o ന്യൂമാഹി പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്സെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം - കോൺഗ്രസ്സ്
Latest News


 

ന്യൂമാഹി പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്സെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം - കോൺഗ്രസ്സ്



 ന്യൂമാഹി പഞ്ചായത്ത് അധികൃതർക്കെതിരെ കേസ്സെടുത്ത് സമഗ്രമായ അന്വേഷണം നടത്തണം - കോൺഗ്രസ്സ്


ന്യൂമാഹി : ബുധനാഴ്ച (18/02/21) രാത്രി 9.30 ഓടെ പുന്നോൽ കുറിച്ചിയിൽ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന പഴം-പച്ചക്കറി- ചായ വില്പന നടത്തുന്ന താത്കാലിക ഷെഡിന് തീപിടിച്ച് ഷെഡും പരിസരവും ഭാഗികമായി കത്തി നശിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.  



കൂട്ടിയിട്ട മാലിന്യത്തിന് തീ കൊടുത്ത വർ ജാഗ്രത കാണിക്കാത്തതാണ് അപകട കാരണം. തീ പടർന്ന് ഷെഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലൊരെണ്ണം പൊട്ടിത്തെറിച്ചു. അതിഭയാനകമായ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറത്തുളളവരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. തീ പിടിച്ചതിന് തൊട്ടടത്ത് ഇതേ  കടയുടെ വലിയ ഷെഡ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. മൂന്ന് വീടുകൾ ഇതിനോട് ചേർന്ന് നിൽക്കുന്നുണ്ട്. ദേശീയപാതയിലൂടെ നിരന്തരമായി വാഹനങ്ങളും കടന്നു പോകുന്നുണ്ടായിരുന്നു. 




ഭാഗ്യം കൊണ്ട് മാത്രമാണ് അതിശക്തമായി സിലിണ്ടർ പൊട്ടിത്തെറിച്ച് തീ വ്യാപകമായി പടർന്നപ്പോൾ ആർക്കും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്. ന്യൂമാഹി പഞ്ചായത്തിലുടനീളമുള്ള പാതയോരത്തെ അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന വ്യാപാരികളുടെയും മറ്റും ദീർഘകാലമായുള്ള ആവശ്യം പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണ്. നിയമവിരുദ്ധമായ കച്ചവടത്തിന് പഞ്ചായത്തും ആരോഗ്യ വകുപ്പും മൗനാനുവാദം നൽകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അനധികൃത കച്ചവടക്കാർക്ക് നോട്ടീസ് നൽകിയ ശേഷം തുടർ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്. 




ഇക്കാര്യത്തിൽ വൻ തോതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പൊതു ജനങ്ങളുടെ ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് പഞ്ചായത്ത് അധികൃതരുടെ നടപടികൾ. യാതൊരു നിയമവും പാലിക്കാതെയും മാനദണ്ഡമൊന്നും പാലിക്കാതെയും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുന്ന പഞ്ചായത്ത് സിക്രട്ടറി അടക്കമുള്ളവരുടെ നടപടികളാണ് ഈ അപകടം ഉണ്ടാവുന്നതിന് കാരണമായത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളും നടത്തും.

മണ്ഡലം പ്രസിഡൻറ് സി.ആർ.റസാഖും ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ.കെ പ്രേമനും ആവശ്യപ്പെട്ടു. തദ്ദേശവകുപ്പ് മന്ത്രി, തദ്ദേശവകുപ്പ് സിക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, ജില്ലാ കലക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, സബ് കലക്ടർ, ഡി.വൈ.എസ്.പി, ഭക്ഷ്യ സുരക്ഷാ വിഭാഗം തുടങ്ങിയവർക്ക് പരാതി നൽകി.

Post a Comment

Previous Post Next Post