സ്വച്ഛതാ പഖ്വാഡ: തലശ്ശേരി–മാഹി സൈക്ലോത്തോൺ സംഘടിപ്പിച്ചു
മാഹി: സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) നേതൃത്വത്തിൽ Cavaliers de Mahe Club-ന്റെയും Thalassery Cycling Club-ന്റെയും സഹകരണത്തോടെ ജൂലൈ 11-ന് തലശ്ശേരിയിൽ നിന്ന് മാഹിയിലേക്ക് സൈക്ലോത്തോൺ സംഘടിപ്പിച്ചു.
തലശ്ശേരി കടൽപ്പാലം പരിസരത്ത് നിന്ന് തലശ്ശേരി എസ്.ഐ. ശ്രീമതി അശ്വതി ജിജി ഫ്ലാഗ് ഓഫ് ചെയ്ത 9 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലിയെ മാഹി വാക്ക് വേയിൽ എം.എൽ.എ അഡ്വ. അശോക് കുമാർ സ്വീകരിച്ചു.
ഇരു ക്ലബുകളിലെയും 28 അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ശുചിത്വമുള്ള പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
ടാഗോർ പാർക്കിൽ നടന്ന സമാപന ചടങ്ങിൽ എം.എൽ.എ അഡ്വ. അശോക് കുമാർ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്തു. സ്വന്തം വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ശുചിത്വ സംസ്കാരം സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കൈവരിക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
പരിപാടികൾക്ക് BPCL ഏരിയ സെയിൽസ് ഓഫീസർ രാംരാജ്, യാത്രമംഗൾ മാനേജിങ് ഡയറക്ടർ സജിത്ത് നാരായണൻ, സലീല പെട്രോൾ ബങ്ക് പ്രൊപ്രൈറ്റർ വിനോദ് എന്നിവർ നേതൃത്വം നൽകി. Cavaliers de Mahe Club അംഗങ്ങളായ ശ്രീകുമാർ ഭാനു, വത്സരാജ്, സുധീശൻ, അർഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment