o പ്രഭാതവാർത്തകൾ
Latest News


 

പ്രഭാതവാർത്തകൾ

 അരിമണിയിൽ ചിത്ര വസന്തം തീർത്ത് തലശ്ശേരിക്കാരി



അരിമണിയിൽ ചിത്രമോ! എന്നാൽ കാര്യം സത്യമാണ്. അക്രലിക് പെയിന്റിൽ അരിമണിയിൽ നൂറിനം പച്ചക്കറിയുടെയും പഴങ്ങളുടെയും ചിത്ര വരച്ച്‌ ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ’ ഇടം നേടിയിരിക്കുകയാണ് ഇല്ലിക്കുന്ന് വിജയൻ കാവിൽ പി കെ അക്ഷയ. ചിത്രകല പഠിക്കാത്ത അക്ഷയ ലോക്ക്ഡൗൺ കാലത്താണ് വ്യത്യസ്‌തമായ ചിത്രങ്ങൾ സൃഷ്ടിച്ചത്‌.

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിലെ അവസാനവർഷ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥിനിയാണ്.കൊറോണക്കാലം വീട്ടിൽ ഇരിപ്പായതോടെയാണ് വിരസത മാറ്റാൻ ബോട്ടിൽ ആർട്ട് ചെയ്തത്. പിന്നെ ചിരട്ടയിലായി പരീക്ഷണം. ചിരട്ടയിൽ ജഗ്, കപ്പ് തുടങ്ങി വ്യത്യസ്ത കരകൗശല വസ്തുക്കൾ നിർമിച്ചു. വോൾ പെയിന്റിൽ കാർട്ടൂൺ ചിത്രങ്ങൾ വരച്ച്‌ വിൽപനയും നടത്തി. ചെറിയ ബട്ടൺസ്, പിസ്തയുടെ പുറംതോട് എന്നിവ ഉപയോഗിച്ച് മിനി സ്കെച്ച് ബുക്കും നിർമിച്ചു.വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ്‌ അരി മണിയിലെ ചിത്രരചനയിലെത്തിച്ചതെന്ന്‌ അക്ഷയ പറഞ്ഞു.



⬛പാലക്കാട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീർ ഹുസൈനാണ് വെട്ടേറ്റത്.   നേരത്തെ ബിജെപി

പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസിൽ പ്രതിയാണിയാൾ. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ സക്കീർ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്, സുദർശൻ, ഷിജു, ശ്രീജിത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.


⬛കരുവന്നൂർ ബാങ്ക്‌ തിരിമറി: പ്രസിഡന്റുൾപ്പെടെ നാലുപേരെ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കി

തൃശൂർ> കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയിൽ ബാങ്ക് പ്രസിഡന്റുൾപ്പെടെ നാലുപേരെ സിപിഐ എമ്മിൽനിന്ന് പുറത്താക്കി. ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച ജില്ലാകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൊത്തം 13 പേർക്കെതിരെ അച്ചടക്കനടപടിയെടുത്തതായി സിപിഐ എം ജില്ലാകമ്മിറ്റി അറിയിച്ചു.

ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിയും തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ള ബാങ്ക് ജീവനക്കാരായ ടി ആർ സുനിൽകുമാർ, എം കെ ബിജു, സി കെ ജിൽസ് എന്നിവരെയും സാമ്പത്തിക തട്ടിപ്പ് മനസ്സിലാക്കി ഇടപെടാൻ കഴിയാതിരുന്ന ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരനെയും പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം ബി ദിനേഷ്, ടി എസ് ബൈജു,അമ്പിളി മഹേഷ്, എൻ നാരായണൻ എന്നിവരെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രനെയും പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ക്രമക്കേടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാട്, അഡ്വ. കെ ആർ വിജയ എന്നിവരെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും കരുവന്നൂർ ലോക്കൽ സെക്രട്ടറി പി എസ് വിശ്വംഭരനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.

പാർടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണിന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാകമ്മിറ്റിയോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തീരുമാനത്തിന് അംഗീകാരം ലഭിക്കുന്നതിനായി സംസ്ഥാനകമ്മിറ്റിക്ക് നൽകിയതായും ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.



⬛സംസ്ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നു ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്‌സിന്‍ ഇല്ല. അതിനാൽ പല ജി‌‌ല്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.  

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള്‍ ഉയര്‍ന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് 100 ശതമാനം നല്‍കി. വയനാട്ടില്‍ 2,72,333 പേര്‍ക്കും കാസര്‍കോട്ട് 3,50,648 പേര്‍ക്കും വാക്‌സിന്‍ നല്‍കി. ഈ രണ്ടു ജില്ലകളിലും 45 വയസ്സിനു മുകളിലുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു കൂടി വാക്‌സിൻ നല്‍കമെന്നും മന്ത്രി പറഞ്ഞു. 

18-ാം തീയതിക്കുശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്‌സിന്‍ ലഭിച്ചിരുന്നു. വാക്‌സിന്‍ ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്‍കുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്‌സിന്‍ കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയില്‍ വാക്‌സിന്‍ വിതരണം ചെയ്യാനായി-മന്ത്രി പറഞ്ഞു.



⬛തീപിടുത്തം ചെറുക്കാനാവുന്ന യാത്രാ കോച്ചുകള്‍ നിര്‍മ്മിച്ച്‌ ഇന്ത്യന്‍ റെയില്‍വേ.

തീപിടുത്തത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രത്യേകതരം യാത്രാ കോച്ചുകള്‍ നിര്‍മ്മിച്ച്‌ ഇന്ത്യന്‍ റെയില്‍വേ.

പഞ്ചാബിലെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച്‌ ഫാക്ടറിയില്‍ പുതുതായി നിര്‍മ്മിച്ച യാത്രാ കോച്ചുകള്‍ക്കാണ് തീപിടുത്തം ചെറുക്കാന്‍ കഴിവുളളത്.

റെയില്‍വേ വിവിധ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തിലൊരു കോച്ച്‌ വികസിപ്പിച്ചെടുത്തതെന്നാണ് ആര്‍സിഎഫ് ജനറല്‍ മാനേജര്‍ രവീന്ദര്‍ ഗുപ്ത വ്യക്തമാക്കിയത്. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോച്ചില്‍ യാത്രക്കാരുടെ സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇലക്‌ട്രിക്കല്‍ ഫിറ്റിംഗ്, ടെര്‍മിനല്‍ ബോര്‍ഡ്, കണക്ടര്‍ ഇവയ്ക്കെല്ലാമായി മെച്ചപ്പെട്ട വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.


🔳കോവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാന്‍ സാധ്യത കൂടുതലെന്ന് വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുള്ളവരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.


🔳എറ്റവും പുതിയ കോവിഡ് വാക്‌സിനായ 'കോര്‍ബിവാക്‌സ്' സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'ബയോളജിക്കല്‍ ഇ'യാണ് വാക്‌സിന്‍ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.  ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളില്‍ വിജയം കണ്ട കോര്‍ബിവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.


🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാക്കിയ ശശി തരൂര്‍ 'സ്വാര്‍ത്ഥമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു' വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും ആരോപിച്ചു.


🔳രാജ്യത്ത് കോവിഡ് 19 വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. 2020-21 കാലഘട്ടത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി നിലകൊള്ളുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ തിരിച്ചുവരവിന്റെ പാദയിലാണെന്നും അവര്‍ പറഞ്ഞു.


🔳കര്‍ഷക പ്രക്ഷോഭത്തില്‍ വിഘടന വാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടാകാം എന്ന പരാമര്‍ശം നടത്തിയ പഞ്ചാബ് കിസാന്‍ യൂണിയന്‍ അധ്യക്ഷനെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്‌പെന്‍ഡ് ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ജൂലായ് 21 ന് അഭിസംബോധന ചെയ്യവെ പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് റുല്‍ദു സിങ് മന്‍സ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.


