി. രാമന്‍. മാതൃഭൂമി. വില 160 രൂപ.
🔳കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് സാധാരണയായി നല്‍കി വരുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. കോവിഷീല്‍ഡിനെ അപേക്ഷിച്ച് കോവാക്‌സിന്‍ കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് ഗവേഷണ സംഘം പറയുന്നു.
*ശുഭദിനം*
ഒരിക്കല്‍ രാജാവും ഉപദേശകനും കൂടി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കരിക്ക് ചെത്തി കുടിക്കുന്നതിനിടയില്‍ രാജാവിന്റെ വിരല്‍ മുറിഞ്ഞു. വേദന കൊണ്ട് പുളയുന്ന രാജാവിനെ നോക്കി ഉപദേശകന്‍ പറഞ്ഞു : സാരമില്ല പ്രഭോ എല്ലാം നല്ലതിനായിരിക്കും എന്ന് കരുതുക. വേദന കൊണ്ട് പുളയുന്ന രാജാവിന് ഇത് കേട്ടപ്പോള്‍ കലാശലായ ദേഷ്യം വന്നു. രാജാവ് ഉപദേശകനെ അടുത്ത് കണ്ട പൊട്ട കിണറ്റിലേക്ക് തള്ളിയിട്ടു. എന്നിട്ട് കാട്ടിലേക്കു കയറിപോയി. കാട്ടില്‍ എത്തിയ രാജാവിനെ ഒരു സംഘം കാട്ടുമനുഷ്യര്‍ വളയുകയും കെട്ടിയിടുകയും ചെയ്തു. നരബലിക്കായി അവര്‍ രാജാവിനെ തിരഞ്ഞെടുത്തു. മൂപ്പന്‍ എത്തി രാജാവിനെ അടിമുടി പരിശോധിച്ചു. വിരല്‍ അറ്റുപോയത് കണ്ടു. അംഗവൈകല്യം ഉള്ള ആളെ നരബലിക്കു എടുക്കാത്തത് കൊണ്ട് രാജാവിനെ വെറുതെ വിട്ടു. രക്ഷപെട്ടു വന്ന രാജാവ് ഉപദേശകനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി മാപ്പും പറഞ്ഞു. അപ്പോള്‍ ഉപദേശകന്‍ ഇങ്ങനെ പറഞ്ഞു. മാപ്പ് പറയേണ്ട ആവശ്യമൊന്നും ഇല്ല പ്രഭോ. അങ്ങ് എന്നെ കിണറ്റില്‍ തള്ളി ഇട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ എന്നെ നരബലിക്കായി എടുത്തേനേ. നമ്മുടെജീവിതത്തിലും പല കാര്യങ്ങളും ഇങ്ങനെയാണ്.. സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും ഒരു തിരക്കഥ ആരോ മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരിക്കും. വരുന്നതിനെ സ്വീകരിക്കുക.. - *ശുഭദിനം*
Post a Comment