കുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, വളർത്താൻ അവകാശമുണ്ട്: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും മുടി സൂക്ഷിക്കാൻ കുട്ടികൾക്ക് ചുമതലയുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിക്കുകയോ ചെയ്യണം. എന്നാൽ മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ, മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി.
മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന കെമിക്കലുകളോ കളറുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തിരഞ്ഞെടുക്കാനും അവകാശമുണ്ട്. സൾ അധികൃതർ വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തിരമായി തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇ.യോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഈ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി അവരുടെ അഭിപ്രായം കേൾക്കണം. ഉത്തരവിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.
രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയും, പതിനൊന്നാം ക്ലാസുകാരനായ വിദ്യാർഥിയോട് മുടിവെട്ടി വരാൻ ആവശ്യപ്പെട്ടിട്ട് വഴങ്ങാത്ത സാഹചര്യത്തിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മീഷൻ്റെ ഈ നിർണായക ഉത്തരവ്.

Post a Comment