o മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം
Latest News


 

മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം

 മാഹിയിൽ സർവകക്ഷി യോഗം ചേർന്നു; ഹൈവേ ബഫർ സോൺ വിഷയത്തിൽ ജനകീയ സമരത്തിന് ആഹ്വാനം-



മാഹി: സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേശീയപാത ബഫർ സോൺ നിയന്ത്രണങ്ങൾ മാഹിയിൽ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി മാഹി എം.എൽ.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് അദ്ദേഹത്തിന്റെ ക്യാബിനിൽ സർവകക്ഷി യോഗം ചേർന്നു.


സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയിലും കെട്ടിടങ്ങളിലും ഉണ്ടായേക്കാവുന്ന നിർമ്മാണ നിയന്ത്രണങ്ങൾ, ഭൂമിയുടെ ക്രയവിക്രയം, നിലവിലുള്ള കെട്ടിടങ്ങളുടെ ഉപയോഗം, വ്യാപാര-വാണിജ്യ മേഖലയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.


യോഗത്തിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഇ എൻ.ടി. സുരേന്ദ്രൻ, കോൺഗ്രസിനെ പ്രതിനിധീകരിച്ച് സുരേഷ്, ശ്രീജേഷ് പള്ളൂർ, ബി.ജെ.പിയെ പ്രതിനിധീകരിച്ച് ദിനേശൻ, മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇബ്രാഹികുട്ടി മുഹമ്മദ്ലി എന്നിവർ പങ്കെടുത്തു.


സുപ്രീം കോടതി ഉത്തരവിന്റെ പ്രത്യാഘാതം മാഹിയിലെ സാധാരണ ജനങ്ങളെയും ഭൂവുടമകളെയും വ്യാപാരികളെയും ബാധിക്കാനിടയുള്ള സാഹചര്യത്തിൽ, വിഷയം ജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കാനും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അതിനായി ഒരു യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു 


മാഹിയിലെ ജനങ്ങളുടെ ആശങ്കകൾ പുതുച്ചേരി സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തുന്നതിനും, സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മാഹിക്ക് ഉണ്ടാകാവുന്ന പ്രത്യേക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനുമായി തുടർ നടപടികൾ ഏകോപിപ്പിക്കാനും കേസിൽ കക്ഷിച്ചേരാനും സർവകക്ഷി യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post