ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ ബാഗ് റോഡിൽ വീണു
നാല് ദിവസമായി വീടിൻ്റെ മുൻഭാഗം തുറക്കാനാവാതെ വീട്ടമ്മ
. മുഴപ്പിലങ്ങാട്ടെ നൂർ മഹലിൽ ഫാത്തിമത്ത് നൂറിയയുടെ വീടിന്റെ താക്കോൽക്കൂട്ടം , മൂന്ന് എ.ടി.എം. കാർഡുകൾ , കുട്ടികളുടേത് ഉൾപെടെയുള്ള സ്വർണ്ണാഭരണങ്ങൾ , മൊബൈൽ ഫോൺ , ചുരിദാർ ഷാൾ , 2000 രൂപ എന്നിവ സൂക്ഷിച്ച ഇളം റോസ് നിറമുള്ള തുണി ബാഗാണ് നഷ്ടമായത് . താക്കോൽ കൂട്ടം നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി നൂർ മഹൽ വീടിന്റെ മുൻഭാഗം തുറക്കാനായിട്ടില്ല . ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം . തലശ്ശേരി ഒ.വി.റോഡിലെ തറവാട്ട് വീട്ടിൽ നിന്നും തിരികെ മുഴപ്പിലങ്ങാട് എഫ്.സി.ഐക്ക് സമീപമുള്ള സ്വന്തം താമസസ്ഥലത്തേക്ക് കുടുംബവുമായി
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ മുഴപ്പിലങ്ങാട്ടെ മേൽപാലത്തിൽ നിന്ന് പിറകിൽ നിന്നും ഓവർ ടേക്ക് ചെയ്ത് മുന്നിലെത്തിയ ഒരു കാർ ഡ്രൈവറാണ് ഓട്ടോയിൽ നിന്നും ബാഗ് റോഡിൽ വീണതായി അറിയിച്ചത് . ഒരു ബൈക്ക്കാരന് അത് ലഭിച്ചെന്ന് അദ്ദേഹം പിറകേ വരുന്നുണ്ടെന്നും അറിയിച്ചു . എന്നാൽ മിനിട്ടുകളോളം കാത്തിരുന്നിട്ടും ബാഗുമായി ബൈക്കുകാരൻ വന്നില്ല . തുടർന്ന് ഓട്ടോറിക്ഷയിൽ തന്നെ കയറി തിരിച്ച് വന്ന വഴിയാകെ തിരഞ്ഞെങ്കിലും ബാഗുമായി പോയ ബൈക്ക്കാരനെ കണ്ടു കിട്ടിയില്ല . ഇതേ തുടർന്ന് ഫാത്തിമത്ത് വിവരം തൊട്ടടുത്ത ധർമ്മടം പോലീസ് സ്റ്റേഷനിലെത്തി
പരാതിപ്പെട്ടെങ്കിലും സംഭവസ്ഥലം എടക്കാട് പോലീസ് പരിധി യിലായതിനാൽ അവിടെ പരാതി എഴുതി നൽകാനായിരുന്നു ധർമ്മടം പൊലീസിന്റെ നിർദ്ദേശം . തുടർന്ന് എടക്കാടും പരാതി നൽകി . ധർമ്മടം , എടക്കാട് പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് . സി.സി ടിവികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് നടക്കുന്നത് .

Post a Comment