o അഴിയൂർ ബ്രാഞ്ച് കനാലിൽ ഇന്ന് വെള്ളമെത്തും
Latest News


 

അഴിയൂർ ബ്രാഞ്ച് കനാലിൽ ഇന്ന് വെള്ളമെത്തും


 *അഴിയൂർ ബ്രാഞ്ച് കനാലിൽ ഇന്ന് വെള്ളമെത്തും*


 18  -03-2021 



വടകര: എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം അഴിയൂർ ബ്രാഞ്ച് കനാലിൽ വ്യാഴാഴ്ച വെള്ളമെത്തും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കുറ്റ്യാടി ജലസേചനവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. വള്ളിക്കാടിലെ കോൺക്രീറ്റ് നീർപ്പാലം അപകടാവസ്ഥയിലായതിനാലാണ് അഴിയൂർ ബ്രാഞ്ച് കനാലിലേക്ക് വെള്ളം വിടാതിരുന്നത്.


പൊളിച്ചുമാറ്റിയ കോൺക്രീറ്റ് നീർപ്പാലത്തിനു പകരം ഭൂമിക്കടിയിൽ ഡി.അയേൺ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതോടെയാണ് വെള്ളം തുറന്നുവിടാൻ വഴിതെളിഞ്ഞത്. വ്യാഴാഴ്ച രാവിലെ പുതുതായി സ്ഥാപിച്ച പൈപ്പിലേക്ക് വെള്ളമെത്തും. 660 മീറ്റർ നീളത്തിലാണ് പൈപ്പുള്ളത്. ഇതുംകടന്ന് അഴിയൂർ ബ്രാഞ്ച് കനാലിന്റെ ഏറ്റവും അറ്റത്തേക്ക് വ്യാഴാഴ്ച വൈകീട്ടോ വെള്ളിയാഴ്ച രാവിലെയോ വെള്ളമെത്തും.


17 കിലോമീറ്റർ ദൂരമാണ് അഴിയൂർ ബ്രാഞ്ച് കനാലിനുള്ളത്. ഇതിൽ ആദ്യത്തെ അഞ്ചുകിലോമീറ്റർവരെ മാത്രമേ വെള്ളമെത്തിയിരുന്നുള്ളൂ. ചോറോട് പഞ്ചായത്തിലെ മണിയാറത്ത് മുക്കിലാണ് കനാൽ അടച്ചിരുന്നത്. ഈ തടസ്സം ബുധനാഴ്ച ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. എവിടെയെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് നീക്കംചെയ്യാൻ തൊഴിലാളികളെ ഏർപ്പാട് ചെയ്തിട്ടുണ്ട്.


അഴിയൂർ, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ ഉപകാരം കിട്ടും. കൃഷിക്ക് ഉപയോഗിക്കുന്നതിനുപുറമെ കനാലിൽ വെള്ളമെത്തുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളും ജലസമൃദ്ധമാകും. വർഷങ്ങളായി കനാൽ വെള്ളം അപ്രാപ്യമായിരുന്നു ഈ പഞ്ചായത്തിലുള്ളവർക്ക്.


അഞ്ചരക്കോടിരൂപ ചെലവിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയത് 2019-ലാണ്. എന്നാൽ മഴയും പിന്നാലെ കോവിഡുമെല്ലാം കാരണം പണി അനന്തമായി നീണ്ടു.


ഇത്തവണ എന്തായാലും വെള്ളം നൽകുമെന്ന് നേരത്തെ ജലസേചനവകുപ്പ് അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. അഴിയൂർ ബ്രാഞ്ച് കനാലിന്റെ അറ്റത്തേക്ക് വെള്ളമെത്തിക്കുംമുമ്പെ തന്നെ കാർത്തികപ്പള്ളി, ചോറോട്, വൈക്കിലശ്ശേരി തുടങ്ങിയ വിതരണകനാലിലേക്ക് വെള്ളം കൊടുത്തിരുന്നു. ഈ കനാലുകളെല്ലാം ബുധനാഴ്ച വൈകീട്ടോടെ അടച്ചു. ഇനി പൂർണമായും അഴിയൂരിന്റെ ഏറ്റവും അവസാനഭാഗത്തേക്ക് വെള്ളമെത്തിക്കുകയാണ് ലക്ഷ്യം..

Post a Comment

Previous Post Next Post