മാഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുന്നണികളെ നയിക്കുക പി.ടി.സി. ശോഭയും അജിത ടീച്ചറും?
മാഹി : കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം. ത്രികോണ മത്സരം നടക്കുന്ന മാഹിയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തിരക്കിലാണ്. അദ്ധ്യക്ഷ പദവി ഇത്തവണ വനിതകൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മുൻ നഗരസഭയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പി.ടി.സി.ശോഭയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി യു.ഡി.എഫ്. പരിഗണിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് പരമ്പര്യമുള്ള തറവാട്ടിൽ വളർന്ന കേരള സർവീസിൽ നിന്ന് ഡി.ഇ.ഒ.ആയി വിരമിച്ച, പന്തക്കലിലെ അജിത ടീച്ചറെയാണ് ഇടതു മുന്നണി പോരിനിറക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിപ്പട്ടികക്ക് അന്തിമരൂപമായിട്ടില്ല.
അതിനിടെ ന്യൂനപക്ഷ വോട്ടിൽ കണ്ണുംനട്ട് അന്തരിച്ച കോൺഗ്രസ് നേതാവ് ചെമ്പ്രയിലെ കെ.പി ബഷീർ ഹാജിയുടെ മകൾ ആഷിദിനെ മത്സരിപ്പിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് വിവിധ വാർഡുകളിൽ നിന്നുള്ള സ്ഥാനാർത്ഥി മോഹികളുടെ പട്ടികയിൽ നിന്നാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആറാം വാർഡിൽ കെ.സുരേഷ് മാത്രമാണ് ഏകസ്വരത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ആറ് പേർ രംഗത്തുവന്ന നാലാം വാർഡിലാണ് കൂടുതൽ പേര് നൽകിയത്. വിവിധ വാർഡുകളിലായി കെ.കെ. ശ്രീജിത്ത്, സത്യൻ കേളോത്ത്, കെ. മോഹനൻ, ജിതേഷ് വാഴയിൽ, അൻസിൽ അരവിന്ദ്, ഉദയകുമാർ, കെ.വി. സന്ദിവ്, ലിസ്സി ജോസ്, ഷൈല ഷാജൻ, പി.പി. വിനോദ്, ഷാജു കാനത്തിൽ, നളിനി ചാത്തു, ശ്യാംജിത്ത്, ആശാലത തുടങ്ങിയവരുടെ പേരുകളാണ് യു.ഡി.എഫ്.പരിഗണനാ പട്ടികയിലുള്ളത്. ഒരു സീറ്റിൽ ഘടകകക്ഷിയായ മുസ്ലിം ലീഗ് മത്സരിക്കും.
എൽ.ഡി.എഫ് പട്ടികയിൽ മൊട്ടേമ്മൽ ശൈലജ,, വി. ജനാർദ്ദനൻ, പി. അജിതൻ, ജിനോസ് ബഷീർ, കെ.പി. വത്സൻ, മനോളി സൈനബ, കെ.പി. സുനിൽകുമാർ, മുക്കത്ത് രമേശൻ, പി. മോഹനൻ, സതീശൻ എന്നിവരുടെ പേരുകൾ തെളിയുന്നുണ്ട്. ഘടകകക്ഷിയായ സി.പി.ഐ ഒരു സീറ്റിൽ മത്സരിക്കും.
ബോർഡ്, കൊടിതോരണണൾ, പോസ്റ്ററുകളൊന്നും പാടില്ലെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് വ്യത്യസ്തമായി, മാഹിയിൽ ചെയർപേഴ്സനെ തിരഞ്ഞെടുക്കുന്നത് വോട്ടർ നേരിട്ടാണ്. നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരും മുനിസിപ്പാലിറ്റിയിലെ വോട്ടർമാരുമാണ്. ഒരാൾ രണ്ടു വോട്ടുകൾ ചെയ്യണം, ചെയർമാനേയും വാർഡ് കൗൺസിലറേയും തിരഞ്ഞെടുക്കാം.
Post a Comment