*മാലിന്യ സംസ്കരണത്തിൽ അലംഭാവം: കല്ലി ക്കണ്ടിയിലെ ഷോപ്പിങ് കോംപ്ലക്സുകൾക്ക് അരലക്ഷര രൂപ വീതം പിഴ*
പാനൂർ :തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് അരലക്ഷം രൂപ വീതം പിഴചുമത്തി. കല്ലിക്കണ്ടി ടൗണിലെ ഹൈടെക് ടവറിനും ഐഷാ ഷോപ്പിങ്ങ് കോംപ്ലക്സിനുമാണ് 50,000 രൂപ വീതം പിഴ ചുമത്തിയത്. രണ്ട് കെട്ടിടങ്ങളിലും മുകളിലത്തെ നിലയിലാണ് അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് നേരിട്ട് പുറത്തേക്ക് മലിനജലം ഒഴുക്കിവിടുന്ന രീതിയിൽ ആയിരുന്നു പൈപ്പ് ലൈൻ ഉറപ്പിച്ചിരുന്നത്. രണ്ടിടത്തും മലിനജലം തൊട്ടടുത്ത ജലസ്രോതസ്സിലേക്ക് എത്തിച്ചേരുന്ന നിലയിലാണെന്നും കണ്ടെത്തി. ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ട മാലിന്യങ്ങൾ ഹൈടെക് ടവറിൻ്റെ പല ഭാഗങ്ങളിലായി വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു.ജൈവമാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച റിംഗ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയിരുന്നു. ഐഷാ ടവറിൽ മുറികൾക്ക് മുന്നിലായി സ്ഥാപിച്ച ചാക്കു കെട്ടുകളിലും മാലിന്യം തരംതിരിക്കാതെയാണ് സൂക്ഷിച്ചിരുന്നത്.മലിന ജലം പിവിസി പൈപ്പിൽ കൂടി താഴത്തെ മേൽക്കൂരക്ക് മുകളിലും മണ്ണിലും വീഴുന്ന രീതിയിലായിരുന്നു ഉള്ളത്. മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടൽ, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരിക്കുക, മാലിന്യങ്ങൾ തരംതിരിച്ച് പൂർണ്ണമായും അംഗീകൃത ഏജൻസികൾക്ക് നൽകാതിരിക്കുക എന്നീ നിയമ ലംഘനങ്ങൾക്ക് പഞ്ചായത്തീരാജിലെ വിവിധ ചട്ടങ്ങൾ പ്രകാരം അര ലക്ഷം രൂപ വീതം പിഴ ചുമത്തി. ഇരു കെട്ടിടങ്ങളിലെയും വിസ്തൃതിയ്ക്ക് അനുപാതികമായി നിയമപ്രകാരം അനുശാസിക്കുന്ന ശുചിമുറികൾ ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു നടപടിയെടുക്കാനും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നിശ്ചിത ദിവസത്തിനകം പിഴ ഒടുക്കി അപാകതകൾ പരിഹരിക്കേണ്ടതും അല്ലാത്തപക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങുവാനും പഞ്ചായത്തിന് നിർദ്ദേശം നൽകി. എൻഫോഴ്സ്മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ ,പി .എസ്. പ്രവീൺ , രാഖി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment