🔳കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് നേരിയ പനിയുള്ളതായി വീണാ ജോര്‍ജ് അറിയിച്ചു. പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്ഥലം സന്ദര്‍ശിച്ചത്. വീട്ടിലെത്തിയ സംഘം വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പില്‍ നിന്നും റംബൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രസംഘം റംബൂട്ടാന്‍ സാംപിളുകളും ശേഖരിച്ചു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്.
🔳നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതനായ കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
🔳കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് അയല്‍വാസികളായ കുട്ടികള്‍ക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതല്‍ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെന്‍ട്രല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ഓട്ടോയില്‍ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ നിന്നും സെപ്റ്റംബര്‍ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ തുടര്‍ന്നു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 67.56 ശതമാനം രോഗികളും കേരളത്തില്‍. 39,517 കോവിഡ് രോഗികളില്‍ 26,701 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 33.94 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 218 മരണങ്ങളില്‍ 74 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 62.10 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,99,023 സജീവരോഗികളില്‍ 2,47,824 പേരും കേരളത്തിലാണുള്ളത്.
🔳കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബെവ്കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നീക്കത്തോട് ജീവനക്കാരുടെ സംഘടനകള്‍ക്ക്. മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇതില്‍ ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്‍ തന്ത്രപരമായ മൗനത്തിലാണ്. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഫും എംപ്ളോയീസ് സംഘും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
🔳കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയില്‍ താത്കാലിക വെടിനിര്‍ത്തലുണ്ടായത്. രാവിലെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. എല്ലാവരേയും കേട്ടും ഒരുമിച്ചു നിര്‍ത്തിയും മുന്നോട്ട് പോകാനാണ് ശ്രമമെന്ന് ചെന്നിത്തലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. അപമാനിച്ചതായി മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഭവം ഉണ്ടെങ്കില്‍ അതു പരിഹരിക്കാനാണ് താന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നില്ല. അവരെ ഒപ്പം നിര്‍ത്തും പാര്‍ട്ടിയുടെ നല്ല ഭാവിക്കായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. യുഡിഎഫിനെ കരുത്തുറ്റതാക്കാര്‍ എല്ലാ നേതാക്കളുടെയും പിന്തുണ വേണം. കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും താനും ഉന്നയിച്ച പ്രശ്നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും അറിയിച്ചു.
🔳വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുമായി പുതുപ്പള്ളി ഭവനത്തില്‍ എത്തി ചര്‍ച്ച ചെയ്തതിനെ അഭിനന്ദിച്ച് പിജെ കുര്യന്‍. കോണ്‍ഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രതിഷേധം പരസ്യമാക്കുന്നതിനടെയാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് ചര്‍ച്ച നടത്തിയത്. ഇത് നല്ല തുടക്കമാണെന്നും മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കാമെന്നും പിജെ കുര്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
🔳കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാംഗുണ്ടെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ കേരള പൊലീസ് പരാജയപ്പെട്ടെന്നുമുള്ള സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജയുടെ പ്രസ്താവനയ്ക്ക് എതിരെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ വിമര്‍ശനം. സിപിഐ കേരള ഘടകമാണ് ആനിരാജയുടെ വിവാദപ്രസ്താവന ചര്‍ച്ചയാക്കിയത്.
🔳എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
🔳പാലക്കാട് അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി.
🔳നടിയും മോഡലുമായ ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സുകേഷ് നിലവില്‍ രോഹിണി ജയിലിലാണ്. സാമ്പത്തിക തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. ലീന മരിയ പോളിനെതിരെ മക്കോക്ക ചുമത്തിയിട്ടുണ്ട്.
🔳സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
🔳വാഹന ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ശബ്ദങ്ങള്‍ക്ക് പകരം തബലയും പുല്ലാങ്കുഴലും പോലുള്ള സംഗീതോപകരണങ്ങളുടെ ശബ്ദം ഉണ്ടാക്കാനുള്ള ഹോണുകള്‍ക്കായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉള്‍പ്പെടുന്ന ഹോണുകള്‍ ഉപയോഗിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.
🔳ബ്രാഹ്മണരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവാദത്തിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവ് നന്ദകുമാര്‍ ബാഘേലിനെതിരെയാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. സര്‍വ ബ്രാഹ്മിണ്‍ സമാജ് നല്‍കിയ പരാതിയിലാണ് ഡിഡി നഗര്‍ പൊലീസ് ബാഘേലിനെതിരെ കേസെടുത്തത്. നിയമമാണ് പ്രധാനമെന്നും സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.'ആരും നിയമത്തിന് അതീതരല്ല, അത് എന്റെ 86 വയസുള്ള പിതാവായാല്‍ പോലും അങ്ങനെ തന്നെയാണെന്ന് ഭൂപേഷ് സിങ് ബാഘേല്‍ പ്രതികരിച്ചു.
🔳ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ രാഷട്രീയ പ്രഖ്യാപനവുമായി മുസഫര്‍ നഗറിലെ കിസാന്‍ മഹാ പഞ്ചായത്ത്. വിവാദ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. യുപിയില്‍ ബിജെപിയെ കെട്ടു കെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അതെ സമയം കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി.
🔳യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
🔳അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ചയോളമാകുമ്പോള്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാരവടംവലി താലിബാന് ഉള്ളിലും സംഘഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
🔳അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വേട്ടയാടല്‍ തുടങ്ങി താലിബാന്‍. വനിതാ പൊലീസ് ഓഫീസറെ താലിബാന്‍ വെടിവെച്ചു കൊന്നു. ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു. ബാനു നെഗര്‍ എട്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.
🔳സ്വകാര്യ അഫ്ഗാന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗരേഖ പുറത്തിറക്കി താലിബാന്‍. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ വേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പെണ്‍കുട്ടികളെ സ്ത്രീകളായ അധ്യാപകര്‍ മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളുവെന്നും അത്തരത്തില്‍ യോഗ്യരായ സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കില്‍ 'നല്ല സ്വഭാവക്കാരായ' വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാന്‍ നിര്‍ദേശിക്കുന്നു. തിങ്കളാഴ്ച സ്വകാര്യ കോളേജുകള്‍ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവ് എല്ലാ കോളേജുകള്‍ക്കും ബാധകമാകുമെന്നാണ് സൂചന.
🔳നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോള്‍ നേടിയത്. മുമ്പ് നടന്ന സൗഹൃദ മത്സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.
🔳54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്‌സിന് പോയ ഇന്ത്യന്‍ സംഘം ഇത്തവണ മടങ്ങിയെത്തുന്നത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്. പാരാലിമ്പിക്‌സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണ് ടോക്യോയില്‍ ഇത്തവണ ഇന്ത്യന്‍ സംഘം നടത്തിയിരിക്കുന്നത്. അഞ്ചു സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.
🔳ഓവല്‍ ടെസ്റ്റ് ആവേശത്തിലേക്ക്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഓവലില്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. ഒരുദിനം ശേഷിക്കെ 291 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 466 റണ്‍സാണ് നേടിയത്. 60 റണ്‍സെടുത്ത ഷാര്‍ദുല്‍ താക്കൂറും 50 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
🔳ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകന്‍ രവി ശാസ്ത്രിക്ക് കൊവിഡ്. ശാസ്ത്രി കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
🔳ബ്രസീല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെച്ചത്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല എന്നതാണ് അര്‍ജന്റീനിയന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഉള്ള കാരണമായി ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്.
🔳കേരളത്തില്‍ ഇന്നലെ 1,55,543 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380.
🔳രാജ്യത്ത് ഇന്നലെ 39,517 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 43,899 പേര്‍ രോഗമുക്തി നേടി. മരണം 218. ഇതോടെ ആകെ മരണം 4,40,785 ആയി. ഇതുവരെ 3,30,27,136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,057 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,592 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,1623 പേര്‍ക്കും കര്‍ണാടകയില്‍ 1,117 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 4,15,383 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,617 പേര്‍ക്കും ബ്രസീലില്‍ 12,915 പേര്‍ക്കും റഷ്യയില്‍ 18,645 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,011 പേര്‍ക്കും തുര്‍ക്കിയില്‍ 19,391 പേര്‍ക്കും ഇറാനില്‍ 25,870 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,019 പേര്‍ക്കും മലേഷ്യയില്‍ 20,396 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,391 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 362 പേരും ബ്രസീലില്‍ 266 പേരും റഷ്യയില്‍ 793 പേരും ഇറാനില്‍ 610 പേരും ഇന്‍ഡോനേഷ്യയില്‍ 392 പേരും മെക്സിക്കോയില്‍ 647 പേരും മലേഷ്യയില്‍ 336 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.81 ലക്ഷം.
