പ്രഭാത വാർത്തകൾ
🔳ഇടതുപക്ഷത്തിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെട്ട കനയ്യകുമാര്‍ ഇനി കോണ്‍ഗ്രസില്‍. ഇന്നലെ വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധിക്കൊപ്പം ദില്ലി ഐടിഒയിലെ ഭഗത് സിംഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനയ്യകുമാര്‍ തുടര്‍ന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യകുമാറിനൊപ്പം എഐസിസി ആസ്ഥാനത്ത് എത്തിയ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും പാര്‍ട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിലവില്‍ ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ദ്ദേഹം കോണ്‍ഗ്രസ് സഹയാത്രികനായി പ്രവര്‍ത്തിക്കും.
🔳പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രമെന്ന് കനയ്യ കുമാര്‍. ഭഗത് സിംഗിന്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
🔳കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകള്‍ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോണ്‍ഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.
🔳അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ജിഗ്നേഷ് മേവാനി. കനയ്യകുമാറിന്റെയും തന്റെയും കോണ്‍ഗ്രസ് പ്രവേശം അതിന് സഹായിക്കുമെന്നും ബിജെപിയെ തൂത്തെറിയുമെന്നും കോണ്‍ഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും മേവാനി പറഞ്ഞു.
🔳സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രാപ്തിയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാര്‍ട്ടപ്പ് ഹബ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. അഞ്ചുവര്‍ഷം മുമ്പ് 300 സ്റ്റാര്‍ട്ട് അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3,900 ആണെന്നും അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും സംസ്ഥാനത്തെമ്പാടും ഇന്നോവേഷന്‍ ടെക്നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 21,896 കോവിഡ് രോഗികളില്‍ 51.13 ശതമാനമായ 11,196 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 375 മരണങ്ങളില്‍ 39.73 ശതമാനമായ 149 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,75,681 സജീവരോഗികളില്‍ 54.19 ശതമാനമായ 1,49,402 രോഗികളും കേരളത്തിലാണുള്ളത്.
🔳സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന് ജാമ്യമില്ല. പ്രതിയെ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോണ്‍സണിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
🔳മോണ്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി ബെഹനാന്‍. മോന്‍സണിന്റേത് വെറും തട്ടിപ്പല്ല. അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ് മോണ്‍സനെന്നും കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ആരംഭിക്കുന്ന കുടുംബ യൂണിറ്റുകള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ബൂത്ത് കമ്മിറ്റികളുടെ കീഴ്ഘടകമായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി അഥവാ സി.യു.സി എന്നപേരിലാണ് ഇവ രൂപവത്കരിക്കുന്നത്. അടിത്തട്ടില്‍ വേരുറപ്പിച്ച് കുടുംബങ്ങളുമായും പൊതുജനങ്ങളുമായും മികച്ച ബന്ധം നിലനിര്‍ത്തുകയാണ് ലക്ഷ്യം.
🔳നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളത്ത് സിപിഎമ്മില്‍ കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് സസ്പെന്റ് ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കറിനെ ഉള്‍പ്പടെ തരംതാഴ്ത്തിയ നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനത്തിലാണ് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍. സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ കാരണമായെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തല്‍.
🔳ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അവരാണ് ലീഗിനെ താങ്ങിനിര്‍ത്തുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഹരിത കമ്മിറ്റിയെന്ന ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നൂറ് ശതമാനം ശരിയാണെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
🔳കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിപ്പട്ടികയിലുള്ള കൊടി സുനി ജയിലില്‍ നിരാഹാര സമരത്തില്‍. വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാണ് നിരാഹാര സമരത്തിന്റെ ആവശ്യം. വിയ്യൂരില്‍ അതിസുരക്ഷാ ജയിലിലാണ് സുനിയുള്ളത്. വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.
🔳2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള അന്തിമ ജൂറി അധ്യക്ഷയായി സുഹാസിനിയെ നിയമിച്ചു. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. 80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ അവാര്‍ഡ് പ്രഖ്യാപനമുണ്ടാകും.
🔳പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവയ്ക്കുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്ന് രാജിക്കത്തില്‍ കുറിച്ചാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.
🔳നവ്ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്‌സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു.
🔳പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജിക്കത്ത് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയ നിര്‍ദേശമെന്നാണ് സൂചനകള്‍.
🔳പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദില്ലിയില്‍. അമരീന്ദര്‍ സിംഗിലൂടെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ബിജെപി തിരക്കിട്ട നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. എന്നാല്‍, ഇക്കാര്യം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചിരുന്നു. അമരീന്ദറിനെ മുന്നില്‍ നിര്‍ത്തിയുള്ള ചര്‍ച്ചയിലൂടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അതിലൂടെ അമരീന്ദര്‍ സിംഗിന് ഹീറോ പരിവേഷം കൊടുത്ത്് പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തി കര്‍ഷകരെയും ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് സൂചന.
