മാഹി പോളിടെക്നിക് ജീവനക്കാർ സമരത്തിൽ*
മാഹി: ശമ്പളം മുടങ്ങിയതിനും ഔദ്യോഗിക വർക്ക് ഓർഡർ നൽകാത്തതിനുമെതിരെ മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാർ ഏകദിന സമരം നടത്തി. മാസങ്ങളായി ശമ്പളം ലഭിക്കാതെയും ഔദ്യോഗിക ഉത്തരവില്ലാതെയും ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അർഹമായ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള വർധനവ് നടപ്പാക്കുക, ജീവനക്കാർക്ക് അടിയന്തരമായി വർക്ക് ഓർഡർ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ജീവനക്കാരുടെ സേവനസുരക്ഷയും സാമ്പത്തിക അവകാശങ്ങളും ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിനും മാഹി അഡ്മിനിസ്ട്രേറ്റർക്കും നിവേദനം നൽകി. ശമ്പള കുടിശ്ശിക വിതരണം ചെയ്യുകയും വർക്ക് ഓർഡർ അനുവദിക്കുകയും ചെയ്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.

Post a Comment