*അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12-ന്; വിധി പ്രഖ്യാപിക്കുന്നത് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി:*
കണ്ണൂർ ,കൊച്ചി:
രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കൊച്ചി സി.ബി.ഐ പ്രത്യേക കോടതി നവംബർ 12-ന് വിധി പ്രസ്താവിക്കും. 14 വർഷം പഴക്കമുള്ള കേസിന്റെ അന്തിമവിധി വരാനിരിക്കുന്നത് കണ്ണൂർ ജില്ലയിലെ സി.പി.എം, മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.
സി.പി.എം നേതാക്കളായ പി. ജയരാജൻ (32-ാം പ്രതി), ടി.വി. രാജേഷ് (33-ാം പ്രതി) എന്നിവരും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഗൂഢാലോചനക്കുറ്റം നേരിടുന്ന കേസുകളിലൊ ന്നാണിത്.
ജഡ്ജി പി. ശബരിനാഥ് മുമ്പാകെ വിധി പറയാനുള്ള അന്തിമ നടപടിക്രമങ്ങൾ നവംബർ 9 മുതൽ ആരംഭിക്കും.
2025 മേയ് 5-നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 17 മാസം നീണ്ടുനിന്ന വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. ആകെയുള്ള 33 പ്രതികളിൽ രണ്ടുപേർ മരണപ്പെട്ടതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്.
കേസിന് ആസ്പദമായ സംഭവം: എം.എസ്.എഫ് (MSF) പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനം അരിയിൽ പട്ടുവത്തിന് സമീപം ആക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതികാരമായി ഷുക്കൂറിനെ ചെറുകുന്ന് കീഴറയിലെ വയലിൽ കൊണ്ടുപോയി വധിച്ചെന്നാണ് കേസ്. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന സക്കരിയക്കും കുത്തേറ്റു.
രാഷ്ട്രീയ പ്രാധാന്യം: ഷുക്കൂറിന്റെ മാതാവ് സുപ്രീം കോടതി വരെ നടത്തിപ്പോന്ന കടുത്ത നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ അന്തിമവിധി വരുന്നത്. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ മുസ്ലിം ലീഗ് അണികളും കുടുംബവും കാത്തിരിക്കുമ്പോൾ, പ്രമുഖ നേതാക്കൾ ഉൾപ്പെട്ട കേസിലെ വിധി സി.പി.എമ്മിനും നിർണ്ണായകമാണ്.

Post a Comment