മാഹിയിൽ വർഷങ്ങളായുള്ള 'Wetland' പ്രതിസന്ധിക്ക് പരിഹാരം: കെട്ടിട നിർമ്മാണ അനുമതി ലഭ്യമാകും
മാഹി:
മാഹിയിലെ സാധാരണക്കാരായ ജനങ്ങൾ ഒന്നര വർഷമായി നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് ഒടുവിൽ ശാശ്വത പരിഹാരമായി. പണ്ട് കൃഷിയിടങ്ങളായിരിക്കുകയും നിലവിൽ കരഭൂമിയായി മാറുകയും ചെയ്ത സ്ഥലങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി നിഷേധിച്ചിരുന്ന സാങ്കേതിക തടസ്സമാണ് മാഹി എം.എൽ.എ അഡ്വ. അശോക് കുമാറിന്റെ നിരന്തര ഇടപെടലുകളെ തുടർന്ന് പൂർണ്ണമായും പരിഹരിക്കപ്പെട്ടത്.
1970-ൽ നടന്ന റീസർവ്വേ വേളയിൽ സർക്കാർ രൂപം കൊടുത്ത സെറ്റിൽമെന്റ് റജിസ്റ്ററിൽ, മാഹിയിലെ വലിയൊരു ഭാഗം ഭൂമി പണ്ട് വയൽപ്രദേശങ്ങളായിരുന്നതിനാൽ 'Wetland' (കൃഷിയിടങ്ങൾ) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാലക്രമേണ ഈ പ്രദേശങ്ങൾ കരഭൂമിയായി മാറിയെങ്കിലും, മാഹിയിൽ പുതിയ മാസ്റ്റർ പ്ലാൻ പാസാക്കാതിരുന്നതിനാൽ ഇവ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ കരഭൂമിയായി അടയാളപ്പെടുത്തായിരുന്നില്ല.
ഇതിന്റെ ഫലമായി കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കേണ്ട പൊസിഷൻ സർട്ടിഫിക്കറ്റിൽ (Possession Certificate) 'Wetland' എന്ന് തന്നെ രേഖപ്പെടുത്തുകയും, ടൗൺ പ്ലാനിങ് വിഭാഗം നിർമ്മാണ അനുമതി നിഷേധിക്കുകയും ചെയ്തുപോരുകയായിരുന്നു.
ഈ സാങ്കേതിക തടസ്സം കാരണം ചാലക്കര, പള്ളൂർ പന്തക്കൽ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. സ്വന്തമായി അഞ്ച് സെന്റ് ഭൂമിയുള്ള സാധാരണക്കാർക്ക് പോലും ഒരു ചെറിയ കിടപ്പാടം നിർമ്മിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഇതിലൂടെ സംജാതമായത്.
ഈ സങ്കീർണ്ണമായ സാങ്കേതിക വിഷയം പരിഹരിക്കുന്നതിനായി സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തി നിയമ തടസ്സങ്ങൾ ഓരോന്നായി പരിഹരിക്കാൻ മാഹി എം.എൽ.എ അഡ്വ. അശോക് കുമാർ നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.
സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ ചാലക്കര, പള്ളൂർ പന്തക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം. സ്വന്തം ഭൂമിയിൽ നിയമപരമായി വീടുവെക്കാൻ കാത്തിരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് പകരുന്നത്.

Post a Comment