🔳രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍. പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും വേദന എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും നിലനില്‍പ്പിനുവേണ്ടി കളളങ്ങള്‍ പറയുന്നത് അദ്ദേഹം ഒരു ശീലമാക്കിയിരിക്കുകയാണെന്നും തോമര്‍ പറഞ്ഞു.


🔳പാര്‍ലമെന്റില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വിസ് ബാങ്കില്‍ നിഷേപിച്ച കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എം.പി. വിന്‍സെന്റ് എച്ച്. പാല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്‍കി. എന്നാല്‍, വിദേശത്തു നിഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കുന്നതിനു സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


🔳സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി , പാലോട് സ്വദേശിനി , മെഡിക്കല്‍ കോളേജ് സ്വദേശിനി എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്.


🔳സംസ്ഥാനത്ത് കോവിഡ് പ്രതിരോധമരുന്നിന് കടുത്തക്ഷാമം. മരുന്ന് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതല്‍ ഭാഗികമായി. വാക്സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ചതു പോലെയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണെന്നും വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ഥിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണെന്നും 1.87 കോടിയോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


🔳മുട്ടില്‍ മരംമുറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങള്‍ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനെയും റവന്യു റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.


🔳സെക്രട്ടേറിയേറ്റിന് മുന്നിലെ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം വീണ്ടും ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി

ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് പോകുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ് സമരക്കാരുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീര്‍പ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.


🔳കുണ്ടറ ഫോണ്‍ വിളി വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി എന്‍സിപി. മൂന്ന് പേരെ കൂടി അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, പാര്‍ട്ടി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ്, എന്നിവര്‍ക്കെതിരേയാണ് നടപടി. പത്മകരന്‍, രാജീവ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോണ്‍ സംഭാഷണങ്ങളില്‍ മന്ത്രി ശ്രദ്ധ പുലര്‍ത്തണമെന്നും എന്‍സിപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു.


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കൂട്ട 🔳നടപടി. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരേ നടപടിയെടുത്തു. ഇരിഞ്ഞാലക്കുട ഏരിയാ സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്. പ്രതികളായ ജീവനക്കാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.


🔳കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ രാജിയോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പയെന്നും അദ്ദേഹം രാജിവെച്ചത് കൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.


🔳തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ഹോട്ടലില്‍ തടഞ്ഞു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്ന സംഘത്തെയാണ് ത്രിപുര പോലീസ് തടഞ്ഞുവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനായി ഒരു സര്‍വേ നടത്തുന്നതിനായാണ് പ്രശാന്തിന്റെ സംഘം ത്രിപുരയില്‍ എത്തിയത്. 22 പേരടങ്ങുന്നതാണ് സംഘം. രാവിലെ സര്‍വേ നടത്തുന്നതിനായി പുറത്തേക്ക് ഇറങ്ങിയ ഇവരെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് പോലീസ് തടഞ്ഞത്.


🔳ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നല്‍കി മഹാരാഷ്ട്ര. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോക്ടര്‍ പ്രദീപ് വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്.


🔳കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി സ്‌കൂളുകള്‍ തുറന്ന് പഞ്ചാബ്. പത്താം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയാണ് ആരംഭിച്ചത്. മാര്‍ച്ചില്‍ രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട സ്‌കൂളുകള്‍ നാല് മാസത്തിന് ശേഷമാണ് തുറന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളില്‍ ഹാജരാകാന്‍ അനുവദിച്ചത്.


🔳പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ അറിയിച്ചു.  ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


🔳അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.


🔳ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വ്വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി പറയുന്നു.


🔳ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനു ഇനി മണിപ്പൂര്‍ പോലീസിന്റെ ഭാഗം. പോലീസ് സേനയില്‍ അഡീഷണല്‍ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു കോടി രൂപയും ബിരെന്‍ സിങ്ങ് പ്രഖ്യാപിച്ചു.


🔳ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ച മീരാഭായ് ചാനു ഇന്നലെ ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേര്‍ന്ന അവര്‍ക്ക് അധികൃതര്‍ വന്‍ സ്വീകരണം നല്‍കി.


🔳ടോക്യോ ഒളിംപിക്സില്‍ നീന്തല്‍ കുളത്തിലും ഇന്ത്യക്ക് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. നേരത്തെ ഇന്ത്യന്‍ താരങ്ങളായ മാനാ പട്ടേലും ശ്രീഹരി നടരാജും ഹീറ്റ്‌സില്‍ പുറത്തായിരുന്നു. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലാണ് മാനായും ശ്രീഹരിയും മത്സരിച്ചത്. ബോക്‌സിങ്ങ് റിങ്ങിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം ആശിഷ് കുമാര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു.


ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പൂള്‍ 🔳എയിലെ രണ്ടാം മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി. നേരത്തെ പൂള്‍ എയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. നെതര്‍ലന്റ്‌സിനോട് ഒന്നിനെതിരേ അഞ്ചു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.


🔳ഒളിമ്പിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ആവേശപ്പോര്. അഞ്ചു തവണ ഒളിമ്പിക് സ്വര്‍ണം നേടിയ അമേരിക്കയുടെ നീ🔳ന്തല്‍ ഇതിഹാസം കാത്തി ലെഡേകിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയന്‍ താരം അരിയെര്‍ന ടിറ്റ്മസ് സ്വര്‍ണം കഴുത്തിലണിഞ്ഞു.


🔳കേരളത്തില്‍ ഇന്നലെ 1,09,382 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271  തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.


🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221.


🔳രാജ്യത്ത് ഇന്നലെ 30,811 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,497 പേര്‍ രോഗമുക്തി നേടി. മരണം 418. ഇതോടെ ആകെ മരണം 4,21,414 ആയി. ഇതുവരെ 3,14,40,483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.92 ലക്ഷം കോവിഡ് രോഗികള്‍.


🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,785 പേര്‍ക്കും കര്‍ണാടകയില്‍ 1,606 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,627 പേര്‍ക്കും  ഒഡീഷയില്‍ 1,637 പേര്‍ക്കും ആസാമില്‍ 1,528 പേര്‍ക്കും   ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ ഇന്നലെ 4,06,725 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 23,181 പേര്‍ക്കും റഷ്യയില്‍ 23,239 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,950 പേര്‍ക്കും ഇറാനില്‍ 31,814 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 28,228 പേര്‍ക്കും  ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.52 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.40 കോടി കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ 6,736 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 67 പേരും ബ്രസീലില്‍ 503 പേര്‍ക്കും റഷ്യയില്‍ 727 പേരും അര്‍ജന്റീനയില്‍ 384 പേരും കൊളംബിയയില്‍  314 പേരും  ഇന്‍ഡോനേഷ്യയില്‍ 1,487 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.81 ലക്ഷം.


🔳ക്രിസില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കായ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് 'എ പ്ലസ്/സ്റ്റേബ്ള്‍' ലഭിച്ചു. ആദ്യമായാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് ലഭിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന സുരക്ഷിതത്വമുള്ള റേറ്റിങ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷമായി 'എ/സ്റ്റേബ്ള്‍' ആയിരുന്ന റേറ്റിങ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്നോപാര്‍ക്ക് മെച്ചപ്പെടുത്തിയത്.


🔳മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രമുഖ ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ലേണിങ്ങിനെ ഏറ്റെടുത്തു. 600 ദശലക്ഷം യുഎസ് ഡോളറിനാണ് (4466 കോടി രൂപ) ഇടപാട്. ഗ്രേറ്റ് ലേണിങ്ങില്‍ 400 ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അമേരിക്കയിലെ ഡിജിറ്റല്‍ റീഡിങ് പ്ലാറ്റ്ഫോം ആയ എപ്പിക്കിനെ ബൈജൂസ് ഏറ്റെടുത്തത് ഏതാനും ദിവസം മുമ്പാണ്. 500 ദശലക്ഷം യുഎസ് ഡോളര്‍ (3729 കോടി രൂപ) ആയിരുന്നു ഇടപാട്. ഇതിനൊപ്പം വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നൂറു കോടി ഡോളര്‍ നിക്ഷേപമിറക്കുമെന്നും ബൈജൂസ് അറിയിച്ചിരുന്നു.


🔳തമിഴ് യുവതാരം വിജയ് വിശ്വ നായകനാകുന്ന 'സായം' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. ജാതീയതയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സാമിയാണ്. ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയ ടീസര്‍ തമിഴ് താരങ്ങളായ കാര്‍ത്തിയും, നട്ടി നടരാജും ചേര്‍ന്നാണ് പുറത്തിറക്കിയത്. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സായം. ചിത്രത്തില്‍ നായികയായി എത്തുന്നത് ഷൈനി ആണ്. വിജയ് ആന്റണി, ബഞ്ചമിന്‍, പൊന്‍വണ്ണന്‍, സീത, ബോസ് വെങ്കട്ട്, ഇളവരസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഒക്ടോബര്‍ ആദ്യം തിയേറ്ററുകളിലെത്തും.


🔳ഷിബു എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് രാമകൃഷ്ണനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസായി. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.


🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവ് പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ കവസാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിര്‍മാതാക്കള്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. തെരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളെ മാത്രമേ വില വര്‍ധനവ് ബാധിച്ചിട്ടുള്ളുവെന്നും മോഡലുകളെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 15,000 വരെയാണ് വില വര്‍ധിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 650 സിസി ലൈനപ്പില്‍ ഇസെഡ് 650, നിഞ്ച 650, വള്‍ക്കന്‍ എസ്, വെര്‍സിസ് 650 എന്നിവയുടെയെല്ലാം വില കൂടി.


🔳തന്നെതേടിയെത്തുന്ന പ്രതീക്ഷിക്കാത്ത നിയോഗങ്ങളെ കണ്ടെത്തുകയാണ് ഒരുപാടുപേരുടെ പ്രതീകമായ മാധവെന്നയാളിവിടെ. മാധവന്‍ അരൂപിയാണ്. ദ്രവിച്ചു തുടങ്ങിയ ഒരു പുസ്തകത്തിന്റെയോ അതിലടയാളമായി വെച്ച നാലാക്കി മടക്കിയ കടലാസിന്റേയോ രൂപത്തില്‍ ഏതൊരുവനെയും പോലെ ഇനിയെന്ന ചോദ്യമവശേഷിപ്പിച്ച് മാധവനും മറയുന്നു. 'ഇനി'. ദാസ് വടക്കാഞ്ചേരി. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില. വില 123 രൂപ.


🔳കോവിഡ് വാക്സിനും സ്വീകരിക്കുന്ന ആളുടെ പ്രായവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍  പ്രായമായവരില്‍ വളരെ കുറവാണെന്നാണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിന്‍ എല്ലാപ്രായത്തിലും ഉള്ളവരിലും ഫലപ്രദമാണെന്ന് കരുതുമ്പോഴാണ് പ്രായമായവരില്‍ ആന്റിബോഡിയുടെ പ്രവര്‍ത്തനം കുറവാണെന്ന കണ്ടെത്തല്‍. അമ്പതോളം ആളുകളെ തിരഞ്ഞെടുത്ത് വാക്സിനെടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞ് അവരുടെ ശരീരത്തില്‍ വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇരുപത് വയസുവരെയുള്ള ആളുകളില്‍ എഴുപത് മുതല്‍ എണ്‍പത് വയസ്സുവരെ പ്രായമായവരേക്കാള്‍ ഏഴിരട്ടി ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടത്തി. പ്രായമായവരിലും യുവാക്കളിലും വാക്സിന്‍ പ്രവര്‍ത്തനത്തിനെ പറ്റിയുള്ള വ്യക്തമായ വിവരമാണ് ഈ പഠനത്തിലൂടെ ലഭിച്ചിരിക്കുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

ആ വീട്ടിലെ ഭര്‍ത്താവും ഭാര്യയും എന്നും വഴക്കാണ്.  അയല്‍പക്കക്കാര്‍ക്ക് പോലും ഇതൊരു ശല്യമായി മാറി.  കുറെനാള്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്.  അടുത്തവീട്ടില്‍ നിന്നും ചെറിയ കലപില ശബ്ദം പോലും കേള്‍ക്കാറില്ല എന്ന്.  ഇതിന്റെ കാരേേണമന്വഷിച്ചു ഭര്‍ത്താവ് രഹസ്യമായി ആ വീട്ടിലെത്തി.  ജനാലയിലൂടെ നോക്കുമ്പോള്‍ ആവീട്ടിലെ ഗൃഹനാഥന്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടു. പെട്ടെന്ന് അദ്ദേഹത്തിന്റെ കൈ തട്ടി മേശയില്‍ ഇരുന്ന ഗ്ലാസ്സ് താഴെ വീണു പൊട്ടി.  ശബ്ദം കേട്ട് ഭാര്യ വന്നപ്പോള്‍ അയാള്‍ പറഞ്ഞു:  ക്ഷമിക്കണം, എന്റെ കൈ അറിയാതെ തട്ടിയതാണ്.  ഉടനെ ഭാര്യ പറഞ്ഞു:  അതെന്റെ കുറ്റമാണ്.  ഞാനാണ് ആ ഗ്ലാസ്സ് അവിടെ വെച്ചത്.  രണ്ടുപേരും ക്ഷമചോദിച്ചു പ്രശ്‌നം പരിഹരിച്ചു.  തിരിച്ചു വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു:  അവര്‍ രണ്ടുപേരും തെറ്റ് ചെയ്യുന്നവരാണ്, നമ്മള്‍ ശരിമാത്രം ചെയ്യുന്നവരും. അതുകൊണ്ടാണ് ഇവിടെ എന്നും വഴക്ക്...തെറ്റ് പറ്റാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ, പറ്റിയ തെറ്റിനെ അംഗീകരിക്കുന്നവര്‍ വളരെ കുറവായിരിക്കും.  പിഴവുകളില്‍ വേണ്ടത് അപകര്‍ഷതബോധമല്ല, ജാഗ്രതയാണ്. അപകര്‍ഷത പ്രതിഛായ സംരക്ഷിക്കുകയേ ഉള്ളൂ.  ജാഗ്രത തെറ്റ് ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പിക്കും.  ക്ഷമാപണം കൊണ്ട് പരിഹരിക്കാവുന്നവയെ അഹന്തകൊണ്ട് അവസാനിപ്പിക്കാന്‍ നോക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത്.   ഖേദപ്രകടനം കൊണ്ട് മനഃസമാധാനം ഉണ്ടാകുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് വാദപ്രതിവാദം കൊണ്ട് വിദ്വേഷം നിറയ്ക്കുന്നത്.   ക്ഷമചോദിക്കുക എന്നത് തുലാസില്‍ തൂക്കിനോക്കിയ ശേഷം ചെയ്യേണ്ട പ്രവൃത്തി അല്ല.  ശരി നമ്മുടെ പക്ഷത്തായാലും ഒന്ന് ക്ഷമ ചോദിച്ചു നോക്കണം, അപ്പോള്‍ തെറ്റുചെയ്തവര്‍ ഉരുകുന്നത് നമുക്ക് കാണാം.  ഉറപ്പായും അയാള്‍ ഹൃദയംകൊണ്ടെങ്കിലും മാപ്പ് ചോദിച്ച് കാല്‍ക്കല്‍ തൊട്ടിരിക്കും...മനുഷ്യരല്ലേ, തെറ്റുകള്‍ സംഭവിക്കാം, അത് അംഗീകരിച്ച് ക്ഷമ ചോദിക്കാന്‍ തയ്യാറായാല്‍ നമുക്ക് മുന്നില്‍ സമാധാനത്തിന്റെ പുലരികള്‍ തെളിയുന്നത് കാണാം - ശുഭദിനം

■■■■■■■■■■■■■■■■■

Post a Comment

Previous Post Next Post