പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജ നോട്ട് നൽകി ഡീസൽ നിറച്ച് കടന്നു കളഞ്ഞ നാലംഗ സംഘം അറസ്റ്റിൽ
മാഹി: പള്ളൂർ ഗ്രാമത്തിയിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ സംഘം വ്യാജ നോട്ട് നൽകി കബളിപ്പിച്ച് കടന്ന് കളഞ്ഞ സംഘത്തെ പോലീസ് പിടികൂടി.വളയം സ്വദേശികളായ സായന്ത്, (26) അക്ഷയ്, (27) ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെയാണ് മാഹി സി.ഐ. പി. അനിൽ കുമാർ, പള്ളുർ എസ്.ഐ. റീനാ മേരി എന്നിവരടങ്ങുന്ന സംഘം നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10 ന് ഗ്രാമത്തി പെട്രോൾ പമ്പിൽ ഇന്നോവ കാറുമായെത്തി ഡീസൽ നിറച്ച് വ്യാജ 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. 600/- രൂപയ്ക്കാണ് ഡീസൽ ആവശ്യപ്പെട്ടത്. 500 രൂപ വ്യാജ നോട്ടിൻ്റെ കൂടെ നൂറു രൂപയും ചേർത്ത് പെട്രോൾ പമ്പിലെ ഇന്ധനം നിറച്ച ജീവനക്കാരന് നൽകുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തിരക്ക് കുറഞ്ഞ സമയമായതിനാൽ ജീവനക്കാരൻ നേട്ടുകൾ അടുക്കി വെക്കുന്നതിനിടയിലാണ് വ്യാജ 500 രൂപയുടെ നോട്ട് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ ജീവനക്കാർ മാനേജരുമായി ബന്ധപ്പെട്ട് പമ്പിലെ സി.സി.ടി.വി. ദശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇന്നോവ കാർ കണ്ടെത്തിയത്.പെട്രോൾ പമ്പ് മാനേജർ പള്ളൂർ പോലീസിൽ പരാതിയും നൽകിയിരുന്നു.പ്രതികളെ ചോദ്യം ചെയ്തപ്പോൾ 13000 രൂപ പണി സ്ഥലത്ത് നിന്ന് കൂലി ലഭിച്ചതിലുള്ള നോട്ടുകളാണെന്ന് പറഞ്ഞു. ഇവർ ടൈൽസ് ജോലിയും, ബസ്സിലും ജോലി ചെയ്യുന്നുണ്ട്.പള്ളുരിലെ മദ്യശാലയിലും, ബേക്കറിയിലും, ചൊക്ലിയിലെ മറ്റൊരു പെട്രോൾ പമ്പിലും വ്യാജ നോട്ട് നൽകി കബളിപ്പിച്ചതായി കണ്ടെത്തി.മാഹി കോടതി നാലു പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment