o അഴിയൂരിലെ വിമതക്ക് പാര്‍ട്ടി സ്വീകരണം; എല്‍ജെഡിയില്‍ വിവാദം*
Latest News


 

അഴിയൂരിലെ വിമതക്ക് പാര്‍ട്ടി സ്വീകരണം; എല്‍ജെഡിയില്‍ വിവാദം*


 *അഴിയൂരിലെ വിമതക്ക് പാര്‍ട്ടി സ്വീകരണം; എല്‍ജെഡിയില്‍ വിവാദം*




വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിമതയായി മത്സരിച്ച് ജയിച്ച എല്‍ജെഡി മഹിള നേതാവിന് ജില്ല കമ്മിറ്റി സ്വീകരണം നല്‍കിയത് വിവാദത്തില്‍. കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണ സമ്മേളനത്തിന്റൈ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാറാണ് ലീലയെ പൊന്നാടയണിയിച്ചത്. ഇതിന്റെ പേരിലാണ് അഴിയൂരില്‍ എല്‍ജെഡിയില്‍ വാഗ്വാദം. 


അഴിയൂര്‍ മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ലീലയെ ഈ രീതിയില്‍ സ്വീകരിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എല്‍ജെഡിയിലെ ഒരു വിഭാഗം പറയുന്നത്.

മുന്‍ എംഎല്‍എ അഡ്വ. എം.കെ.പ്രേംനാഥിനൊപ്പം ജനതാദള്‍ -എസില്‍നിന്ന് എല്‍.ജെ.ഡിയിലേക്ക് തിരിച്ചെത്തിയവരില്‍ പ്രമുഖയാണ് ലീല.

ഇങ്ങനെ തിരിച്ചെത്തിയവരില്‍ ഒരു വിഭാഗത്തെ പാര്‍ട്ടി പരിഗണിക്കാത്തതില്‍ ലീലയുള്‍പ്പെടെ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. അതാണ്, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ മറനീക്കി പുറത്തുവന്നത്. 


നേരത്തേയുള്ള ധാരണപ്രകാരം അഴിയൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കെ. ലീലയാണ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടിയിരുന്നത്. ഇതു ഗൗനിക്കാതെ ഈ വാര്‍ഡ് ജനതാദള്‍ -എസിന് നല്‍കുകയായിരുന്നു. ഇത്, ലീലയെയും അനുകൂലികളെയും ഒതുക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ചാണ് ലീല സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും വിജയിക്കുന്നതും. ഇത് എല്‍ജെഡിക്കു കനത്ത അടിയായി.

എല്‍ജെഡിയുടെ പ്രാദേശിക നേതാക്കള്‍ തഴയുമ്പോഴും ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് ലീലയോട് ആഭിമുഖ്യമുണ്ട്. ഇതിനു തെളിവാണ് കോഴിക്കോട് സ്വീകരണത്തിനു ക്ഷണിച്ചതും സംസ്ഥാന പ്രസിഡന്റ് തന്നെ പൊന്നാട അണിയിച്ചതും. ഇത് അഴിയൂരിലെ നേതാക്കള്‍ക്കു ക്ഷീണമായി..

ലീലക്ക് നല്‍കിയ സ്വീകരണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ചര്‍ച്ചയായത്. ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, പാര്‍ട്ടി ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണം രഹസ്യമാക്കിവെക്കേണ്ട കാര്യമില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സ്വീകരണത്തിന്റെ പേരില്‍ ചിലര്‍ രാജിഭീഷണി പോലും മുഴക്കിയതായാണ് വിവരം. 



Post a Comment

Previous Post Next Post