o പുതുച്ചേരി ബീച്ചിൽ തുരുമ്പിച്ച വൈദ്യുത തൂൺ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
Latest News


 

പുതുച്ചേരി ബീച്ചിൽ തുരുമ്പിച്ച വൈദ്യുത തൂൺ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

 *പുതുച്ചേരി ബീച്ചിൽ തുരുമ്പിച്ച വൈദ്യുത തൂൺ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം*



പുതുച്ചേരി: ബീച്ച് റോഡിൽ തുരുമ്പിച്ച വൈദ്യുത തൂൺ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളായ തസ്ലിം–റെക്കാന ദമ്പതികളുടെ മകൻ ഫൈസലാണ് മരിച്ചത്.


പുതുച്ചേരി ബീച്ചിൽ ഇന്നലെ വൈകുന്നേരമാണ് അപകടം. വംബകീരപാളയത്ത് താമസിച്ച് ബീച്ചിൽ ടോർച്ചുകളും കളിപ്പാട്ടങ്ങളും വിൽപ്പന നടത്തുന്ന കുടുംബത്തിലെ കുട്ടിയാണ് ഫൈസൽ. മാതാവ് റെക്കാനയ്ക്കൊപ്പമെത്തിയ കുട്ടി ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഏജന്റ് ഹോട്ടലിന് സമീപത്തെ തുരുമ്പിച്ച വൈദ്യുത തൂൺ പെട്ടെന്ന് നിലംപതിച്ച് കുട്ടിയുടെ നെഞ്ചിലേക്ക് വീഴുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നതിനിടെ മിനിറ്റുകൾക്കകം മരണം സംഭവിച്ചു.


ആയിരക്കണക്കിന് ആളുകൾ ദിവസേന എത്തുന്ന പുതുച്ചേരി ബീച്ചിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സംഭവത്തോടെ വീണ്ടും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. തകർന്ന ഇരിപ്പിടങ്ങൾ, അപകടകരമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ, തുരുമ്പെടുത്ത വൈദ്യുത തൂണുകൾ തുടങ്ങിയവ ബീച്ചിൽ അപകടഭീഷണി ഉയർത്തുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.


അപകടാവസ്ഥയിലുള്ള വൈദ്യുത തൂണുകൾ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഏകദേശം പത്ത് ദിവസം മുമ്പും സമാനമായ രീതിയിൽ ഒരു തുരുമ്പിച്ച വൈദ്യുത തൂൺ ബീച്ച് റോഡിൽ വീണിരുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.


വിനോദസഞ്ചാരികളും നാട്ടുകാരും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർ സ്ഥിരമായി എത്തുന്ന പ്രദേശത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്നും അപകടാവസ്ഥയിലുള്ള വൈദ്യുത തൂണുകളും മറ്റ് അപകടകരമായ സംവിധാനങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.


സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് അടിയന്തര പരിശോധനയും നടപടിയും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment

Previous Post Next Post