സമ്പൂർണ്ണ ഗ്രന്ഥശാല പഞ്ചായത്ത് പ്രഖ്യാപനം - ന്യൂ മാഹിയിൽ ആലോചനാ യോഗം ചേർന്നു*
*
കണ്ണൂർ ജില്ലയിലെ മുഴുവൻ തദ്ദേശ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിച്ച് സമ്പൂർണ്ണ ഗ്രന്ഥശാല ജില്ല എന്ന നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ആലോചനാ യോഗം ചേർന്നു. രാജ്യസഭ എംപി ഡോ. എ. ശിവദാസന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ജില്ല അഭിമാനകരമായ ഈ നേട്ടത്തിലേക്ക് ചുവട് വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഇതിനോടകം രണ്ട് പുതിയ വായനശാലകൾ ആരംഭിച്ച് കഴിഞ്ഞു. ലൈബ്രറികൾ ഇല്ലാത്ത മുഴുവൻ വാർഡുകളിലും വായനശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ്, സി വി രാജൻ മാസ്റ്റർ പെരിങ്ങാടി, വി കെ രത്നാകരൻ മാസ്റ്റർ, സി കെ പ്രകാശൻ, എ പി മിഹാദ്, ബാബു, വി കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിൽ വെച്ച് ന്യൂ മാഹിയിലെ കുടുംബശ്രീ പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ കരീക്കുന്നിൽ പുതുതായി ആരംഭിച്ച സി എച്ച് കണാരൻ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ വി മിനിക്ക് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സി എച്ച് പ്രിയ കൈമാറി.

Post a Comment