🔳കൊവിഡിനെ തുടര്‍ന്ന് അടച്ച തമിഴ്നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്നിന് ഒന്ന് ുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍. ഈ മാസം ആദ്യം മുതല്‍ കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
🔳ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പാരാമര്‍ശത്തില്‍ കവിയും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന് താനെ കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
🔳വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി. മഹാരാഷ്ട്രയിലെ യവാത്മലില്‍ നടന്ന അപകടത്തില്‍ ബസിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്.
🔳ഉറിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയെ ഒരു ലഷ്‌കര്‍ ഭീകരനെ പിടികൂടിയതായി കരസേന. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. പാകിസ്ഥാനിലെ പഞ്ചാബില്‍ നിന്നുള്ള 19 കാരനായ ഭീകരനെയാണ് സൈന്യം പിടികൂടിയത്. ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിക്കാനായതായും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്രയും ഭീകരര്‍ നുഴഞ്ഞു കയറില്ലെന്ന് മേജര്‍ ജനറല്‍ വീരേന്ദ്ര വാട്സ് പറഞ്ഞു.
🔳ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള വൈറ്റ് ലേക്ക് നദിയിലെ വെള്ളത്തില്‍ അപകടകരമാം വിധം മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് പാരിസ്ഥിതിക ഏജന്‍സികളുടെ പഠനം. ഗ്ലാറ്റ്‌സണ്‍ബെറി ഫെസ്റ്റിവല്‍ എന്ന സുപ്രസിദ്ധമായ സംഗീത മഹോത്സവം നടക്കുന്ന വേദിയ്ക്കരികിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഫെസ്റ്റിവലിന് വന്ന ജനം മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നതും, അതിനു ശേഷം ഈ നദിയിലേക്ക് മൂത്ര വിസര്‍ജനം നടത്തുന്നതുമാണ് നദിയിലെ വെള്ളത്തെ മയക്കുമരുന്ന് ലിപ്തമാക്കുന്നത് എന്ന് വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയ പരിസ്ഥിതി ഗവേഷകര്‍ പറഞ്ഞു.
🔳ക്രിക്കറ്റ് കരിയറില്‍ ഇരുട്ടു വീഴ്ത്തിയ ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും രണ്ട് ലക്ഷം രൂപവരെ പാര്‍ട്ടി ബില്‍ കൊടുത്തിരുന്ന താന്‍ പത്ത് ലക്ഷം രൂപക്ക് എന്തിന് ഒത്തുകളിക്കണമെന്നും ശ്രീശാന്ത് ചോദിച്ചു.
🔳നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 128 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റങ്ങിനിറങ്ങിയ കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
🔳ഐപിഎല്ലിലെ മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന്റെ ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടി. അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ 10 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തെിയപ്പോള്‍ എട്ട് പോയിന്റുള്ള പഞ്ചാബ് തൊട്ടുപിന്നിലാണ്.
🔳ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലി കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയെ നേരിടും. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോന്‍മെബോളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മത്സരം നടത്താന്‍ ധാരണയായത്. 2022 ജൂണിലാണ് മത്സരം നടക്കുക. മത്സരവേദി തീരുമാനിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നത്.
🔳കേരളത്തില്‍ ഇന്നലെ 96,436 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 1,49,356 ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92 ശതമാനമായ 2,45,92,694 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 40 ശതമാനമായ 1,07,31,080 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148.
🔳രാജ്യത്ത് ഇന്നലെ 21,896 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29,887 പേര്‍ രോഗമുക്തി നേടി. മരണം 375. ഇതോടെ ആകെ മരണം 4,47,781 ആയി. ഇതുവരെ 3,37,15,049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.75 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,844 പേര്‍ക്കും തമിഴ്നാട്ടില്‍ 1,630 പേര്‍ക്കും മിസോറാമില്‍ 1,846 കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,88,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 77,710 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,526 പേര്‍ക്കും റഷ്യയില്‍ 21,559 പേര്‍ക്കും തുര്‍ക്കിയില്‍ 28,892 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.34 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,375 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,514 പേരും ബ്രസീലില്‍ 744 റഷ്യയില്‍ 852 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.77 ലക്ഷം.
🔳ആദ്യ കോവിഡ് അടച്ചിടല്‍ കാലയളവില്‍ ഒമ്പത് കാര്‍ഷികേതര തൊഴില്‍മേഖലകളില്‍ 23.6 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ സര്‍വേ. 2020 മാര്‍ച്ച് 25-ന് അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. 16.6 ശതമാനം പേര്‍ക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേര്‍ക്ക് വേതനം കിട്ടിയിട്ടില്ലെന്നും സര്‍വേ വെളിപ്പെടുത്തുന്നു. അടച്ചിടല്‍ കാലയളവില്‍ ഉത്പാദന മേഖലയിലാണ് വലിയ തൊഴില്‍നഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികള്‍ ഉണ്ടായിരുന്നത് 1.11 കോടിയായി. നിര്‍മാണമേഖലയില്‍ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയില്‍ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.
