സായാഹ്‌ന വാർത്തകൾ
🔳നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. കൊവിഡ് നേരിടാന്‍ ജോ ബൈഡന്‍ വിളിച്ച സമ്മേളനത്തില്‍ മോദി പങ്കെടുക്കും. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അഫ്ഗാന്‍ വിഷയവും ചര്‍ച്ചയാകും എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ 24ന് ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചര്‍ച്ച നടത്തും. 25ന് ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന യുഎന്‍ പൊതുസഭയെയും അദ്ദേഹം അഭിസംബോധന ചെയ്യും
🔳ക്വാറന്റീന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി യുകെ. ആസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യുകെ അറിയിച്ചിരിക്കുന്നത്.
🔳സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
🔳നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഉന്നയിച്ച പാലാ ബിഷപ്പ് അത് തിരുത്തുകയാണ് വേണ്ടതെന്ന് സിപിഐ. പ്രസ്താവന ശരിയായോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാര്‍പ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പ് മാതൃകയാക്കിയാല്‍ മതിയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
🔳നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന്റേത് കള്ളക്കളിയാണെന്നും സതീശന്‍ ആരോപിച്ചു. മന്ത്രി വാസവന്‍ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രി തുറന്നുവെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ചോദിച്ചു.
🔳പാലാ ബിഷപ്പ് തുടങ്ങിവെച്ച ജിഹാദ് വിഷയം, ശബരിമല വിഷയം പോലെ മുന്നില്‍നിന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ആരോപണം ബി.ജെ.പിയുടെ അജണ്ടയാണെന്ന രീതിയിലുള്ള വരുത്തിത്തീര്‍ക്കലിന് വഴി തുറക്കാതിരിക്കാന്‍, പിന്തുണ മതിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍.
🔳കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നല്‍കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.
🔳കെ കരുണാകരന്‍ ട്രസ്റ്റ് വിവാദം ഏറ്റെടുത്ത് ഡിവൈഎഫ്ഐ. ലീഡര്‍ക്ക് വേണ്ടി പിരിച്ച 16 കോടി എവിടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ചോദിച്ചു. സുധാകരന്റെ കീശയില്‍ കരുണാകരനെ വിറ്റ കാശാണ് ഉള്ളത്. കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയ കോടാലിയാണ് കെ സുധാകരനെന്നും ആ കോടാലിയാണ് ഇപ്പോള്‍ മുരളീധരന്‍ പിടിക്കുന്നതെന്നും റഹീം പരിഹസിച്ചു. മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതനാണ് സുധാകരനെന്നും സിപിഎം സെക്രട്ടറിക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും റഹീം വ്യക്തമാക്കി.
🔳സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
🔳സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. സ്‌കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.
🔳സംസ്ഥാന എന്‍സിപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. പ്രസിഡന്റ് പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് എ കെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആരോപണം. കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപി തലപ്പത്തേക്കെത്തിയ പിസി ചാക്കോയും ശശീന്ദ്രന്‍പക്ഷവും തമ്മിലാണ് തര്‍ക്കം. മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടിപി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം.
🔳ഐ എസ് ആര്‍ ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങള്‍ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.
🔳തലസ്ഥാന നഗരത്തില്‍ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഡാന്‍സാഫ് പിരിച്ച് വിട്ടു.
🔳ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്ന തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനുള്ളില്‍ ഓഡിററ് പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്വതന്ത്രസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
🔳ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാടില്ലെന്ന് ഡിജിസിഎ. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അപാകത പരിഹരിച്ച് നല്കിയാല്‍ പരിഗണിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
🔳ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
🔳കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡി.ആര്‍.ഐ. പിടികൂടിയത്.
🔳അടുത്ത പത്തുവര്‍ഷംകൊണ്ട് ഹരിത ഊര്‍ജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്നുള്ള ഊര്‍ജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിര്‍മാണം, ഊര്‍ജ വിതരണം, ഹൈഡ്രജന്‍ ഉത്പാദനം എന്നിങ്ങനെയാകും നിക്ഷേപം.
🔳ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍. തിങ്കളാഴ്ചയാണ് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇക്കാര്യം അഭ്യര്‍ഥിച്ച് കത്ത് നല്‍കിയത്.
🔳ദൈവം കനിഞ്ഞു നല്‍കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്ന് സുനില്‍ ഗാവസ്‌കര്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സര ശേഷമാണ് സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്‌കറിന്റെ പ്രതികരണം വന്നത്. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഞ്ജു സ്‌കോറിങ്ങില്‍ സ്ഥിരത കണ്ടെത്തിയേ മതിയാകൂവെന്നും അതിന് ആദ്യം ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തണമെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ എവര്‍ഗ്രാന്റെയുടെ കടബാധ്യത ഉയര്‍ത്തിയ ആശങ്കയുടെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണിത്. പവന് 280 രൂപ കൂടി 35,080 ആയി. ഗ്രാമിന് 35 രൂപ കൂടി 4385 ആയി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1776 ആയി ഉയര്‍ന്നു. വരാനിരിക്കുന്ന യു.എസ് ഫെഡര്‍ റിസര്‍വ് നിരക്കില്‍ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചാകും സ്വര്‍ണവിലയുടെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുക.
🔳സംവിധായകന്‍ വൈശാഖിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ ചിത്രീകരണമാണ് തുടങ്ങിയത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതായി വൈശാഖ് തന്നെയാണ് അറിയിച്ചത്. റോഷന്‍ മാത്യു, ഇന്ദ്രജിത്ത്, അന്ന ബെന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
🔳കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് സാനി കൈദം. ചിത്രം 1980 കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സെല്‍വരാഘവന്റെ സഹോദരിയായിട്ട് ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. വ്യത്യസ്തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും.
🔳രാജ്യത്തെ പ്രബല എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോ നിയോ, സ്‌കോര്‍പിയോ, മരാസോ തുടങ്ങിയ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചു. മരാസോയുടെ അടിസ്ഥാന ട്രിമ്മിനുള്ള വില 12,000 രൂപ വര്‍ധിച്ചപ്പോള്‍ എം4 പ്ലസിന് ഇപ്പോള്‍ 13,000 രൂപയോളം അധികം നല്‍കണം. ടോപ്-സ്‌പെക്ക് എം6 പ്ലസിന് 14,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ലഭിക്കുന്നു. സ്‌കോര്‍പിയോയ്ക്ക് ഏകദേശം 18,000 മുതല്‍ 22,000 രൂപ വരെയാണ് വര്‍ധന. ബൊലേറോ നിയോയ്ക്കാണ് ഏറ്റവും വില വര്‍ദ്ധനവ്. എന്‍10, എന്‍10 (ഒ) ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ 30,000 രൂപ അധികം മുടക്കണം.
🔳കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുപരിചിതമായ ലളിതം ഉള്‍പ്പെടെ കുട്ടികള്‍ക്ക് ചൊല്ലിരസിക്കാവുന്ന പതിനെട്ടു കവിതകളുടെ സമാഹാരം. കവിതകള്‍ക്ക് പി രാമന്‍ നല്‍കിയ ശബ്ദരൂപത്തോടെയാണ് ലളിതം പുറത്തിറക്കുന്നത്. 'ലളിതം'. പി.പി രാമചന്ദ്രന്‍. ഡിസി ബുക്സ്. വില 94 രൂപ.
🔳കൊവിഡ് 19 മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് വാക്‌സിന്‍. എന്നാല്‍ ചില അസുഖങ്ങളുള്ളവര്‍ക്കും പ്രത്യേക ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കുമെല്ലാം വാക്‌സിന്‍ സ്വീകരിക്കാമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുന്നുണ്ട്. ഏതായാലും ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് 'യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി'യുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പുറത്തുവന്നിരിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാമോ, അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എത്രമാത്രം ഫലപ്രദമായിരിക്കും വാക്‌സിന്‍ എന്നീ കാര്യങ്ങളാണ് പഠനം വിലയിരുത്തിയിരിക്കുന്നത്. പഠനത്തിനായി ക്യാന്‍സര്‍ ബാധിതരായി വിവിധ രീതിയിലുള്ള ചികിത്സയിലൂടെ കടന്നുപോകുന്നവരെ തന്നെയാണ് തെരഞ്ഞെടുത്തത്. ക്യാന്‍സര്‍ രോഗികളില്‍ (ചികിത്സയെടുക്കുന്നവരില്‍) പാര്‍ശ്വഫലങ്ങളേതുമില്ലാതെ കൊവിഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൊവിഡിനെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നുമാണ് പഠനത്തിന്റെ കണ്ടെത്തല്‍. കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, കീമോ-ഇമ്മ്യൂണോ തെറാപ്പി എന്നിവയിലൂടെ കടന്നുപോകുന്ന രോഗികളിലെ പരീക്ഷണഫലമാണിത്. മൊഡേണ വാക്‌സിന്‍ ആണ് പരീക്ഷണത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 73.85, പൗണ്ട് - 100.75, യൂറോ - 86.61, സ്വിസ് ഫ്രാങ്ക് - 80.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.49, ബഹറിന്‍ ദിനാര്‍ - 195.93, കുവൈത്ത് ദിനാര്‍ -245.32, ഒമാനി റിയാല്‍ - 191.79, സൗദി റിയാല്‍ - 19.69, യു.എ.ഇ ദിര്‍ഹം - 20.10, ഖത്തര്‍ റിയാല്‍ - 20.29, കനേഡിയന്‍ ഡോളര്‍ - 57.67.
Post a Comment