*മാഹി സബ് ജഡ്ജിനെ മാറ്റുന്നതിൽ പ്രതിഷേധം ശക്തം*
മാഹി കോടതിയിൽ സബ് ജഡ്ജായി നിയമിതനായി ഒരു വർഷം മാത്രം പിന്നിടുന്ന നിലവിലെ സബ് ജഡ്ജിയെ മാറ്റി മറ്റൊരു ജഡ്ജിയെ നിയമിക്കുന്നതിനെതിരെ മാഹി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി മുൻസിഫായി പ്രവർത്തിക്കുകയും സ്ഥലംമാറ്റം കിട്ടിയതിന് പിന്നാലെ സബ് ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ വ്യക്തിയെ വീണ്ടും മാഹി കോടതിയിൽ സബ് ജഡ്ജിയായി നിയമിക്കുന്നത് അനുചിതവും നടപടി ക്രമങ്ങൾക്ക് വിരുദ്ധവുമാണെന്ന് മാഹിബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മുൻ മുൻസിഫിനെ സബ് ജഡ്ജിയായി മാഹിയിൽ നിയമിച്ചാൽ അവർ മുൻസിഫായിരുന്നപ്പോൾ തീർപ്പാക്കിയ വിധികളുടെ മേലുള്ള അപ്പീൽ അവരുടെ മുമ്പിൽ തന്നെ എത്തുമ്പോൾ അത് നിയമപരമായി കേൾക്കാൻ പാടില്ലാത്തതും അത്തരം കേസുകൾ പോണ്ടിച്ചേരിയിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ഇത് മാഹിയിലെ വ്യവഹാരികളേയും അഭിഭാഷകരേയും ഏറെ വിഷമിപ്പിക്കുന്നതാണ്. 700 കി.മി. അകലെയുള്ള പോണ്ടിച്ചേരി കോടതിയിലേക്ക് പോകേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്ന് മാഹി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.അനസ് ഗഫൂർ പറഞ്ഞു.

Post a Comment