🔳ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്‍വാങ്ങലിന് പിന്നാലെ അമേരിക്കയില്‍ വന്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. അമേരിക്കയിലെ ടെന്നസി, കെന്റക്കി എന്നിവിടങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ മൂന്ന് ബാറ്ററി നിര്‍മാണ ഫാക്ടറികളും അസംബ്ലി പ്ലാന്റും നിര്‍മിക്കുന്നതിനായി 11.4 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ എസ് കെ ഇന്നവേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫോര്‍ഡ് 7 ശതകോടി ഡോളറും എസ്‌കെ 4.4 ശതകോടി ഡോളറുമാകും ചെലവിടുക.
🔳പൃഥ്വിരാജിനെ നായകനാക്കി രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമം' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ട്രെയ്‌ലര്‍. ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമില്‍ ആണ് റിലീസ്. ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം. ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജിന്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി താരങ്ങളും അഭിനയിക്കുന്നു.
🔳കാര്‍ത്തിക് ആര്യന്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ഭൂല്‍ ഭുലയ്യ 2 റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 25ന് തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്ററും പുറത്ത് വിട്ടു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ 'ഭൂല്‍ ഭുലയ്യ'യുടെ രണ്ടാം ഭാഗമാണ് ഭൂല്‍ ഭുലയ്യ 2. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റായിരുന്ന മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേയ്ക്ക് ആയിരുന്നു ചിത്രം. അനീസ് ബസ്മിയാണ് ഭൂല്‍ ഭുലയ്യ 2 ഒരുക്കുന്നത്. കിയാര അദ്വാനി, തബു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
🔳ഫ്രഞ്ച് ഹൈ-പെര്‍ഫോമന്‍സ് ആഡംബര വാഹന നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ മോഡലാണ് ഷിറോണ്‍. ഇപ്പോഴിതാ മണിക്കൂറില്‍ 300 മൈല്‍ വേഗപരിധി മറികടന്നു ചരിത്രം സൃഷ്ടിച്ച ഷിറോണ്‍ സൂപ്പര്‍ സ്പോര്‍ട് 300 പ്ലസ് വിപണിയില്‍ അവതരിപ്പിക്കാന്‍ ബുഗാട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഷിറോണ്‍ സൂപ്പര്‍ സ്പോര്‍ട് 300 പ്ലസ് കാറുകള്‍ 30 എണ്ണം മാത്രമാവും നിര്‍മിക്കുക. വാഹനത്തിന്റെ ആദ്യ എട്ടു യൂണിറ്റുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. 35 ലക്ഷം യൂറോ അഥവാ ഏകദേശം 30.37 കോടി രൂപയാണ് ഈ കാറിന് പ്രതീക്ഷിക്കുന്ന വില.
🔳സംസാരിക്കാന്‍ എന്തിരിക്കുന്നു എന്നു തോന്നാം. പ്രായം അത്ര ലളിതമായ ഒരു പ്രതിഭാസമല്ല. പ്രായം അത്രവേഗം നമുക്ക് പിടി തരുന്ന ഒരു പ്രതിഭാസവുമല്ല. ദീര്‍ഘമായ നമ്മുടെ ആയുഷ്‌കാലം എന്റെയോ നിങ്ങളുടെയോ സ്വന്തം നിര്‍മ്മിതിയല്ല. അനേക കോടി വര്‍ഷങ്ങളിലൂടെ ഈ പ്രപഞ്ചത്തില്‍, ഭൂമിയില്‍, ബാക്ടീരിയ മുതല്‍ ആദിമ മനുഷ്യനും ആധുനിക മനുഷ്യനും വരെ കൂട്ടുചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരാവാസ വ്യവസ്ഥയുടെ സൃഷ്ടിയാണത്. 'പ്രായമാകുന്നില്ല ഞാന്‍'. ഉണ്ണി ബാലകൃഷ്ണന്‍. ഡിസി ബുക്സ്. വില 750 രൂപ.
🔳രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒന്നരവര്‍ഷത്തിലേറെ കാലമായി ലോകത്ത് പിടിമുറുക്കിയിരിക്കുന്ന കോവിഡ് മഹാമാരി ആയുര്‍ദൈര്‍ഘ്യം കുറച്ചതായി ഓക്‌സ്ഫഡ് സര്‍വകലാശാല പഠനറിപ്പോര്‍ട്ട്. അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടുവര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്ത് 47ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചത്. കോടിക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചത്. ലോകത്തെ 29 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 22 രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ആറുമാസത്തിന്റെ കുറവ് ഉണ്ടായി. 2019ലെ കണക്കുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് ഈ കുറവ് കണ്ടെത്തിയത്. 29 രാജ്യങ്ങളില്‍ ഭൂരിഭാഗം രാജ്യങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ചിലി തുടങ്ങിയ ഇടങ്ങളിലാണ് പഠനം നടത്തിയത്. ഭൂരിഭാഗം രാജ്യങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്. അമേരിക്കയിലെ പുരുഷന്മാരില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ശരാശരി 2.2 വര്‍ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 15 രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 11 രാജ്യങ്ങളില്‍ സ്ത്രീകളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ മരണനിരക്ക് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ 60 വയസിന് മുകളിലുള്ളവരിലാണ് മരണനിരക്ക് ഉയര്‍ന്നത്.
Post a Comment