🔳മറ്റൊരു മൊബൈല്‍ സേവനദാതാവില്‍ നിന്ന് നമ്പര്‍ പോര്‍ട്ട് ചെയ്ത് എത്തുന്നവര്‍ക്ക് ടെലികോം കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നത് കര്‍ശനമായി വിലക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ജനുവരിയില്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല കമ്പനികളും എതിരാളികളില്‍ നിന്ന് വരിക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്നുവെന്ന് വീണ്ടും പരാതി ലഭിച്ചതോടെയാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം, ഏതു കമ്പനിയുടെ പേരില്‍ ആര് ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചാലും അതിന്റെ ഉത്തരവാദിത്തം അതതു കമ്പനികള്‍ക്കു തന്നെയായിരിക്കുമെന്നു ട്രായ് വ്യക്തമാക്കി.
🔳ഇ-കൊമേഴ്സ് റിറ്റെയ്ലേഴ്സായ സ്നാപ്ഡീല്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഒയിലൂടെ 350-400 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേക്ക് കടക്കുന്നതോടെ, കമ്പനിയുടെ ആകെ മൂല്യം 2-2.5 ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താനാകുമെന്നാണ് സ്നാപ്ഡീല്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തില്‍, ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറ് മാസ കാലയളവില്‍ കുട്ടികളുടെ വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ 493 ശതമാനം വര്‍ധനവാണ് സ്നാപ്ഡീല്‍ നേടിയത്.
🔳വിനോദ് കണ്ണോല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'എട്ടു കോളം'. പത്രത്തില്‍ വരുന്ന ഒരു എട്ടു കോളം വാര്‍ത്ത നമ്മള്‍ വായിക്കുകയും ഒരു നേരത്തെ ചര്‍ച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും. പിന്നീട് അതെ സംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരില്‍ നാലു കോളം അല്ലെങ്കില്‍ ഏട്ടു കോളം വാര്‍ത്തയായി വരുന്നതും പതിവാണ്. അത് പോലെ ഒരു സായാഹ്ന പത്രത്തില്‍ അച്ചടിച്ചു വന്ന ഏട്ടു കോളം വാര്‍ത്ത വിഷയമായി വരുന്ന ഹ്രസ്വചിത്രമാണിത്. കൂക്കള്‍ രാഘവന്‍,സുമേഷ് നാരായണന്‍, ദിനേശന്‍ തൊട്ടിയില്‍,ഹനീഫ ബേക്കല്‍,എം ഹാരിസ്, ഷാഹിദ് ദില്‍സേ, ദിവ്യരാജ്,ഗോകുല്‍ നാഥ്, ഷഹീര്‍ ഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
🔳ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'സ്പ്രിംഗ്' എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. ശ്രീലാല്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലാല്‍ നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമായിട്ടാണ് എത്തുക. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്‍. അരുന്ദതി നായര്‍, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🔳അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ടെസ്ലയുടെ നാലു മോഡലുകള്‍ക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. മോഡല്‍ 3, മോഡല്‍ വൈ എന്നിവയുടെ രണ്ട് വേരിയന്റുകളായിരിക്കും ആദ്യം രാജ്യത്തെത്തുക. രണ്ട് മോഡലുകളും ടെസ്ലയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ വാഹനങ്ങളാണ്. മോഡല്‍ എസ്, മോഡല്‍ എക്സ് പോലുള്ള ഉയര്‍ന്ന മോഡലുകള്‍ പിന്നീടാകും ഇന്ത്യയിലെത്തുക. മോഡല്‍ 3ക്കും മോഡല്‍ വൈയ്ക്കും 60 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കുന്നുണ്ട്.
🔳'ഞാന്‍ ആള്‍ക്കൂട്ടത്തില്‍ ബഹളം വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പിക്കണം. ഞാന്‍ മാറി എന്റേതായ പാതയില്‍ പൊയ്ക്കൊണ്ടിരിക്കുമെന്ന് എല്ലാ ചെറുപ്പക്കാര്‍ക്കും തോന്നണം. എഴുതികൊണ്ടേയിരിക്കണം. എന്റെ രചനകളില്‍ എനിക്ക് മാത്രമാണ് താല്പര്യം. അതിനെ പിന്‍പറ്റാന്‍ ചിലര്‍ വന്നാലായി'. 'സോവിയ്റ്റ് സ്റ്റേഷന്‍കടവ്'. മുരളി കൃഷ്ണന്‍. ലോഗോസ് ബുക്സ്. വില 152 രൂപ.
