ബിരുദ സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം പരിഹരിക്കണം
പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർക്ക് ബിജെപി നിവേദനം
മാഹി: പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ കോഴ്‌സുകൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികളുടെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാഹി മണ്ഡലം കമ്മിറ്റി പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലറെയും പരീക്ഷാ കൺട്രോളറെയും നേരിൽ കണ്ട് നിവേദനം നൽകി.
ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലെ കാലതാമസം മൂലം നിരവധി വിദ്യാർത്ഥികൾക്ക് തുടർപഠനം, ജോലി, വിദേശ വിദ്യാഭ്യാസം, വിവിധ ഔദ്യോഗിക ആവശ്യങ്ങൾ എന്നിവയ്ക്കായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ വേഗത്തിലാക്കി അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ,മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് രവിചന്ദ്രൻ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മഗിനേഷ് മഠത്തിൽ, തൃജേഷ് കെ.എം., എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Post a Comment