പ്രഭാത വാർത്തകൾ
🔳യുഎന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഐഎസ് ഇന്ത്യയുടെ അയല്‍പക്കത്ത് വരെ എത്തിയെന്നും രക്ഷാ സമിതിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആശങ്കയറിയിച്ചു. താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ജെയിഷെ- ഇ മുഹമ്മദും ലഷ്‌ക്കര്‍ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും രക്ഷാസമിതിയെ അറിയിച്ചു.
🔳രാജ്യത്ത് രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച 87,000-ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചവരില്‍ 80,000 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. അതേസമയം രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 40,000 പേര്‍ക്കാണ് രോഗം ബാധിച്ചത്.
🔳രാജ്യത്ത് 3.86 കോടി പേര്‍ക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വ്യാഴാഴ്ച ഉച്ചവരെ 44,22,85,854 പേര്‍ക്കാണ് ഒന്നാം ഡോസ് കുത്തിവെപ്പ് നല്‍കിയത്. 12,59,07,443 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കി.
🔳സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്ന് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറയുന്നു. ആത്മഹത്യ സ്ഥിരീകരിച്ചാല്‍ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ല. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകുമെന്നും ഉത്തരവില്‍ പറയുന്നു.
🔳സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
🔳സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവുമായ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണെന്നും ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നുവെന്നത് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉന്നത നേതാവിനെതിരെ നടപടിയെടുത്ത് കെപിസിസി. കോണ്‍ഗ്രസ് നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
🔳സിറോമലബാര്‍ സഭ സിനഡ് നേതൃത്വത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം സഭ. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി കുര്‍ബാന ഏകീകരണമല്ല, സിനഡ് ചര്‍ച്ച ചേയ്യെണ്ടത് വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും ചിലര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന് പിഴയായി നല്‍കേണ്ടിവന്നത് 5.84 കോടിരൂപയാണെന്നും സത്യദീപം ആരോപിച്ചു.
🔳ആറ്റിങ്ങലില്‍ വഴിയോരത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീയുടെ മത്സ്യങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ നഗസഭാ ജീവനക്കാര്‍ക്കെതിരെ നടപടി. മീന്‍ തട്ടിയെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭയിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.
🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ തെളവെടുപ്പിനായി ബാങ്കിലെത്തിച്ചു. ഒന്നാം പ്രതി സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതി ജില്‍സിന്റെ ഭാര്യയുടെ സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
🔳പ്രശസ്ത കായിക പരിശീലകനായ ഒ എം നമ്പ്യാര്‍ അന്തരിച്ചു. പി ടി ഉഷയുടെ മുന്‍കാല പരിശീലകനായിരുന്ന ഒ.എം. നമ്പ്യാര്‍ക്ക് 89 വയസായിരുന്നു. കോഴിക്കോട് മണിയൂര്‍ സ്വദേശിയാണ് ഒ എം നമ്പ്യാര്‍. ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1985ല്‍ രാജ്യം ദ്രോണാചാര്യ നല്‍കി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് അദ്ദേഹം. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. 1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.
🔳അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാരെ ഓര്‍ത്തെടുത്ത് അദ്ദേഹത്തിന്റെ പ്രിയശിഷ്യ പി ടി ഉഷ. ''എന്റെ ഗുരു, പരിശീലകന്‍, വഴിക്കാട്ടി... അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒ എം നമ്പ്യാര്‍ സാറെ തീര്‍ച്ചയായും മിസ് ചെയ്യും.'' ഉഷ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.
🔳ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇന്റിഗോ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
🔳അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രധാന എണ്ണവില സൂചികകള്‍ എല്ലാം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഡീസലിന് രണ്ടു ദിവസമായി 42 പൈസ കുറച്ചത് ഒഴിച്ചാല്‍ ജനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.
🔳കേന്ദ്രമന്ത്രി നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന് പിന്നാലെ ബാല്‍ താക്കറെയുടെ പ്രതിമ ശുദ്ധീകരിച്ച് ശിവസേന പ്രവര്‍ത്തകര്‍. മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ച് ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തി. 2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താക്കറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്.
🔳ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഗുജറാത്തില്‍ കൊണ്ടുവന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകള്‍ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്ന് ഹൈക്കോടതി.
