കോഴിക്കോട് : കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.
ഭാര്യ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കഴുത്തറുത്ത് കൊന്നത്. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
*പ്രഭാത വാർത്തകൾ*
2021 ഫെബ്രുവരി 16 | 1196 കുംഭം 4 | ചൊവ്വ | രേവതി |
🔳യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ദിഷ രവിയെന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ ട്വീറ്റ് മൂലം ദുര്‍ബലപ്പെടുത്താനാവുന്നതാണോ രാജ്യത്തിന്റെ സുരക്ഷയെന്നും 22 വയസ്സുള്ള കുട്ടി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ തക്കവിധം ഭരണകൂടം അത്ര ദുര്‍ബലമാണോയെന്നും
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന യുവാക്കളോട് തീരെ സഹിഷ്ണുത കാട്ടുവാന്‍ സാധിക്കാത്ത വിധം ഭരണകൂടത്തിന് ഇത്രയും അസഹിഷ്ണുതയോയെന്നും ഇതാണോ മോദി ആഗ്രഹിക്കുന്ന മാറ്റമെന്നും കപില്‍ സിബല്‍ ചോദിച്ചു. ഇന്ത്യ അസംബന്ധ നാടകവേദിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ഇന്ത്യ നിശബ്ദമാവില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
🔳കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പോലീസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ അടക്കമുള്ളവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം വിശദീകരിച്ചത്.
🔳പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. 'നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ'ന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
🔳പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
🔳കേരള സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) 1850 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി തടഞ്ഞു. പി.എസ്.സിക്ക് വിടാത്ത പോസ്റ്റുകളിലാണ് നിയമനം എന്ന കേരള ബാങ്കിന്റെ വാദം കോടതി അംഗീകരിച്ചില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമില്ലെന്നായിരുന്നു കേരളാ ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയതോടെ കോടതി ഇടപെടുകയായിരുന്നു.
🔳യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി.കാപ്പന്‍ എംഎല്‍എയെ എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു.
➖➖➖➖➖➖➖➖
🔳എന്‍സിപിയെ പിളര്‍ത്തി എല്‍ഡിഎഫ് വിട്ട് വന്ന മാണി സി കാപ്പനെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. കാപ്പന്‍ കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കാപ്പന്റെ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കുന്നതില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേ സമയം പാര്‍ട്ടി രൂപീൂകരണവുമായി മാണിസി കാപ്പന്‍ മുന്നോട്ട് പോവുകയാണ്. ഈ മാസം 22 ന് പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും.
🔳സംസ്ഥാനത്ത് ഇന്നലെ 39,463 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44.
🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയി. നിലവില്‍ ആകെ 428 ഹോട്ട് സ്‌പോട്ടുകള്‍.
🔳ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസില്‍ വഴിത്തിരിവാകുന്ന ഇടപെടലുമായി കേരളാ ഹൈക്കോടതി. ഈ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ശ്രീധരന്‍ നായരുടെ ആവശ്യം സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീധരന്‍നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
🔳നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ടും പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
🔳സി.പി.ഐ. നേതാവ് കനയ്യകുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൗധരിയുടെ പട്നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സി.പി.ഐ. വിട്ട് ജെ.ഡി.യു.വില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി. സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമായ കനയ്യ പാര്‍ട്ടി സംസ്ഥാനനേതൃത്വവുമായി അകല്‍ച്ചയിലാണ്.
🔳പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഞ്ചു രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന 'മാ' പദ്ധതിക്ക് തുടക്കമിട്ട് മമത ബാനര്‍ജി. ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവ അഞ്ചു രൂപയ്ക്ക് ലഭിക്കും. ഒരു പ്ലേറ്റിന് 15 രൂപ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മമത പറഞ്ഞു.
🔳പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആര്‍.ഷെട്ടി. കഴിഞ്ഞ വര്‍ഷം എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയളിയായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 8,864 പേര്‍ക്ക്. മരണം 72. ഇതോടെ ആകെ മരണം 1,55,840 ആയി. ഇതുവരെ 1,09,25,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.34 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 3,365 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 141 പേര്‍ക്കും തമിഴ്നാട്ടില്‍ 455 പേര്‍ക്കും കര്‍ണാടകയില്‍ 368 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 30 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 2,52,849 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 48,520 പേര്‍ക്കും ബ്രസീലില്‍ 32,197 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.96 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.29 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,295 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 899 പേരും ബ്രസീലില്‍ 601 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.17 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രാജിവച്ചത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവ്. ടീം സെലക്ടര്‍മാരുടേയും അസോസിയേഷന്‍ ഭാരവാഹികളുടേയും ഇടപെടലും പക്ഷപാതവും അര്‍ഹതയില്ലാത്ത താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി എട്ടിനാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവച്ചത്. രാജിവച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി വസീം ജാഫറിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു.
🔳ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. രണ്ട് ദിവസവും ഏഴ് വിക്കറ്റും ബാക്കിയിരിക്കേ ഇംഗ്ലണ്ടിനെ ജയിക്കാന്‍ ഇനി 429 റണ്‍സ് വേണം. രണ്ടാമിന്നിങ്‌സില്‍ സെഞ്ചുറി നേടിയ അശ്വിന്റെ മികവില്‍ 286 റണ്‍സ് നേടിയ ഇന്ത്യ 482 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണു. 50 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 53 ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കി ബംഗളൂരു എഫ്.സി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ബംഗളൂരുവിന്റെ വിജയം. ബംഗളൂരുവിനായി ഇരട്ട ഗോളുകള്‍ നേടിയ സുനില്‍ ഛേത്രിയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്.
🔳മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 1.22 ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റവിവിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3.52ആയിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിര്‍മാണമേഖലയിലെ വിലക്കയറ്റമാണ് മൊത്തവിലയെ ബാധിച്ചത്.
🔳ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെയും അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് 'ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്' എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത് സ്മാര്‍ട്ട് ഫോളിയോസ് പ്ലാറ്റ്ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വിപണിയില്‍ നേട്ടം കൈവരിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയും ബിഹേവിയറല്‍ ഫിനാന്‍സും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്‌ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.
🔳ലാലും മകന്‍ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി. ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇപ്പോഴിതാ സിനിമയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ആരാണിതെന്നെ തിരഞ്ഞു വന്നു എന്നാണ് ഗാനത്തിന്റെ വരികളുടെ തുടക്കം. ലാല്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബാലു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സുരേഷ് കൃഷ്ണ, അജു, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നേഹ എസ് നായരും കേശവ് വിനോദും ആണ് ഗായകര്‍.
🔳ജാന്‍വി കപൂറും രാജ്കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് രൂഹി. ഇത് ഹൊറര്‍ കോമഡി ചിത്രമാണ്. സിനിമയുടെ ചിത്രങ്ങള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ ഇപോള്‍ പുറത്തുവിട്ടിരിക്കുന്നു. ജാന്‍വിയും രാജ്കുമാറും തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. റൂഹി അഫ്സ എന്ന സിനിമയാണ് ഇപോള്‍ റൂഹി എന്ന പേരില്‍ എത്തുന്നത്. ഹാര്‍ദിക് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ശര്‍മയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
🔳യുഎസിലും ചൈനയിലും നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചതിനു ശേഷം ഇലോണ്‍ മസ്‌ക് ഇന്ത്യയിലുമെത്തുന്നു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാന്റ് നിര്‍മിക്കാന്‍ ബെംഗളുരുവിലാണ് സ്ഥലം അന്വേഷിക്കുന്നത്. ഇന്ത്യയിലെ വന്‍വളര്‍ച്ചാസാധ്യത മുന്നില്‍കണ്ടാണ് ടെസ് ലയുടെ വരവ്. ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പ്ലാന്റാകും നിര്‍മിക്കുക. ടെസ് ലയുടെ ഇന്ത്യയിലെ വരവറിയിച്ച് ലോകകോടീശ്വരന്‍കൂടിയായ ഇലോണ്‍ മസ്‌ക് കഴിഞ്ഞമാസം ട്വീറ്റ്ചെയ്തിരുന്നു.
🔳രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. റെഡ് മീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയവ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കൂടാനും ഇത് കാരണമാകും. രാത്രി ചോറ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ ഉണ്ടാകാം. എന്നാല്‍ ചോറ് ദിവസവും ഒരു നേരം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാര്‍ബോഹൈഡ്രേറ്റിനാല്‍ സംപുഷ്ടമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാന്‍ കാരണമാകും. അതിനാല്‍ രാത്രി ചോറിന് പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം. ശീതളപാനീയങ്ങളും രാത്രി ഒഴിവാക്കുക. ഭൂരിഭാഗം ശീതളപാനീയങ്ങളും സോഡ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പഞ്ചസാരയുടെ അളവും അധികമായിരിക്കും. ഇത് ശരീരത്തിലെ കലോറിയുടെ അളവ് കൂട്ടും. കലോറിയുടെ കലവറയായ നട്സ് രാത്രി കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. പിസ്സ പോലുള്ള ജങ്ക് ഫുഡും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.
















Post a Comment