മെഡിക്കൽ ഷോപ്പിൽ നിന്നുള്ള ലഹരി മരുന്ന് വിൽപ്പന തടഞ്ഞ് ഡി.വൈ.എഫ്.ഐ.
മാഹി: മൂലക്കടവ് കമ്പിപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ നിന്നും ലഹരി ഗുളിക വിറ്റഴിക്കുന്നത് തടഞ്ഞ് ഡി.വൈ.എഫ്.ഐ.
മൂലക്കടവ് പാനൂർ റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്തരം ഗുളികകൾ ആവശ്യക്കാർക്ക് നൽകുന്നത്.
യുവാക്കൾക്കും, കുട്ടികൾക്കും വീര്യം കൂടിയ ലഹരി ഗുളികകൾ വിൽപ്പന നടത്തുന്നതായി നാട്ടുകാർക്ക് അടുത്തിടെയായി സൂചന ലഭിച്ചിരുന്നു. ഡോക്ടർമാരുടെ കുറിപ്പുകൾ ഇല്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തിക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു.
യാദൃശ്ചികമായി സമീപ പ്രദേശത്തെ ഒരു കുട്ടിയുടെ കൈവശം രക്ഷിതാക്കൾ ഗുളിക കണ്ടെത്തുകയായിരുന്നു. പള്ളൂർ മേഖല ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കും സൂചന ലഭിച്ചു. പരീക്ഷിക്കാനായി ഈ ഷോപ്പിലേക്ക് ഗുളിക ആവശ്യപ്പെട്ട് ഒരാളെ അയക്കുകയായിരുന്നു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഇയാൾക്ക് സെയിൽമാൻ ഗുളിക നൽകി പണം വാങ്ങി.
ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കടയിലെത്തി കടയിലെ ഗുളിക പ്പെട്ടികൾ കണ്ടെത്തിയപ്പോൾ പന്തക്കൽ പോലീസിൽ വിവരമറിയിച്ചു. സെയിൽസ് മാൻ മാരേയും, കണ്ടെത്തിയ ഗുളികകളും പോലീസിൽ ഏൽപ്പിച്ചു.സംഭവമറിഞ്ഞ് നിരവധിയാളുകൾ പരിസരത്ത് പാഞ്ഞെത്തി. കേരളത്തിൽ ഓപ്പറേഷൻ തൂഫാൻ നടപടി വന്നതോടെ ലഹരി മാഫിയ സംഘങ്ങൾ മൂലക്കടവ് പരിസരങ്ങളിൽ തമ്പടിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുകയാണ്. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡി.വൈ.എഫ്.ഐ.പള്ളൂർ മേഖല കമ്മിറ്റി തീരുമാനമെടുത്തിരിക്കുകയാണ്.പാണ്ടിവയൽ ഭാഗത്തെ പെട്ടിക്കടകൾ വഴി ലഹരി ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ച് സമര രംഗത്തിറങ്ങി നിറുത്തലാക്കിയിരുന്നു. കുറിപ്പടിയില്ലാതെ നൽകിയ ഇത്തരം ഗുളികകൾ ഇന്ന് വിദഗ്ദ പരിശോധനയ്ക്കയച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.

Post a Comment