ചെറുകല്ലായി പമ്പ് ഹൗസും പരിസരവും കാടും മൂടി : പാമ്പ് ശല്യം രൂക്ഷം നാട്ടുകാർ ഭീതിയിൽ
മാഹി : അഞ്ചരക്കണ്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെറുകല്ലായി കുന്നിന് മുകളിൽ സ്ഥാപിച്ച പമ്പ് ഹൗസും പരിസരവും കാടുമുടി. അഞ്ചരക്കണ്ടി പദ്ധതിയുടെ ഭാഗമായി മാഹി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ചെറുകല്ലായി കുന്നിന് മുകളിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും ടാങ്കും ആണ് വൻമരങ്ങൾ അടക്കമുള്ള കാടുമുടി ജീവനക്കാർക്കും നാട്ടുകാർക്കും ഭീതി വരുത്തുന്ന രീതിയിൽ സ്ഥിതിചെയ്യുന്നത്. മുൻപ് ഒരു ദിവസം മൂന്ന് ഷിഫ്റ്റിൽ ആളുകൾ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ഉള്ളവർ തന്നെ പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ ലഭ്യത കുറവ് മൂലം പമ്പ് ഹൗസിൽ സ്ഥിരമായ ജീവനക്കാരില്ല. പകരം ആരെങ്കിലും ഒരാൾ ഒരു ദിവസം വരുന്ന രീതിയാണ്. സ്ഥിരം ജീവനക്കാർ ഇല്ലാത്തതിനാൽ ആണ് ഇവിടം വൃത്തിയാക്കാത്തത് എന്നാണ് പറയപ്പെടുന്നത്. കാരണം മാഹിയിലെ ഡ്യൂട്ടിക്കിടയിൽ വന്നു പമ്പ് പ്രവർത്തിപ്പിക്കുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ വരുന്നവർക്ക് ചെയ്യാനാവുന്നത്. ഇങ്ങനെ വരുന്ന ജീവനക്കാർ ആകട്ടെ പാമ്പിനെ പേടിച്ച് ഭീതിയോടെ വലിയ വടിയുമായിട്ടാണ് പമ്പ് ഹൗസിലേക്ക് കയറുന്നത്. ഇവിടെ കാടു മൂടി കിടക്കുന്നതിനാൽ ഇവിടെയുള്ള പെരുമ്പാമ്പ് അടക്കമുള്ള ഇഴ ജീവികൾ പരിസരത്തുള്ള വീട്ടുകാർക്കും ഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം വീടിൻ്റെ മതിലിൽ ഉറങ്ങിക്കിടന്നിരുന്ന പൂച്ചയെ പെരുമ്പാമ്പ് വന്നു വിഴുങ്ങിയ സംഭവവും നാട്ടുകാർ ഭീതിയോടെയാണ് ഓർക്കുന്നത്. മുൻകാലങ്ങളിൽ പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വരുന്നവർ പുറമേ നിന്നും കൂലിക്ക് ആളെ വെച്ചു പമ്പ് ഹൗസും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ സ്വന്തം കയ്യിൽ നിന്നും പണം പോയതിനെത്തുടർന്ന് ജീവനക്കാരും അത് നിർത്തി. ഇതിനെ തുടർന്ന് സമീപവാസികളാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. പമ്പ് ഹൗസും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ ഭീതി അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment