o കടത്തനാട് ഒരുങ്ങുന്നു മറ്റൊരു തെയ്യക്കാലത്തിന് വേണ്ടി
Latest News


 

കടത്തനാട് ഒരുങ്ങുന്നു മറ്റൊരു തെയ്യക്കാലത്തിന് വേണ്ടി

 കടത്തനാട് ഒരുങ്ങുന്നു മറ്റൊരു തെയ്യക്കാലത്തിന് വേണ്ടി


റിപ്പോർട്ട് തയ്യാറാക്കിയത്  ബാബുരാജ് ചാക്യേരി


ചിത്രം -കഴിഞ്ഞ ദിവസം കാക്കുനി ഉമയംകുന്നുമ്മല്‍ പരദേവതാ കുട്ടിച്ചത്തന്‍ ക്ഷേത്രത്തില്‍ കെട്ടിയാടിയ വെളളാട്ടം



ഒഞ്ചിയം : വടക്കേ മലബാറില്‍ പ്രത്യേകിച്ച് കടത്തനാടന്‍ പ്രദേശത്ത് 'തെയ്യകുടുംബം' 'അവരുടെ മനസ്സുകളില്‍ കോറിയിട്ട തെയ്യ കലണ്ടറിലെ ഒരു പ്രധാന ദിവസമാണ് തുലാം ഒന്ന് . കടത്തനാടിന്‍റെ മടിത്തട്ടില്‍ കാക്കുനി ഉമയംകുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ തുലാം ഒന്നിന് നേര്‍ച്ച വെളളാട്ടിന് തിരിതെളിയുന്നതോടെ തെയ്യപറമ്പുകള്‍ ഉണരും. തെയ്യകുടുംബം എന്നത് വെറും പരമ്പരാഗത തെയ്യം തൊഴില്‍ അനുഷ്ടാനമാക്കിയവര്‍ മാത്രമല്ല . ഒരോ ക്ഷേത്രങ്ങളിലും അവയുടെ നടത്തിപ്പുകാരായ തറവാട്ട് കുടുംബങ്ങളോ , നടത്തിപ്പുകാരായ ക്ഷേത്ര സംരക്ഷണ സമിതികളോ , പ്രദേശത്തിന്‍റെ കുലദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് പോരുന്ന ഭക്തജനങ്ങളോ തെയ്യക്കാലത്തിനെ വരവേല്‍ക്കാന്‍ കാത്തിരിപ്പാണ്. മിക്കയിടത്തും മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന ആചാര അനുഷ്ടാനങ്ങള്‍  കൂടുതല്‍ ജനകീയമാക്കി ഭംഗിയോടെ നടത്താന്‍ വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ചെറുതല്ല തെയ്യകുടുംബത്തിന്. ചാലോറ കുട്ടിച്ചാത്തന്‍ , തലച്ചില്ലല്‍ പരദേവത ,കരിയാത്തന്‍ പരദേവത , ഗുളികന്‍ ,വിഷ്ണുമൂര്‍ത്തി എന്നീ കുലദൈവങ്ങള്‍ കെട്ടിയാടുന്ന ഉമയംകുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവം 23.24.25 ദിവസങ്ങളിലാണ് . പിന്നേട് അങ്ങോട്ടുളള ദിവസങ്ങളില്‍ കോമത്ത് ഭഗവതി ക്ഷേത്രം , തിരുവളളൂര്‍ പൂക്കോട്ടുമ്മല്‍ ക്ഷേത്രം, കൊളങ്ങാട്ട് ക്ഷേത്രം , പരോന്‍റവിട , ഒതയോത്ത് ചാമുണ്ഡി ക്ഷേത്രം , കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം ,ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ക്ഷേത്രം  തുടങ്ങിയ ദേശങ്ങളില്‍ തിറ ഉത്സവങ്ങള്‍ നടക്കും. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നതോടെ തെയ്യപ്രേമികളുടെ കൂട്ടായ്മയും തെയ്യങ്ങളുടെ പ്രചാരവും വര്‍ദ്ധിച്ച് വരികയാണ്. വടക്കേ മലബാറില്‍ തന്നെ പുനഃരുദ്ധാരണം നടത്തിയും പുതിയ പ്രതിഷ്ഠകള്‍ നടത്തിയും നിരവധി ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാട്ടം നടന്നുവരുന്നുണ്ട് . കടമേരി പരദേവതാ ക്ഷേത്രത്തില്‍ മേടം (ഏപ്രില്‍ ) മാസത്തില്‍ തിറ ഉത്സവം കഴിയുന്നതോടെ കടത്തനാട്ടില്‍ ചെണ്ടമേളങ്ങളുടെയും ചിലമ്പൊലികളുടെയും ആരവത്തിന് സമാപനം കുറിച്ച് ഒരു തെയ്യക്കാലം കൂടി വിടവാങ്ങും. അതിനിടയില്‍ വ്യത്യസ്ഥങ്ങളായ നിരവധി തെയ്യങ്ങളാണ് കടത്തനാടന്‍ മണ്ണില്‍ കെട്ടിയാടുന്നത് .


.


തെയ്യം ചമയങ്ങളിലെ ജൈവീകത



         തെയ്യ ചമയങ്ങള്‍ കേവലം അലങ്കാരം മാത്രമല്ല. പ്രകൃതിയുമായി മനുഷ്യനുളള ആത്മ ബന്ധം കൂടിയാണ് . തലമുറകളായി കൈമാറി വന്ന പാരമ്പര്യത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ് തെയ്യചമയങ്ങള്‍. ഒരോ തെയ്യകാലം അടുത്തുവരുമ്പോഴും മുന്നൊരുക്കങ്ങള്‍ നടത്തി വേണം തെയ്യചമയങ്ങള്‍ ഒരുക്കാന്‍ . നമ്മുടെ ചുറ്റുപാടും ഉളള തെങ്ങ്, കവുങ്ങ്, മുള തുടങ്ങിയവയുടെ വിവിധ ഭാഗങ്ങള്‍ തെയ്യചമയങ്ങളുടെ പ്രധാന ഘടകങ്ങളാണ്. മനോഹരമായ മുഖമെഴുത്തിന് ഈര്‍ക്കിളും , മുളയും ബ്രഷ് ആയി ഉപയോഗിക്കുന്നു. നാഗഭഗവതിയുടെ നാല്പത് അടിയോളം വലുപ്പമുളള മുടികെട്ടാന്‍ ഫ്രെയിമിനുളള വാട , കെട്ടാനുളള പാന്തോന്‍, കുരുത്തോല തുടങ്ങിയ ജൈവ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത് . കണ്ഠാകര്‍ണ്ണന്‍ , ഗുളികന്‍ , വിഷ്ണുമൂര്‍ത്തി     ,ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉടയാട കുരുത്തോല കൊണ്ടാണ് .   വിഷ്ണുമൂര്‍ത്തി , ഗുളികന്‍ തെയ്യങ്ങളുടെ മുഖംമൂടി കവുങ്ങിന്‍ പാള കൊണ്ട് രൂപപ്പെടുത്തുന്നതാണ് . വിവിധ തെയ്യങ്ങളുടെ വ്യത്യസ്ഥ മുഖമെഴുത്തുകള്‍ തികച്ചും ജൈവീക വസ്തുക്കള്‍ ഉപയോഗിച്ചാണ്  തയ്യാറാക്കുന്നത്. മിക്കതും വെളിച്ചണ്ണയില്‍ ചാലിച്ചാണ് ഉപയോഗിക്കുക. ചുവപ്പിന് മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചായില്യം . മഞ്ഞക്ക് മഞ്ഞള്‍,മനയോല , കറുപ്പിന് കരി , വെളുപ്പിന് അരിപ്പൊടി ,കൂടാതെ വിവിധ മിശ്രിതങ്ങള്‍ ചേര്‍ത്ത് ഓറഞ്ച് പോലുളള നിറങ്ങള്‍ തയ്യാറാക്കുന്നു. മിക്ക തെയ്യചമയത്തിനും കഞ്ഞിവെളളത്തില്‍ മുക്കിയ കോട്ടന്‍ കോറത്തുണി പ്രധാന ഘടകമാണെന്ന് തീകുനി ഉമയംകന്നിലെ തയ്യം കലാകാരനായ ഹരീഷ് പണിക്കര്‍ പറയുന്നു. തെയ്യകാലം വന്നാല്‍ കുടുംബത്തിലെ  എല്ലാവരും വിവിധങ്ങളായ ഒരുക്കപാടിലായിരിക്കും .


തെയ്യകുലം സംരക്ഷിക്കപ്പെടണം

    വടക്കേ മലബാറില്‍ വേലന്‍ സമുദായത്തില്‍ പ്പെട്ട അഞ്ഞൂറ്റാന്‍ ,മുന്നൂറ്റാന്‍ ,മലയ സമുയത്തിലെ പണിക്കര്‍ എന്നീ സമുദായങ്ങളാണ് പ്രധാനമായും ഉളളത് . കേവലം ആറ് മാസക്കാലം മാത്രമുളള തെയ്യക്കാലം കഴിഞ്ഞാല്‍ കുലതൊഴിലൂടെയുളള വരുമാനം കുടുംബത്തിന് ഇല്ലാതെയാവുന്നു. ആവശ്യമായ ഗ്രാന്‍റുകളും തൊഴില്‍ സംരഭങ്ങളും നല്‍കി സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണം എന്നാണ് സാമുദായിക സംഘടനാ ഭാരവാഹികളുടെ ആവശ്യം . തെയ്യ പ്രതിഷ്ഠ ഇല്ലാത്ത ഇടങ്ങളിലും സ്റ്റേജ് പ്രോഗ്രാമിലും ആചാരാനുഷ്ടാനങ്ങള്‍ പാലിക്കാതെ തെയ്യം കോലങ്ങള്‍  കെട്ടിയാടുന്ന അവസ്ഥ ഇല്ലാതാക്കണം .സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം ഏറെ ദോഷകരമായി തെയ്യം സമൂഹം നേരിടുകയാണ്. പരമ്പരാഗതമായി ഏറെ പണിപ്പെട്ട് സിദ്ധിച്ചെടുത്ത തോറ്റങ്ങള്‍ പോലും പകര്‍ത്തി പ്രചരിപ്പിക്കുന്ന രീതി വലിയൊരു വെല്ലുവിളിയാണ് .ഒരു തെയ്യക്കാലം മുഴുവന്‍ പകര്‍ത്തി എടുത്ത് കാലാകാലം ആസ്വാദകരില്‍ എത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. തൊഴില്‍ മേഖലയില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന ഒരു സമുദായമാണ് തെയ്യസമുദായം . പാരമ്പര്യ ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വടക്കേ മലബാറിലെ തെയ്യപ്രേമികള്‍ 25ന് വടകരയില്‍ സംരക്ഷണ സമിതി രൂപീകരിക്കുകയാണ് .

Post a Comment

Previous Post Next Post