◾ പോക്സോ കേസിലെ പ്രതി റിമാന്റ് വിധി കേട്ട് കോടതിയില്‍ നിന്നും ചാടിപ്പോയി. നെടുമങ്ങാട് പോക്സോ കോടതിയിലാണ് നാലാം പ്രതി നിധിന്‍ രാജ് ചാടിപ്പോയത്. നാല് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിധിന്‍ രാജിന്റെ സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണു നിധിന്‍രാജ്.
2026 | ഓഗസ്റ്റ് 1, ശനി
1201 | കര്‍ക്കടകം 16, ചതയം
➖➖➖➖➖➖➖➖
◾ കാപ്പ കേസില്‍ ജയിലിലുള്ള തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ആറു മാസത്തേക്ക് അവധി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജയില്‍, തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ അനുമതിയോടെയാണ് അവധി അപേക്ഷ പാസാക്കിയതെന്ന് മേയര്‍ വിവി രാജേഷ്.
◾ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല മറുപടി നല്‍കിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം. സുഗതന്‍ നല്‍കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗണ്‍സിലിന് പരിഗണിക്കാമെന്നാണ് തദ്ദേശവകുപ്പ് മറുപടി നല്‍കിയത്. അപേക്ഷയില്‍ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ സുഗതനും ബിജെപിക്കും അനുകൂലമായി തീരുമാനമെടുത്തതാണു വിവാദമായത്.
◾ ബിജെപി കൗണ്‍സിലറായ സുഗതന് അനുകൂലമായി ജയില്‍ വകുപ്പും ആഭ്യന്തര വകുപ്പും കത്തു നല്‍കിയതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായാണു നടപടി സ്വീകരിച്ചതെന്നും പരിശോധിക്കുമെന്നും ചെന്നിത്തല.
◾ കനത്ത മഴമൂലം വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
◾ വിഴിഞ്ഞം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ പെട്ട് ബോട്ട് മറിഞ്ഞ് രണ്ടു തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റല്‍ ഗാര്‍ഡ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.
◾ ജയില്‍മേധാവി എസ് ശ്രീജിത്തിനെ ഡിജിപി യായി സ്ഥാനക്കയറ്റം നല്‍കി. എസ് ശ്രീജിത്ത് ജയില്‍ മേധാവിയായി സേവനം തുടരും. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതു വിവാദമായിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ സസ്പെന്‍ഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. യോഗേഷ് ഗുപ്തയെ ബെവ്കോ സി എംഡി യായും ബല്‍റാം കുമാര്‍ ഉപാധ്യായയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു.
◾ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 2024-25ലെ 430.50 കോടി രൂപയില്‍ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. 52.64 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയില്‍ കാക്കനാട് സ്മാര്‍ട്ട് സിറ്റിയിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കുമുള്ള സര്‍വീസ് ആരംഭിക്കും.
◾ പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍. മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. മന്ത്രിതല ഉപസമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.
◾ പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന് മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട പി എം ശ്രീ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വെളിപ്പെടുത്തണമെന്നും രാജന്‍ ആവശ്യപ്പെട്ടു.
◾ പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെ കേരളത്തില്‍ പിഎം ശ്രീ പദ്ധതിയുടെ പേരില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന വാദങ്ങള്‍ പൊളിഞ്ഞെന്ന് മുന്‍ മന്ത്രി എംബി രാജേഷ്.
◾ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എല്‍ എയും. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആദര്‍ശ് എം സജി പറഞ്ഞു.
◾ ആലപ്പുഴ തുമ്പോളിയില്‍ 2010 ല്‍ നടന്ന റിട്ടയേഡ് അധ്യാപിക ഏലിയാമ്മ വധക്കേസില്‍ പ്രതിയും ഏലിയാമ്മയുടെ ബന്ധുവുമായ ഫ്രില്ലി ഫ്രാന്‍സിസിനെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി 15 വര്‍ഷം അധികതടവും പ്രതി അനുഭവിക്കണം.75,000 രൂപ പിഴയും അടയ്ക്കണം.
◾ സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് ഡിജറ്റില്‍ സര്‍വേ നിലയ്ക്കുന്നു. കരാറുകാരെ വെട്ടിക്കുറയ്ക്കാനും വകുപ്പിലെ ജീവനക്കാരെ നിയോഗിച്ച് സര്‍വേ തുടരാനും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ സര്‍വേ നിര്‍ത്തില്ലെന്നും ഫണ്ട് പ്രശ്നം പരിഹരിക്കുമെന്നും റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
◾ പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കി.
◾ കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആര്‍ അജയനോട് രാജിവയ്ക്കുകയോ അവധിയെടുക്കുകയോ വേണമെന്ന് ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്നു റിപ്പോര്‍ട്ട്.
◾ സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ യുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ ഹൈക്കോടതിയില്‍. മൂന്നിടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂര്‍വ്വം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
◾ പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയുമാണ് അനുവദിച്ചത്.
◾ പാലക്കാട് അബ്കാരി മുന്ന വധക്കേസില്‍ മൂന്നു പ്രതികളെയും വെറുതേ വിട്ടുകൊണ്ട് 34 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി. തിരുവനന്തപുരം സി ബി ഐ കോടതിയാണു വിധി പ്രസ്താവിച്ചത്. അബ്കാരി കരാറുകാരന്‍ വിജയന്‍, മുന്‍ എം എല്‍ എ പി കുമാരന്റെ മകന്‍ സുധീര്‍, ഇവരുടെ മാനേജര്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
◾ സംസ്ഥാനത്ത് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. ജൂണ്‍ ഒന്‍പതിനാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്.
◾ ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ വീണ്ടും കെ എസ് യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10ന് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കെ എസ് യു യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടിരുന്നു. പുറത്തുനിന്നെത്തിയ കെ എസ് യു പ്രവര്‍ത്തകരാണ് കോളേജ് കോമ്പൗണ്ടില്‍ കൊടിമരം സ്ഥാപിച്ചത്.
◾ അപകടത്തില്‍ പെട്ട് മേഘാലയയില്‍ ചികിത്സയിലായിരുന്ന വ്ലോഗര്‍ മുഹമ്മദ് ദില്‍ഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറയാമെന്നും സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദില്‍ഷാദ് പറഞ്ഞു.
◾ ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പൂജാരിക്ക് മൂന്ന് വര്‍ഷവും മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സി കെ വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.
◾ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പതിനെട്ടുകാരിയെ കയറിപ്പിടിച്ചെന്ന കേസ്സില്‍ പ്രതിയായ ക്ഷേത്ര പൂജാരി കര്‍ണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കര്‍ട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹന്തലിനെ നാലു വര്‍ഷം കഠിന തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2025 മെയില്‍ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര അമ്പലത്തില്‍ തൊഴാനായി എത്തിയ യുവതിയെ കടന്നു പിടിച്ചെന്നായിരുന്നു കേസ്.
◾ ഏഴു വയസുകാരിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് മാലോം സ്വദേശിയായ അനീഷ് പിഡി (35)യെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾ ആലപ്പുഴ പുന്നപ്രയില്‍ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തില്‍ ശാന്തി ഭവന്‍ ഉടമ മാത്യു ആല്‍ബിന്‍ അറസ്റ്റിലായി. സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി 2030-31 സാമ്പത്തിക വര്‍ഷം വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി. 3,15,614 കോടി രൂപ നീക്കിവച്ചു. കര്‍ഷക പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കേയാണ് നടപടി.
◾ കുല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തി.
◾ ജമ്മുവിലെ ഖൗര്‍ മേഖലയില്‍ കണ്ട പാകിസ്ഥാന്റെ നിരീക്ഷണ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രതിരോധ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലാണു ഡ്രോണ്‍ തകര്‍ത്തത്. ചൈനീസ് നിര്‍മിതമായ ഡ്രോണിനൊപ്പം 64 ജി ബി മൈക്രോ എസ് ഡി കാര്‍ഡും സൈനികര്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി.
◾ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കുട്ടികള്‍ക്ക് മാപ്പു നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വീഡിയോയിലാണ് മോദിയുടെ മാപ്പു പ്രഖ്യാപനം. ജന്തര്‍ മന്തറില്‍ എന്തൊക്കെ സംഭവിച്ചെന്ന് രാജ്യം കണ്ടതാണ്. സംസ്‌കാരമില്ലാത്ത ഭാഷയാണ് ചില യുവാക്കള്‍ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച അമ്മയ്ക്കെതിരെയും അധിക്ഷേപങ്ങള്‍ ഉയര്‍ന്നു. കുട്ടികള്‍ക്കു സംഭവിച്ച തെറ്റുകള്‍ ക്ഷമിക്കാം. തിരുത്താന്‍ അവര്‍ക്ക് ഇനി അവസരം ഉണ്ട്. കുട്ടികളെ നേരായ വഴി നടത്തേണ്ടത് നമ്മളാണ്. അദ്ദേഹം പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും െജന്‍സീയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ''നിങ്ങളിരുവരും ഇന്ത്യയുടെ ഭൂതകാലമാണ്. രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം'' -രാഹുല്‍ പറഞ്ഞു.
◾ ബിജെപി ദേശീയ വക്താവായ ഷെഹ്‌സാദ് പൂനാവാല പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിലെ' തന്റെ ബയോയില്‍ നിന്ന് ബിജെപി ദേശീയ വക്താവ് എന്ന ടാഗ് അദ്ദേഹം നീക്കം ചെയ്തു.
◾ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എബി വിപി. ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചെന്നത് വ്യാജ പ്രചരണമെന്നും എ ബി വി പി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിംഗ്സോളങ്കി പറഞ്ഞു.
◾ തമിഴിനാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് രാജിവച്ച തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഓഗസ്റ്റില്‍ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.
◾ ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ജീവപര്യന്തം തടവ്. 2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി കലാപത്തിനിടെയാണ് സംഭവം.
◾ മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ കനത്ത മഴയില്‍ കവിഞ്ഞൊഴുകിയ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കാന്‍ ശ്രമിച്ച കാര്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
◾ കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉടന്‍ നടക്കില്ലെന്ന് ഉറപ്പായി. തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു.
◾ കാവേരി വെള്ളം പങ്കുവയ്ക്കല്‍ തര്‍ക്കം പുകയുന്ന സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകള്‍ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാന്‍ സമ്മതിക്കില്ലെന്നും വിജയ്യെ വിമാനത്താവളത്തില്‍ തടയുമെന്നും മുന്നറിയിപ്പ് നല്‍കി.
◾ അമേരിക്കക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്ക് ഇറാന്റെ ഭീഷണി. ബള്‍ഗേറിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ സൈനിക താവളങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പു നല്‍കി.
◾ അഭയാര്‍ഥി വിഷയത്തില്‍ സ്‌പെയിനിനെതിരെ ഇറ്റലി. മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലെ സെയൂട്ട മേഖലയിലേക്ക് പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് 'ഷെങ്കന്‍' കരാറില്‍നിന്ന് സ്‌പെയിനിനെ പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.
◾ പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ഇന്ത്യയിലെ 'കോക്രോച്ച് പാര്‍ട്ടിയുടെ' മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനില്‍ ഉണ്ടായാല്‍ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വി.
◾ അമേരിക്കന്‍ എഐ മോഡലുകളുടെ ഔട്ട്പുട്ടുകള്‍ ഉപയോഗിച്ച് ചൈന സൈനിക എ.ഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 'മോഡല്‍ ഡിസ്റ്റിലേഷന്‍' എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എസ് മോഡലുകളുടെ കഴിവുകള്‍ സ്വന്തമാക്കുന്നുവെന്നാണ് ആരോപണം. ഇത് യു.എസ്-ചൈന എ.ഐ സുരക്ഷാ ചര്‍ച്ചകളില്‍ പുതിയ തര്‍ക്കവിഷയമായി.
◾ കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ കാനഡയുടെ ഹെയ്ദി ക്വാച്ചിനെ തോല്‍പിച്ച് സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടവും അവര്‍ സ്വന്തമാക്കി. ജൂഡോയില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വര്‍ണം നേടി. ഓസ്‌ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ തോല്‍പ്പിച്ച് ഹര്‍ഷ് സിങ്ങാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജൂഡോ താരം യാമിനി മൗര്യ വെള്ളി മെഡല്‍ നേടി.
