ശിവസൂര്യയെ കാണാതായിട്ട് എട്ട് നാൾ ...! കാശിക്ക് പോകുന്നുവെന്ന് എഴുതി വെച്ചിട്ട് വീട് വിട്ടിറങ്ങിയ പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്കായി അന്വേഷണം
ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ്‌ടു വിദ്യാർത്ഥിനി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടും കണ്ടെത്താനായിട്ടില്ല. കുട്ടിയെ കണ്ടെത്തുന്നതിൽ പോലീസ് വീഴ്ച വരുത്തി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ പോലീസിന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് കാണാതായത്.
ഈ മാസം എട്ടാം തീയതിയാണ് ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനി ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ അച്ഛൻ വാങ്ങി വച്ചതിനെ തുടർന്ന് കത്തെഴുതി വച്ചാണ് കുട്ടി വീട് വിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തിൽ പറഞ്ഞിരുന്നു. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ചൊക്ലി പോലീസ് സ്റ്റേഷനിലെത്തിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, കുട്ടിയെ അടിയന്തിരമായി കണ്ടെത്തണമെന്ന് പൊലീസിന് നിർദ്ദേശം നൽകി
കുട്ടിയെ കാണാതായ സംഭവത്തിൻ്റെ വിശദാംശങ്ങളും പോലീസ് സ്വീകരിച്ച നടപടികളും ചെയർപേഴ്ൺ ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസൂര്യയുടെ വീട് കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയത്

Post a Comment