നാട് കൈകോർത്തു: കുന്നുമ്മൽപ്പുഴ ശുചീകരണത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി
മാഹി : പന്തക്കലിലെ കുന്നുമ്മൽ പുഴയും പരിസരവും മാലിന്യം നീക്കി ശുചീകരിക്കുന്നതിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തോണിയിൽ സഞ്ചരിച്ചാണ് മാലിന്യം ശേഖരിച്ചത്.
മാഹി ചാലക്കരയിലെ സെയ്ൻ്റ് തെരേസാസ് സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും കുന്നുമ്മൽപ്പാലം റസിഡൻസ് അസ്സോസിയേഷനും മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റിയും ചേർന്നാണ് കഴിഞ്ഞ ദിവസം ഒന്നാം ഘട്ട ശുചീകരണം നടത്തിയത്. ഇതിൽ നിന്നും ആവേശം കൊണ്ടാണ് നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. മാഹി നഗരസഭയും ഒപ്പം ചേർന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മേലാപ്പിട്ട കുന്നുമ്മൽപ്പാലം മുതൽ മൂലക്കടവ് വരെയുള്ള മുക്കാൽ കിലോമീറ്റർ ദൂരം പുഴയിൽ തോണി ഉപയോഗിച്ചും കരയിൽ ദേശവാസികളുടെ ശ്രമദാനവുമായപ്പോൾ ശുചീകരണം ദേശത്തിൻ്റെ ഉത്സവമായി മാറി. വീട്ടമ്മമാരടക്കം ഒത്തുചേർന്നപ്പോൾ ചാക്ക് കണക്കിന് മാലിന്യമാണ് കരയിലെത്തിച്ചത്. അവധി ദിവസമായിരുന്ന ഞായറാഴ്ചയായിട്ടും മാഹി നഗരസഭാ തൊഴിലാളികളും ഉത്സാഹത്തോടെ ശുചീകരത്തിൽ പങ്കാളികളായി. നഗരസഭാ അധികൃതർക്കൊപ്പം സുജൻ, എൻ. ഉണ്ണിമാസ്റ്റർ, സി.കെ.രാജലക്ഷ്മി, കെ.ഇ.സുലോചന, വിജയൻ കൈനാടത്ത്, മിനി, സാജൻ, രൂപശ്രീ എന്നിവർ നേതൃത്വം നൽകി.


Post a Comment