🔳ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും വലിയ ഭീഷണിയും വിഭജനവും നേരിട്ടിട്ടില്ലെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ പ്രതിസന്ധി, അഫ്ഗാനിസ്താനിലെ കലാപം, സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തടസ്സപെടുത്തുന്ന രാജ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. നമ്മളെല്ലാവരും ഒരു വലിയ ഗര്‍ത്തത്തിന്റെ വക്കിലാണ്, നമ്മള്‍ തെറ്റായ ദിശയില്‍ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ലോകം ഇതിന് മുമ്പൊരിക്കലും ഇത്രയും ഭീഷണി നേരിട്ടിട്ടില്ല, അല്ലെങ്കില്‍ ഇത്രയും വിഭജനം നേരിട്ടിട്ടില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
🔳പട്ടാളശക്തിയിലൂടെയല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രത്തിലൂടെ അമേരിക്കയെ പുതുയുഗത്തിലേക്ക് നയിക്കാനാണ് തന്റെ പദ്ധതിയെന്ന് യു.എന്‍ പൊതുസഭയിലെ കന്നിപ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അവസാന ആയുധമെന്ന നിലക്കേ യു.എസ് ഇനി സൈനികശക്തി ഉപയോഗിക്കൂ. അടുത്ത പത്തുകൊല്ലം ആഗോളസമൂഹത്തിന്റെ ഭാവി സംബന്ധിച്ച നിര്‍ണായകദശകമാണ്. 2024-ഓടെ കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വികസ്വരരാജ്യങ്ങള്‍ക്കുള്ള സഹായഫണ്ട് ഇരട്ടിയാക്കും. കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയുമടക്കമുള്ള വെല്ലുവിളികളോടുള്ള നമ്മുടെ പ്രതികരണം വരുംതലമുറകളിലും പ്രതിഫലിക്കും. അതിനാല്‍ അത്തരം വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. നവീനസാങ്കേതികവിദ്യയിലൂടെയും ആഗോളസഹകരണത്തിലൂടെയുമാണ് ഈ വെല്ലുവിളികള്‍ നേരിടേണ്ടതെന്നും ബൈഡന്‍ പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 27,323 കോവിഡ് രോഗികളില്‍ 57.70 ശതമാനമായ 15,768 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 385 മരണങ്ങളില്‍ 55.58 ശതമാനമായ 214 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,95,107 സജീവരോഗികളില്‍ 54.63 ശതമാനമായ 1,61,236 രോഗികളും കേരളത്തിലാണുള്ളത്.
🔳സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 37.78 ശതമാനമായ 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. ഇനിയും വാക്‌സിനെടുക്കേണ്ടവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
🔳പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 'ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസര്‍ക്കാരാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കിവേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.' പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരുപോലെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
🔳മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ നോക്കി നില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ട്. മന്ത്രി വി എന്‍ വാസവന്‍ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ മന്ത്രി പോയി നേരില്‍ക്കണ്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം.
🔳പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേല്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ല. പ്രതിപക്ഷം വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.
🔳കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
🔳ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
🔳കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് കെപി അനില്‍കുമാര്‍. കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വിഡി സതീശനെയും അടക്കം വിമര്‍ശിച്ചു. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തില്‍ പറഞ്ഞു.
🔳സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എംപി. കേരള പൊലീസില്‍ ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും വരെ സല്യൂട്ട് നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എംപിമാര്‍ക്ക് സല്യൂട്ട് നല്‍കിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ട് എംപിമാര്‍ക്ക് അവകാശപ്പെട്ടതാണ്. എംപിമാര്‍ ഓട് പൊളിച്ച് കയറി വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
🔳ജയിലില്‍ കൊടി സുനിക്ക് സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏത് ജയിലില്‍ പോയാലും അവിടുത്തെ സൂപ്രണ്ട് കൊടി സുനിയാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ജയിലില്‍ കയറിയ കാലം മുതല്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. ഇത്തിരി ലജ്ജ ബാക്കിയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എങ്കിലും മുഖ്യമന്ത്രി തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ജന രോക്ഷം ഉയരണമെന്നും കെ സുധാകരന്‍ പറഞ്ഞു.
🔳തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസിന്റെ കണ്‍മുന്നില്‍ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് ഭര്‍ത്താവ് പരാതി ഉന്നയിച്ചിരുന്നു.
🔳ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം. നിലവിലുളള കേസുകളില്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ഡിജിപി അനില്‍ കാന്ത് ഇതു സംബന്ധിച്ച് സര്‍ക്കൂലര്‍ ഇറക്കിയത്. അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.
🔳ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച് മണി വരെ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും.
🔳കരിപ്പൂര്‍ വിമാനത്താവളത്തില്‍ തല്ക്കാലം വലിയ വിമാനങ്ങള്‍ അനുവദിക്കില്ല. വലിയ വിമാനങ്ങള്‍ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂര്‍ അന്വേഷണ റിപ്പോര്‍ട്ട് പഠിക്കുന്ന സമിതി ഇക്കാര്യം പരിശോധിക്കും. സമിതി റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും തീരുമാനം. വ്യോമയാന സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഇതിനായി രൂപീകരിച്ചത് ഒമ്പതംഗ സമിതിയെയാണ്.
🔳ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം. ബന്നാര്‍ഘട്ട റോഡിലുള്ള മന്ദ്‌റി അസ്പയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
🔳കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടക സര്‍ക്കാറും നിയമത്തെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
🔳എ.ഐ.എം.ഐ.എം. നേതാവും പാര്‍ലമെന്റ് അംഗവുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ആക്രമണം. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
🔳അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി. മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഈ വിവരമുള്ളത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. 'തന്റെയും മറ്റൊരു സ്ത്രീയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ അപമാനം തനിക്ക് താങ്ങാന്‍ കഴിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
🔳എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആര്‍ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാന്‍ ഇരിക്കെയാണ് തീരുമാനം. നിലവില്‍ എയര്‍ സ്റ്റാഫ് വൈസ് ചീഫാണ് ചൗധരി.
🔳ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടിയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍. ശ്രീജേഷ് പരാതി പറയേണ്ട സാഹചര്യമുണ്ടായതില്‍ നിരാശയുണ്ട്. അടിസ്ഥാന സൗകര്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്നും വി അബ്ദുറഹ്മാന്‍ ഉറപ്പ് നല്‍കി.
🔳ഐപിഎല്ലില്‍ അവസാന ഓവറില്‍ ജയത്തിലേക്ക് എട്ട് വിക്കറ്റ് ശേഷിക്കെ നാലു റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബ് കിംഗ്സിനെ എറിഞ്ഞുവീഴ്ത്തി കാര്‍ത്തിക് ത്യാഗി രാജസ്ഥാന്‍ റോയല്‍സിന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകര്‍പ്പന്‍ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍ 20 ഓവറില്‍ 185ന് ഓള്‍ ഔട്ട്, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 183ന് 4.
🔳കേരളത്തില്‍ ഇന്നലെ 1,05,513 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186.
🔳രാജ്യത്ത് ഇന്നലെ 27,323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,145 പേര്‍ രോഗമുക്തി നേടി. മരണം 385. ഇതോടെ ആകെ മരണം 4,45,801 ആയി. ഇതുവരെ 3,35,30,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.95 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,131 പേര്‍ക്കും തമിഴ്നാട്ടില്‍ 1,647 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,179 പേര്‍ക്കും മിസോറാമില്‍ 1,731 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 4,41,231 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,11,538 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,564 പേര്‍ക്കും റഷ്യയില്‍ 19,179 പേര്‍ക്കും തുര്‍ക്കിയില്‍ 29,338 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 16,361 പേര്‍ക്കും മലേഷ്യയില്‍ 15,759 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,021 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,861 പേരും റഷ്യയില്‍ 812 പേരും ഇറാനില്‍ 379 പേരും മലേഷ്യയില്‍ 334 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.21 ലക്ഷം.
🔳എച്ച്ഡിഎഫ്സി ബാങ്കും പേടിഎമ്മും ഒക്ടോബറില്‍ വിസ നെറ്റ്വര്‍ക്കിന്റെ ഭാഗമായുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. റീടെയ്ല്‍ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. മികച്ച ക്യാഷ്ബാക്കും ഏറ്റവും മികച്ച റിവാര്‍ഡുകളും നല്‍കി കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ഫെസ്റ്റീവ് സീസണുകളില്‍ ലാഭം കൊയ്യുകയെന്ന ലക്ഷ്യം ഇതിലുണ്ട്. ഇഎംഐ, വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നീട് പണം നല്‍കിയാല്‍ മതിയെന്ന ആനുകൂല്യം ഇതെല്ലാം ഇത്തരം കാര്‍ഡുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. രാജ്യത്ത് കാര്‍ഡ് വഴി നടക്കുന്ന ഇടപാടുകളില്‍ മൂന്നിലൊന്നും എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കളാണ്.
