*പള്ളൂരിൽ പൊതുസ്ഥലത്ത് തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു
പള്ളൂർ: റോഡരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളി നാട് വൃത്തികേടാക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടിയുമായി നാട്ടുകാർ. പള്ളൂർ സ്പിന്നിങ് മില്ലിന് സമീപത്തെ മിൽ സ്റ്റോർ പരിസരത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി, അവിടെയുണ്ടായിരുന്ന മാലിന്യം മുഴുവൻ അവരെക്കൊണ്ട് തന്നെ തിരിച്ച് എടുപ്പിച്ചു.
തങ്ങൾ നിക്ഷേപിച്ച മാലിന്യത്തോടൊപ്പം പ്രദേശത്തുണ്ടായിരുന്ന മറ്റ് മാലിന്യങ്ങളും കൂടി ശേഖരിച്ച് നീക്കം ചെയ്യാൻ കുറ്റക്കാർ നിർബന്ധിതരായി. ‘ഇവിടെ മാലിന്യം നിക്ഷേപരുത്’ എന്ന മുന്നറിയിപ്പ് ബോർഡും മാലിന്യം തള്ളിയ അതേ സ്ഥലത്ത് സ്ഥാപിച്ചു.
പൊതുസ്ഥലങ്ങൾ കുപ്പത്തൊട്ടിയാക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് സ്പിന്നിംഗ് മിൽ പരിസരത്തെ നാട്ടുകാർ നൽകിയിരിക്കുന്നത്. മാലിന്യം വലിച്ചെറിയാതെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു.

Post a Comment