◾ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. ഇന്ത്യയുടെ യുവതാരം യശ്വീര്‍ സിങിനാണ് വെങ്കല മെഡല്‍. ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെ സ്വര്‍ണംനേടി.
◾ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബോക്‌സിങ് റിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ ഫൈനലില്‍. പ്രീതി പവാര്‍, അങ്കുഷ് പങ്കല്‍, ജയ്്‌സ്മിന്‍ ലംബോറിയ, അരുന്ധതി ചൗധരി, ജദ്ദുമണി സിങ് എന്നിവരാണ് ഫൈനലിലെത്തിയത്
◾ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്സി ഈ വര്‍ഷത്തെ ഐഎസ്എല്‍ ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കില്ല. എഐഎഫ്എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാത്തതിനാലാണ് ജംഷഡ്പൂര്‍ എഫ്സി രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ലീഗില്‍ നിന്ന് പുറത്താകുന്നത്.
◾ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെ വിവാദ നീക്കത്തില്‍ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ രാജിവച്ചു.
◾ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 80.08 കോടി രൂപയുടെ അറ്റലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 81.22 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിനുണ്ടായിരുന്നത്. ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.5% വര്‍ധിച്ച് 1,346.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,023.37 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനം 828.23 കോടി രൂപയില്‍ നിന്ന് 1,097.77 കോടി രൂപയായി വര്‍ധിച്ചു. മറ്റ് വരുമാനം 195.14 കോടി രൂപയില്‍ നിന്ന് 248.24 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 124.92 കോടി രൂപയില്‍ നിന്ന് മൂന്നിരട്ടിയോളം വര്‍ധിച്ച് 348.98 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 7.48 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.77 ശതമാനത്തില്‍ നിന്നും കഴിഞ്ഞ പാദത്തിലെ 1.77 ശതമാനത്തില്‍ നിന്നും ഇടിഞ്ഞ് 0.83 ശതമാനത്തിലേക്ക് താഴേക്കെത്തി.
◾ ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ആഗോളതലത്തില്‍ വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുള്ള കാരണം ആപ്പിള്‍ സിഇഒ ടിം കുക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം അറിയിച്ചു. ആപ്പിളിന്റെ ക്യു3 2026 വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട വേളയിലാണ് കുക്ക് ഇക്കാര്യം വിശദീകരിച്ചത്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടത്തെ 'മെമ്മറി പ്രൈസിംഗിലെ 100 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയം'എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡിആര്‍എഎം, നാന്‍ഡ് സ്റ്റോറേജ് ചിപ്പുകള്‍ എന്നിവയുടെ വിലയിലുണ്ടായ ഭീമമായ വര്‍ദ്ധനവ് കമ്പനിയെ വില കൂട്ടാന്‍ നിര്‍ബന്ധിതമാക്കി. ഇന്ത്യയില്‍ ഐപാഡുകള്‍, മാക് കമ്പ്യൂട്ടറുകള്‍, ആപ്പിള്‍ ടിവി എന്നിവയുടെ വില അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. വരാനിരിക്കുന്ന ഐഫോണ്‍ 17 മോഡലുകളുടെ വില വര്‍ദ്ധനവും ഉടന്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
◾ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കീഴടക്കി ടോം ഹോളണ്ടിന്റെ 'സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ'. ആദ്യ ദിവസം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 72.44 കോടിയാണ്. നെറ്റ് കളക്ഷന്‍ 60.60 കോടിയാണ്. ചിത്രത്തിന്റെ സംവിധാനം ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ്. അവഞ്ചേഴ്‌സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ പിന്നിലാക്കിയത്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയും സ്‌പൈഡര്‍മാന്‍ പിന്നിലാക്കി. 102.55 കോടിയാണ് രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ 2 നേടിയത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം തന്നെ 1000 കോടി പിന്നിട്ടിരിക്കുകയാണ് സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ. കേരളത്തിലും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. 5.5 കോടിയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത്.