🔳അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ 'വളരെ ശ്രദ്ധാപൂര്‍വ്വം' ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
🔳ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ എല്ലാ വ്യാപാരബന്ധവും താലിബാന്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. എന്നാല്‍ ചില രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ താലിബാന്‍ നിഷേധിച്ചു. അഫ്ഗാനിസ്ഥാന്റെ വ്യാപാരബന്ധങ്ങള്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിവംദന്തികള്‍ തെറ്റാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
🔳അഫ്ഗാനിസ്താന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 102-ാം വാര്‍ഷികത്തില്‍ താലിബാന്‍ ഭീഷണി വകവെക്കാതെ ഔദ്യോഗികപതാകയുമേന്തി സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ വ്യാഴാഴ്ച തെരുവിലിറങ്ങി. താലിബാന്‍ പലയിടത്തും വെടിവെപ്പുനടത്തി. കിഴക്കന്‍ പ്രവിശ്യയായ കുനാറിന്റെ തലസ്ഥാനമായ അസാദാബാദില്‍ റാലിക്കിടെ ഏതാനുംപേര്‍ കൊല്ലപ്പെട്ടു.
🔳അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച്, അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ തോക്കുമായി, അമേരിക്കന്‍ സൈനിക വാഹനത്തില്‍ താലിബാന്‍ ഭീകരരുടെ റോന്തുചുറ്റല്‍. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ താലിബാന്‍ ഭീകരര്‍ വിലസുന്നത്. അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും നഷ്ടപ്പെട്ടെന്നും അവ താലിബാന് ലഭിച്ചിട്ടുണ്ടാകാമെന്നും വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉപദേശകന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
🔳അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ താരമെന്ന് റിപ്പോര്‍ട്ട്. 19 വയസുകാരന്‍ സാകി അന്‍വരിയാണ് മരിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 1,30,768 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500.
🔳രാജ്യത്ത് ഇന്നലെ 36,592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,451 പേര്‍ രോഗമുക്തി നേടി. മരണം 543. ഇതോടെ ആകെ മരണം 4,33,622 ആയി. ഇതുവരെ 3,23,58,210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.57 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,702 പേര്‍ക്കും കര്‍ണാടകയില്‍ 1,432 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,501 പേര്‍ക്കും ഒറീസയില്‍ 1041 ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 7,09,217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,51,442 പേര്‍ക്കും ബ്രസീലില്‍ 35,991 പേര്‍ക്കും റഷ്യയില്‍ 21,058 പേര്‍ക്കും ഫ്രാന്‍സില്‍ 23,973 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,572 പേര്‍ക്കും ഇറാനില്‍ 31,266 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 22,053 പേര്‍ക്കും മെക്സിക്കോയില്‍ 28,953 പേര്‍ക്കും മലേഷ്യയില്‍ 22,948 പേര്‍ക്കും ജപ്പാനില്‍ 23,918 പേര്‍ക്കും തായലാന്‍ഡില്‍ 20,902 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.07 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.76 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,740 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 940 പേരും ബ്രസീലില്‍ 1,030 പേരും റഷ്യയില്‍ 791 പേരും ഇറാനില്‍ 564 പേരും ഇന്‍ഡോനേഷ്യയില്‍ 1,492 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.15 ലക്ഷം.
🔳കോവിഡിനിടയിലും ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ടാറ്റ സ്റ്റീല്‍. 2020- 21 വര്‍ഷത്തെ ബോണസായി 270.28 കോടി രൂപയാണ് സ്വകാര്യ ലോഹ മേഖലയിലെ വമ്പന്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ടാറ്റ സ്റ്റീലും ടാറ്റ ജീവനക്കാരുടെ സംഘടനയും ധാരണയിലെത്തി. ടാറ്റ സ്റ്റീലിന്റെ എല്ലാ വിഭാഗത്തിലുള്ള അര്‍ഹതയുള്ള ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. ഏകദേശം 3,59,029 ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസിന് അര്‍ഹതയുണ്ട്. ഏറ്റവും കൂടിയ ബോണസ് തുക 34,920 രൂപയാണ്.
🔳കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ ഫോണ്‍ പേ ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഓണത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് കമ്പനി അടുത്തിടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണ നാണയവും ബാറുകളും ഫോണ്‍പേയിലൂടെ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് 2,500 രൂപ വരെയാണ് ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ആഗസ്റ്റ് 31 വരെ സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.
🔳നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന 'ഏക് ദിന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ഗാനവും പുറത്തെത്തി. സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഏറേ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണുഗോപാല്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തെത്തിയ ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. 'വാ വാ വാ കേറി വാടാ' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.
🔳സമദ് മങ്കട സംവിധാനം ചെയ്ത 'കാറ്റ് കടല്‍ അതിരുകള്‍' എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒടിടി പ്ലാറ്റ്ഫോം ആയ ആക്ഷന്‍ പ്രൈമില്‍ ഓണം റിലീസ് ആയി ഉത്രാട ദിനത്തിലാണ് (ഓഗസ്റ്റ് 19) ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥ പ്രധാന പ്രമേയമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. എസ് ശരത്തിന്റെ കഥയ്ക്ക് കെ സജിമോനാണ് സംഭാഷണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
🔳വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് നിര്‍മാതാക്കളായ പിയാജിയോ വൈഹിക്കിള്‍സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണം ഓഫറുകളുടെ ഭാഗമായി മുഴുവന്‍ വെസ്പ & അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് ആണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ പര്‍ച്ചേസിനും സൗജന്യമായി 'ഓണം കിറ്റ്' ആണ് മറ്റൊരു സമ്മാനം. സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള ജീവനക്കാര്‍ക്ക് നൂറ് ശതമാനം ഫണ്ടിംഗോടെ വാഹനം വാങ്ങുവാനുള്ള സൗകര്യം, കൂടാതെ എക്സ്ചേഞ്ച് വാഹനങ്ങള്‍ക്ക് 5000 രൂപ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.
🔳വായിക്കാന്‍ കൊള്ളാവുന്ന ഒരു കഥ വേണമെങ്കില്‍ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറില്‍ കേറി ഒരു നിപ്പനടിക്കുന്ന മട്ടില്‍ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടന്‍ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല.'കപ്പിത്താന്റെ ഭാര്യ'. ബിപിന്‍ ചന്ദ്രന്റെ ആദ്യ നോവല്‍. മാതൃഭൂമി . വില 120 രൂപ.
🔳രാത്രിയില്‍ കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് പകല്‍സമയത്തെ എല്ലാ ജോലികളെയും മോശമായി ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ രാത്രിയില്‍ ശരിയായി ഉറക്കം ലഭിച്ചില്ലെങ്കില്‍ പകലുറക്കം നടത്തി അതിനെ പരിഹരിക്കാമല്ലോ എന്നായിരിക്കും നിങ്ങളില്‍ മിക്കവരും ചിന്തിക്കുന്നത്. അരമണിക്കൂര്‍ നേരമോ, ഒരു മണിക്കൂര്‍ നേരമോ ഒക്കെ മയങ്ങിയുണര്‍ന്നാല്‍ തന്നെ തലേ ദിവസത്തെ ഉറക്കച്ചവടിന് ആശ്വാസം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും അത്തരത്തില്‍ ഉപദേശിക്കുന്നവരും കുറവല്ല. എന്നാലിത് തീര്‍ത്തും തെറ്റായ ധാരണയാണെന്നാണ് മിഷിഗണ്‍ സ്റ്ററ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പറയുന്നത്. രാത്രിയിലെ ദീര്‍ഘനേരത്തെ ഉറക്കവും പകല്‍സമയത്തെ ചെറിയ മയക്കും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ തങ്ങളുടെ 'സ്ലീപ് ആന്റ് ലേണിംഗ് ലാബ്'ല്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും തുടര്‍ച്ചയായ ഉറക്കം നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പല ഘട്ടങ്ങളിലായാണ് ഉറക്കം സംഭവിക്കുന്നത്. 'സ്ലോ വേവ് സ്ലീപ്' (എസ്ഡബ്ല്യൂഎസ്) എന്ന ഘട്ടമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ശരീരവും മനസും ഒരുപോലെ 'റിലാക്‌സ്' ആകുന്ന ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുകയും, പേശികള്‍ മുഴുവനായി വിശ്രമത്തിലാവുകയും, നെഞ്ചിടിപ്പും ശ്വാസഗതിയും മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉറക്കം പരിപൂര്‍ണ്ണമായാല്‍ മാത്രമേ പിന്നീട് ഉണരുമ്പോള്‍ തലച്ചോര്‍ ഉന്മേഷപൂര്‍വ്വവും കാര്യക്ഷമമായും പ്രവര്‍ത്തിക്കൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ പോകുമ്പോള്‍ അതിനെ അല്‍പനേരത്തെ പകലുറക്കം കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കരുതെന്നും ഇത് ഡ്രൈവര്‍മാര്‍, പൊലീസുകാര്‍, സര്‍ജന്മാര്‍ തുടങ്ങി പല പ്രൊഫഷണിലുള്ളവരെയും അപകടകരമായ രീതിയില്‍ സ്വാധീനിക്കാമെന്നും പഠനം പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഭിക്ഷ ചോദിച്ചെത്തുന്ന യുവബുദ്ധഭിക്ഷുവിനെ കാത്ത് സുന്ദരിയായ ആ യുവതി എന്നും കാത്തുനില്‍ക്കുമായിരുന്നു. ഒരു ദിവസം ഭിക്ഷു ആ യുവതിയോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്റെ വരവും കാത്ത് നില്‍ക്കുന്നത്. ഭിക്ഷ നല്‍കാന്‍ അത്രയും താല്‍പര്യമാണോ? യുവതി പറഞ്ഞു: താങ്കള്‍ വളരെ സുന്ദരനാണ്. താങ്കളുടെ കണ്ണുകള്‍ അതിമനോഹരമാണ്. ആ കണ്ണുകള്‍ കാണുന്നതിന് വേണ്ടിയാണ് ഞാന്‍ എന്നും കാത്ത് നില്‍ക്കുന്നത്.. പിറ്റെദിവസം ഭിക്ഷുവിനെ കാത്ത് നിന്ന യുവതിയെ തേടി ഒരാള്‍ എത്തി. ഒരു പൊതിയും ഒപ്പം ഒരു കുറിപ്പും അയാള്‍ യുവതിയെ ഏല്‍പ്പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: നിന്നെ ആകര്‍ഷിച്ച എന്റെ രണ്ടു കണ്ണുകള്‍ ഞാന്‍ നിനക്കായി ചൂഴ്‌ന്നെടുത്തു നല്‍കുന്നു. നിനക്കിതു സ്വന്തമാക്കാം. എന്റെ മുന്നോട്ടുള്ള യാത്രയില്‍ എന്റെ കണ്ണുകള്‍ എനിക്ക് തടസ്സമാകാന്‍ പാടില്ല... ! ഇഷ്ടം രണ്ടുതരത്തില്‍ രൂപപ്പെടാം. നാം ചെയ്യുന്ന കര്‍മ്മമോ നമ്മുടെ സ്വഭാവ സവിശേഷതകളോ കണ്ട്, അതെല്ലെങ്കില്‍ നമ്മുടെ ബാഹ്യസൗന്ദര്യം കണ്ട്. ബാഹ്യസൗന്ദര്യ സങ്കല്‍പങ്ങളുടെ പേരില്‍ തോന്നുന്ന ആദരത്തിന്റെ ആയുസ്സ് ആ സൗന്ദര്യഘടകങ്ങള്‍ക്ക് വ്യത്യാസം വരുന്നത് വരെ മാത്രമേ ഉണ്ടാകൂ. ഒരിക്കല്‍ ആകര്‍ഷകമായിരുന്നവ പിന്നീട് അനാകര്‍ഷകമായി തോന്നിയാല്‍ അന്ന്, അവിടെ അവസാനിക്കും ആരാധന. ഇഷ്ടം സ്വഭാവവൈശിഷ്ട്യത്തിന്റെ പേരിലാണെങ്കില്‍ ബാഹ്യസൗന്ദര്യത്തിന് എന്ത് കേട്പാട് സംഭവിച്ചാലും അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ആരെ ആരാധിക്കുമ്പോഴും സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം: എന്തിലാണ് ആകൃഷ്ടരായത്? ഈ ആകര്‍ഷണം വെറും ആസക്തിയാണോ? ആരാധന തോന്നിയത് വ്യക്തിയോടോ മനോഭാവത്തോടോ സ്വഭാവത്തോടോ ? ഒരോ ഇഷ്ടത്തിന് പിന്നിലും ശക്തമായ ആന്തരിക കാരണം ഉണ്ടാകണം, അല്ലാത്ത ഇഷ്ടങ്ങള്‍, അത് അവസാനിപ്പിക്കാനുളള കാരണങ്ങള്‍ അന്വേഷിച്ച് അലഞ്ഞുകൊണ്ടേയിരിക്കും. ഇഷ്ടങ്ങള്‍ ശക്തമാകട്ടെ, ആകര്‍ഷണം മനസ്സിനോടാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
Post a Comment