🔳പ്രമേഹം പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നമുക്കെല്ലാം അറിയാം. കാലക്രമേണയാണ് ഇത് കാഴ്ചയെ ബാധിക്കുന്ന തരത്തിലേക്കെത്തുന്നത്. രക്തത്തിലെ ഷുഗര്‍ നില നിയന്ത്രണാതീതമായി നില്‍ക്കുമ്പോള്‍ അത് പിന്നീട് കണ്ണിലെ റെറ്റിന എന്ന ഭാഗത്തേക്ക് രക്തമെത്തിക്കുന്ന ചെറിയ സിരകളെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്രമേഹം കണ്ണിനെ പ്രതികൂലമായി ബാധിക്കുന്നത്. പ്രമേഹം കണ്ണുകളെ ബാധിച്ചുതുടങ്ങുമ്പോള്‍ തന്നെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങാം. ഷുഗര്‍ നിയന്ത്രണത്തിലായിരിക്കുക എന്നത് തന്നെയാണ് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ചികിത്സയിലൂടെ കണ്ണിന്റെ ആരോഗ്യം തിരികെ കൊണ്ടുവരാന്‍ സാധ്യമല്ല. പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കില്‍ പില്‍ക്കാലത്ത് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാം. ഇങ്ങനെ കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ചില രീതികളാണ് കാഴ്ച മങ്ങുക, നിറങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, കാഴ്ചയില്‍ വരകളോ പാടുകളോ വീഴുക, രാത്രിയില്‍ കണ്ണ് കാണാതിരിക്കുക എന്നിവ. പ്രമേഹം മൂലം കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാന്‍ ചില തയ്യാറെടുപ്പുകളാവാം. ഇതില്‍ ഏറ്റവും പ്രധാനം നേരത്തേ സൂചിപ്പിച്ചത് പോലെ പ്രമേഹം നിയന്ത്രണത്തിലാക്കുക എന്നത് തന്നെയാണ്. പതിവായി ബ്ലഡ് ഷുഗര്‍ പരിശോധിച്ച്, അത് നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കുക. ഇതിനൊപ്പം തന്നെ ഇടവേളകളില്‍ നേത്രരോഗ വിദഗ്ധരെ കണ്ട് കണ്ണിന്റെ ആരോഗ്യനിലയും പരിശോധനാവിധേയമാക്കുക. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അതുപേക്ഷിക്കുക, വ്യായാമം പതിവാക്കുക, എല്ലാ വര്‍ഷവും കണ്ണുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും നടത്തുക. ഇലക്കറികളും, ഇല ചേര്‍ന്ന പച്ചക്കറികളും, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും ധാരാളമായി ഡയറ്റില്‍ ചേര്‍ക്കുക.
*ശുഭദിനം*
തന്റെ പതിനാറാമത്തെ വയസ്സിലാണ് ജോണ്‍ ഒരു തുറമുഖതൊഴിലാളിയായി ജോലി ആരംഭിക്കുന്നത്. അന്നന്ന് കഴിയാനുള്ള തുച്ഛമായ ശമ്പളം മാത്രമേ അയാള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. തുറമുഖതൊഴിലാളിയായി ജോലി നോക്കുമ്പോഴാണ് എഴുത്തും വായനയും പഠിക്കാന്‍ തുടങ്ങിയത്. രാത്രിയിലും ഒഴിവുദിവസങ്ങളിലുമെല്ലാം അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ പഠിച്ചു. ജോണിന്, കപ്പലിലെ അതികഠിനമായ ജോലിയേക്കാള്‍ പ്രയാസമായിരുന്നു അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിക്കുക എന്നത്. എങ്കിലും അയാള്‍ തന്റെ പ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരുന്നു. ഷെല്ലിയുടെയും കീറ്റ്‌സിന്റെയും കവിതകള്‍ വായിച്ചപ്പോള്‍ ഒരു കവിയാകാന്‍ അയാള്‍ക്ക് ആഗ്രഹം തോന്നി. പിന്നെ അതിനായി ധാരാളം വായിക്കാനും ചെറുതായി എഴുതാനും തുടങ്ങി. കാലം കടന്നുപോയി. അക്ഷരങ്ങളുടെ ലോകം അയാളെ ആരാധനയോടെ ഇങ്ങനെ വിളിച്ചു. ജോണ്‍ മെയ്‌സ്ഫീല്‍ഡ്. നൈസര്‍ഗ്ഗികമായ കഴിവുകള്‍ നമ്മളില്‍ ഒളിഞ്ഞിരിപ്പുണ്ടാകും. പക്ഷേ ആ കഴിവുകളെ കണ്ടെത്തി, സ്ഥിരോത്സാഹവും നിരന്തര പരിശ്രമവും കൊണ്ട് അതിനെ പുഷ്ടിപ്പെടുത്തേണ്ടത് നമ്മുടെ മാത്രം കടമയാണ്. അത്തരത്തില്‍ അവസരങ്ങള്‍ കണ്ടെത്തി അത് പ്രയോജനപ്പെടുത്തുന്നവരെ മാത്രമാണ് വിജയം കാത്തിരിക്കുന്നത്. - *
Post a Comment