◾ വൈശാഖിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ'യിലെ നായികയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ 'അസലായവളേ..' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവത്തകര്‍ പരിചയപ്പെടുത്തിയത്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്ന് സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്സാണ് കരസ്ഥമാക്കിയത്. ഗാനം റീല്‍സുകളിലും വന്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. പതിനായിരത്തോളം റീല്‍സുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി കൂടാതെ സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളില്‍ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. തെലുങ്ക് ചിത്രം 'നേല ടിക്കറ്റ്'ലൂടെയാണ് മാളവിക ശര്‍മ്മ അഭിനയ രംഗത്ത് ചുവട് വെക്കുന്നത്. തമിഴ് ചിത്രം 'കോഫി വിത്ത് കാതല്‍'ലും 2024ല്‍ തെലുങ്ക് ആക്ഷന്‍ ഡ്രാമ 'ഹരോം ഹര'യിലും സുപ്രധാന വേഷങ്ങളിലെത്തി. മാളവിക ശര്‍മ്മ ഒരു അഭിഭാഷക കൂടിയാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരാള്‍ക്ക് വഴിയില്‍ നിന്ന് തിളങ്ങുന്ന ഒരു കല്ല് കിട്ടി. അതിന്റെ വില അറിയാതിരുന്നതിനാല്‍, അയാള്‍ അത് തന്റെ കഴുതയുടെ കഴുത്തില്‍ കെട്ടിയിട്ടു. വഴിയിലൂടെ വന്ന ഒരു രത്നവ്യാപാരിയുടെ ശ്രദ്ധ ആ കല്ലില്‍ പതിഞ്ഞു. അത് വിലമതിക്കാനാവാത്ത ഒരു രത്നമാണെന്ന് അയാള്‍ക്ക് മനസ്സിലായി. 'ഇതിന് എത്രയാണ് വില?' വ്യാപാരി ചോദിച്ചു. 'നൂറ് രൂപ.' അയാള്‍ മറുപടി പറഞ്ഞു. വ്യാപാരി വില കുറയ്ക്കാന്‍ ശ്രമിച്ചു. 'അമ്പത് രൂപ തരാം.' പക്ഷേ, അയാള്‍ സമ്മതിച്ചില്ല. കുറച്ചുസമയം കഴിഞ്ഞ് വ്യാപാരി തിരികെ എത്തിയപ്പോള്‍, ആ കല്ല് മറ്റൊരാള്‍ നൂറ്റിയമ്പത് രൂപയ്ക്ക് വാങ്ങിക്കഴിഞ്ഞിരുന്നു. ദേഷ്യത്തോടെ വ്യാപാരി പറഞ്ഞു: 'നീ ഒരു മണ്ടനാണ്! കോടികളുടെ വിലയുള്ള രത്നമാണ് നീ വെറും നൂറ്റിയമ്പത് രൂപയ്ക്ക് വിറ്റത്.' അപ്പോള്‍ അയാള്‍ ശാന്തമായി പറഞ്ഞു: 'എനിക്കതിന്റെ വില അറിയില്ലായിരുന്നു. അതുകൊണ്ട് എനിക്ക് നഷ്ടബോധമില്ല. പക്ഷേ, നിങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ വില അറിയാമായിരുന്നു. എന്നിട്ടും എന്നെ കബളിപ്പിച്ച് കൂടുതല്‍ ലാഭം നേടാന്‍ ശ്രമിച്ചു. നഷ്ടം സംഭവിച്ചത് എനിക്കല്ല... നിങ്ങള്‍ക്കാണ്.' നഷ്ടബോധം ഉണ്ടാകുന്നത് പലപ്പോഴും നഷ്ടം കൊണ്ടല്ല... അമിതമായ ലാഭമോഹം കൊണ്ടാണ്. മറ്റുള്ളവരുടെ അറിവില്ലായ്മയെ മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍, ഒടുവില്‍ നഷ്ടപ്പെടുത്തുന്നത് പണമല്ല... സ്വന്തം മനസ്സമാധാനമാണ്. ഓരോ മനുഷ്യനും... ഓരോ വസ്തുവിനും... ഓരോ ബന്ധത്തിനും അതിന്റേതായ മൂല്യമുണ്ട്. ആ മൂല്യം തിരിച്ചറിയാനും, അതിനെ ആദരിക്കാനും പഠിക്കുന്നിടത്താണ് യഥാര്‍ത്ഥ സമ്പത്ത് ആരംഭിക്കുന്നത്. - ശുഭദിനം.
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment