o ശിവസൂര്യയെ കണ്ടെത്തണം; ജനകീയ പ്രതിഷേധം ശക്തമാക്കും
Latest News


 

ശിവസൂര്യയെ കണ്ടെത്തണം; ജനകീയ പ്രതിഷേധം ശക്തമാക്കും

 ശിവസൂര്യയെ കണ്ടെത്തണം; ജനകീയ പ്രതിഷേധം ശക്തമാക്കും



കാണാതായിട്ട് രണ്ടര മാസം; ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനും ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് ബഹുജന ധർണ നടത്താനും തീരുമാനം


ചൊക്ലി: രണ്ടര മാസം മുമ്പ് കാണാതായ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും കരിയാട് സ്വദേശിയുമായ ശിവസൂര്യയെ കണ്ടെത്തുന്നതിനായി ശക്തമായ ജനകീയ പ്രതിഷേധം ഉയർത്താൻ തീരുമാനം. വിദ്യാർഥിയെ അടിയന്തരമായി കണ്ടെത്തണമെന്നും അന്വേഷണത്തിലെ വീഴ്ചകളും പോരായ്‌മകളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്.


ശിവസൂര്യയുടെ പിതാവ് ജിഗീഷ് പാറേമ്മലും വല്യച്ഛൻ പി. ഭാസ്കരനും യോഗത്തിൽ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്ക് വേദിയായി.


കേസിലെ പ്രാഥമിക അന്വേഷണത്തിലെ പോരായ്മകൾ പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കാനും തീരുമാനിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ചൊക്ലി പോലീസ് സ്റ്റേഷനു മുന്നിൽ ബഹുജന ധർണ നടത്തും. തുടർപ്രക്ഷോഭങ്ങളിലൂടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സമ്മർദം ചെലുത്താനും കൺവെൻഷൻ തീരുമാനിച്ചു.


ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കണ്ണൂർ ജില്ലാ പൗരാവകാശ സമിതി കൺവീനർ സുചിത്ര വിവേക് ഉദ്ഘാടനം ചെയ്തു.


ജനപ്രതിനിധികളായ വി.വി. ഷെഫീഖ്, വിജി ദീപ, എ. ഉഷ, കെ.പി. ഷെമിന, എം.സി. ഷിജിൽ, കെ.പി. ഷിനോജ്, എൻ.പി. സജിത, സ്കൂൾ ലീഡർ ശ്രീസ്വര, റാവിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.


രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. സുധാകരൻ മാസ്റ്റർ, എം. സജീവൻ, പി. ഭാസ്കരൻ, അതുൽനാഥ് കല്ലറ എന്നിവർ സംസാരിച്ചു.


ശിവസൂര്യയെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി വി.വി. ഷെഫീഖിനെയും കൺവീനറായി ടി. ജയേഷിനെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post