🔳ഫ്‌ലിപ്കാര്‍ട്ട് ഉത്സവകാല വില്‍പ്പന ഓഫറുകള്‍ പുറത്ത് വിട്ടതിനു പിന്നാലെ ഓഫര്‍ വില്‍പ്പനയുടെ സൂചന നല്‍കി ആമസോണും എത്തി. 80 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്ന വില്‍പനയാകും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുക. ആമസോണും തിയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ആമസോണ്‍ പേയിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ജോയിനിങ് ബോണസായി 750 രൂപയും വാലറ്റില്‍ ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അഞ്ച് ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് പലിശ രഹിത ഇഎംഐ ഓഫര്‍ ചെയ്യും. ഒരു ലക്ഷം രൂപ വരെയാണിത്.
🔳ലോകത്തില്‍ ആദ്യമായി ക്യമറ റിയലിസ്റ്റിക് ഷോര്‍ട്ട് ഫിലിം എന്ന റെക്കോഡ് നേടിയ ഷോര്‍ട്ട് ഫിലിമാണ് 'കുട്ടി ദൈവം'. ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച കുട്ടി ദൈവം ഷോര്‍ട്ട് ഫിലിമിനെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. സജീവ് ഇളമ്പല്‍ തിരക്കഥ രചിച്ചിരിക്കുന്ന കുട്ടി ദൈവത്തിന്റെ കഥ സംവിധായകന്റെത് തന്നെയാണ്. പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്സാണ്ടര്‍, നസീര്‍ സംക്രാന്തി, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്മാന്‍, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
🔳നവാഗത സംവിധായകന്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'അദൃശ്യ'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നൂറുദിവസത്തിലധികം നീണ്ടു നിന്ന ചിത്രീകരണം ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. ജോജു ജോര്‍ജ്, നരേന്‍,ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യന്‍ നടി കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അദൃശ്യത്തിനുണ്ട്.
🔳പുതിയൊരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‌കൂട്ടറാണ് എത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ അടിസ്ഥാന വേരിയന്റിന് 69,900 രൂപയാണ് എക്സ്ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
🔳മനോഹരങ്ങളായ ഗ്രാമങ്ങളെയും അതിന്റെ നിര്‍മ്മലതയെയും ഇതിനു മുന്‍പും കഥാകാരന്മാര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. എങ്കിലും വായനക്കാരന്റെ മനസില്‍ ആ വരികളിലെ കുളിരും തണുപ്പും നിര്‍മ്മലതയും അനുഭവേദ്യമാകുന്നിടത്താണ് ആ രചയിതാവിന്റെ വിജയം. അങ്ങനെ നോക്കുമ്പോള്‍ രജീഷ് വെങ്കിലാട്ട് 'പാച്ചപ്പൊയ്ക' എന്ന കഥകളിലൂടെ വായനക്കാരന്റെ മനസ് കവരുമെന്ന് നിസ്സംശയം പറയാന്‍ കഴിയും. കൈരളി ബുക്സ്. വില 114 രൂപ.
🔳മറവിരോഗം തടയാന്‍ ചില ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രോക്കോളി, കോളിഫ്ലവര്‍ എന്നിവ കഴിക്കുന്നത് തലച്ചോറിന് നന്നായി പ്രവര്‍ത്തിക്കുന്ന സംരക്ഷണ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും വര്‍ദ്ധിപ്പിക്കുന്നു. നട്സുകള്‍ തലച്ചോറിന് മികച്ച ലഘുഭക്ഷണമാണ്. ബ്ലൂബെറി, സ്ട്രോബെറി എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ അള്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ബെറി പഴങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മസ്തിഷ്‌ക കോശങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാനും നശീകരണ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. ഒമേഗ 3 കൊഴുപ്പുകള്‍ ധാരാളമായി ലഭിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കാരണം, ഈ ആരോഗ്യകരമായ കൊഴുപ്പുകളില്‍ അടങ്ങിയിരിക്കുന്ന ഡിഎച്ച്എ ബീറ്റാ-അമിലോയ്ഡ് ഫലകം കുറയ്ക്കും. അങ്ങനെ അള്‍ഷിമേഴ്സ് തടയുന്നു. സാല്‍മണ്‍, ട്യൂണ, അയല, മത്തി എന്നിവ ഒമേഗ 3 കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ബീറ്റ്റൂട്ടില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
*┗━▣━━◤◢━━▣━┛*
പ്രഭാത വാർത്തകൾ*
MAHE NEWS
0
Post a Comment