*പുതുച്ചേരി തദ്ദേശ തിരഞ്ഞെടുപ്പ് നാലുമാസത്തിനകം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി*
മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് മുനിസിപ്പൽ , പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി നാലുമാസത്തിനകം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു . തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാഹിയിലെ അഭിഭാഷകൻ ടി.അശോക് കുമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ് . സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജി ഫെബ്രുവരി 26 - ന് പരിഗണിച്ചപ്പോൾ എതിർ കക്ഷികൾക്ക് സമയം അനുവദിച്ച് കേസ് ഏപ്രിൽ നാലിലേക്ക് മാറ്റിയിരുന്നു . ഇതിലാണ് ഉത്തരവ് . വാർഡ് പുനർനിർണയം നടത്തിയതിൽ ജനങ്ങൾക്ക് എന്തെങ്കിലും പരാതികളുണ്ടായെന്ന് പരിശോധിച്ച് ഉണ്ടെങ്കിൽ അത് പരിഹരിച്ച് നാലുമാസത്തിനകം തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നാണ് ജസ്റ്റിസുമാരായ രോഹിതൻ പാലി നരിമാൻ , ബി.ആർ.ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചത് . തദ്ദേശ തിരഞ്ഞെടുപ്പ് നടത്താതെ സാങ്കേതികത്വങ്ങൾ പറഞ്ഞ് അനന്തമായി ഇത് നീട്ടിക്കൊണ്ടുപോകുന്നത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു . 2006 - ൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ കാലാവധി 2011 ൽ കഴിഞ്ഞശേഷം കോടതിയിൽ കേസ് നിലനിൽക്കുന്നു എന്ന കാരണത്താലാണ് തിരഞ്ഞെടുപ്പ് നടത്താതിരുന്നത് . ഒരുമാസത്തിനുള്ളിൽ വാർഡ് വിഭജനം നടത്തണമെന്നും അതിനുശേഷം ഉടനെ തിരഞ്ഞെടുപ്പ് നടത്തണമെന്നും 2018 മേയ് എട്ടിന് കോടതി അവശ്യപ്പെട്ടിരുന്നു . ഇതുപ്രകാരം 2019 മാർച്ചിൽ വാർഡ് പുനർനിർണയം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല . 1968-ൽ തിരഞ്ഞെടുപ്പ് നടന്നതിന് 38 വർഷത്തിനുശേഷം അശോക് കുമാർ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹരജിയെത്തുടർന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2006 - ൽ തിരഞ്ഞെടുപ്പ് നടന്നത് .

Post a Comment