പള്ളൂർ മേൽപ്പാലത്തിൽ ചളിയും വെള്ളവും : വാഹന-കാൽനട യാത്രികർ ദുരിതത്തിൽ
മാഹി : മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിന് കുറുകെ പോകുന്ന പള്ളൂർ മേൽപ്പാലത്തിൽ ചളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ വാഹന-കാൽനട യാത്രികർ ദുരിതത്തിൽ. മാഹിയിൽ നിന്നും പള്ളൂർ പന്തക്കൽ ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. മേൽപ്പാലത്തേക്കാൾ ഉയരത്തിൽ റോഡ് ഉള്ളതിനാൽ റോഡിലൂടെയുള്ള വെള്ളവും ചളിയും പാലത്തിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം വാർന്നു പോകാൻ ആയി പാലത്തിനരികിൽ സുഷിരങ്ങൾ ഉണ്ടെങ്കിലും, അവ റോഡിനേക്കാൾ ഉയരത്തിലാണ്. ഇതുമൂലം വെള്ളം പോകാതെ ചളിയുമായി കുഴഞ്ഞ് ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇങ്ങനെ വെള്ളവും ചളിയും ഉള്ളതിനാൽ വാഹനങ്ങൾ മറുവശത്തേക്ക് വെട്ടിച്ചാണ് പലപ്പോഴും യാത്ര ചെയ്യുന്നത്.ഇങ്ങനെ പോകുമ്പോൾ മറുവശത്തു നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാനുള്ള സാധ്യതയും വളരെയാണ്. കൂടാതെ വെള്ളമുള്ളതിനാൽ കാൽനടയാത്രക്കാർ റോഡിന് നടുവിലൂടെ പോകേണ്ട അവസ്ഥയാണുള്ളത്. മഴയത്ത് ചളിയിൽ തെന്നി ഇരുചക്ര വാഹനങ്ങൾ വീഴാറുണ്ട് എന്നും പരിസരവാസികൾ പറഞ്ഞു ആയതിനാൽ ഇവിടെ നിന്നും വെള്ളക്കെട്ടും ചെളിയും നീക്കി പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment