അടിസ്ഥാനമേഖലയിൽ സമഗ്രമായ വികസനം ഉറപ്പ് നൽകി എൻ.ഡി.എ. പ്രകടനപത്രിക
മയ്യഴി: സാധാരണക്കാർക്കും തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ അടിസ്ഥാന മേഖലയിൽ സമഗ്രമായ വികസനം ഉറപ്പ് നൽകിയുള്ള എൻ.ഡി.എ. പ്രകടനപത്രിക മാഹി പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
നിലച്ച് പോയ റേഷൻ വിതരണ സംവിധാനം പുനരാരംഭിക്കുകയും ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രകടനപത്രിക ഉറപ്പ് നൽകുന്നു. നിർമ്മാണം പാതിവഴിയിലായ മത്സ്യ ബന്ധന തുറമുഖം, ട്രോമ കെയർ യൂണിറ്റ് തുടങ്ങിയ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. യുവാക്കൾക്ക് തൊഴിൽ ലഭിക്കാനുതകുന്ന സംരഭങ്ങൾ തുടങ്ങും. മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. മാഹി, പളളൂർ ആസ്പത്രികൾ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കും. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതിയും സ്ത്രീ ശാക്തീകരണത്തിനുതകുന്ന പദ്ധതികളും കേന്ദ്ര സഹായത്തോടെ മയ്യഴിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റാനുള്ള പദ്ധതികളും നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ വിശദീകരിക്കുന്നു. എൻ.ആർ. കോൺഗ്രസ്സ് നേതാവ് കൂടിയായ സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ, ബി.ജെ.പിയുടെ മാഹി മണ്ഡലം തിരഞ്ഞെടുപ്പ് ഇൻചാർജ് ഹരിപ്രസാദ് യാദവ്, എ.സുനിൽ, ബി.ഗോകുലൻ, നളളി പ്രദീപ് കുമാർ, കെ.ജനാർദ്ദനൻ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളക്കുടിശ്ശിക ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥാനാർഥി പത്ര സമ്മേളനത്തിൽ അറിയിച്ചു. മുടങ്ങിക്കിടക്കുന്ന പദ്ധതികളൊക്കെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സ്ഥാനാർഥി വ്യക്തമാക്കി. പ്രകാശനച്ചടങ്ങിൽ പങ്കെടുത്തവർ പത്രസമ്മേളനത്തിലും പങ്കെടുത്തു.

Post a Comment