കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടഭാഗം തകർന്നു വീണു
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടഭാഗം തകർന്നുവീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തുള്ള ഭാഗത്താണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും നിലംപതിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവസമയം സമീപ ട്രാക്കിൽ ഒരു ട്രെയിൻ നിർത്തിയ നിലയിലുണ്ടായിരുന്നു. എന്നാൽ അത് സർവീസ് നടത്തുന്ന ട്രെയിനല്ല, യാർഡിൽ നിർത്തിയിരുന്ന ട്രെയിനായതിനാൽ പ്ലാറ്റ്ഫോമിലും ട്രാക്കിലും യാത്രക്കാരുടെ തിരക്ക് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
ഇതിനാൽ ആളപായമുണ്ടായിരിക്കാനുള്ള സാധ്യത കുറഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും, യഥാർത്ഥ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിനായി അധികൃതർ വിശദമായ പരിശോധന തുടരുകയാണ്.
തകർന്നുവീണത് പ്ലാറ്റ്ഫോമിനോടനുബന്ധിച്ച പഴയ കെട്ടിടഭാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പുതിയ നിർമാണമല്ല, പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നത്.
സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ഉൾപ്പെടെ ചില പ്രവർത്തനങ്ങൾ നടന്നുവരുന്ന ഈ കെട്ടിടത്തിനകത്ത് സംഭവസമയത്ത് ജീവനക്കാരോ മറ്റ് ആളുകളോ ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്

Post a Comment