ചൊക്ലിയിൽ കരുതൽ നടപടി ശക്തമാക്കി ; ഇന്ന് അടിയന്തരയോഗം
ചൊക്ലി > സാമൂഹിക അകലം പാലിക്കാതെ സ്ഥാപനത്തിനകത്ത് കൂടുതൽ ആളുകളെ ഒരേസമയം പ്രവേശിപ്പിച്ചതിന് സൂപ്പർ മാർക്കറ്റിനെതിരെ കേസ് . പലതവണ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്നാണ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു കേസെടുത്തത് . അനാവശ്യമായി യാത്രചെയ്തതിന് പെരിങ്ങത്തൂരിൽ ബൈക്ക് യാത്രക്കാരനെതിരെയും കേസെടുത്തിട്ടുണ്ട് . ശരിയായ വിധത്തിൽ മാസ്കിടാതെ റോഡിലിറങ്ങിയ ഏഴുപേരിൽനിന്ന് വ്യാഴാഴ്ച പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് . ചൊക്ലി സെക്ടറൽ മജിസ്ട്രേറ്റ് നടത്തിയ പതിവ് പരിശോധനയിലും മാസ്കിടാതെ സഞ്ചരിച്ച ഏഴുപേർക്കെതിരെ പിഴ ചുമത്തി . ശനി , ഞായർ ദിവസങ്ങളിലായി വിവാഹ സൽക്കാരം നടക്കുന്ന ആറു വീടുകളിൽ സെക്ടറൽ മജിസ്ട്രേറ്റ് പി.കെ.അജിത്ത് കുമാർ നേരിട്ടെത്തി മുന്നറിയിപ്പ് നൽകി . വ്യാഴാഴ്ച 21 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 172 ആയ ചൊക്ലിയിൽ ഓക്സിജൻ സൗകര്യത്തോടെ വാഫി കോളേജിൽ ഡി.സി.സി. പരിചരണകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട് . ഏഴുപേർ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതോടെ ചൊക്ലിയിൽ ജാഗ്രതാ നടപടികൾ ഊർജിതമാക്കി . വെള്ളിയാഴ്ച 11 മണിക്ക് പഞ്ചായത്തുതല സുരക്ഷാസമിതി യോഗം ചേരുന്നുണ്ട് . രണ്ടാംഘട്ട വാക്സിൻ വെള്ളിയാഴ്ച രാവിലെ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്യും . ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുള്ള സമയത്തു മാത്രമേ വാക്സിനേഷൻ ക്യാമ്പിൽ ആളുകളെത്താവൂവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു . രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആവശ്യമായ സഹായവും ചികിത്സയും ലഭ്യമാക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമും സജ്ജമാക്കിയിട്ടുണ്ട് ഫോൺ : 9188958325-329 വരെ

Post a Comment