◾ ലോകകപ്പില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന പോരാട്ടത്തില്‍ മികേല്‍ ഒയര്‍സബാല്‍, പെഡ്രോ പൊറോ എന്നിവരാണ് സ്‌പെയ്‌നിനുവേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ലമിന്‍ യമാലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മൈക്കല്‍ ഒയാര്‍സബാല്‍ പന്ത് വലയിലാക്കി സ്‌പെയിനിന് ലീഡ് നല്‍കി. ഇതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്നു. രണ്ടാം പകുതിയില്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. എംബാപ്പെയും ഡെംബെലെയും ഒലീസെയുമടങ്ങുന്ന സംഘത്തെ തീര്‍ത്തും നിഷ്പ്രഭമാക്കിയ സ്‌പെയിന്‍ ആധികാരിക ജയവുമായാണ് ഫൈനലിലേക്കെത്തുന്നത്
2026 ജൂലൈ 15, ബുധന്‍
1201 മിഥുനം 31, പൂയ്യം
1448 മുഹർറം 29
.
◾ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. 'എംടി അല്‍ ബഹിയ', 'എംടി മൊംബാസ' എന്നീ രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരായ 46 പേരില്‍ 30 പേരും ഇന്ത്യന്‍ നാവികരായിരുന്നു.
◾ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ കോടികളുടെ നികുതി വെട്ടിപ്പ്. ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പുമാണ് കണ്ടെത്തിയത്. റിട്ടേണുകള്‍ കൃത്യ സമയത്ത് സമര്‍പ്പിക്കാത്ത 38 ബാര്‍ ഹോട്ടലുകളിലായിരുന്നു പരിശോധന.
◾ 2018 ലുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മിതമാണെന്ന മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദ രേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വെളിവാക്കുന്ന ശബ്ദ രേഖയിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.
◾ മലയാളികള്‍ക്ക് അഭിമാന നിമിഷം. ഒറ്റപ്പാലത്തിന്റെ കൊച്ചുമകന്‍ അനില്‍ മേനോനേയും വഹിച്ച് സൊയൂസ് എം എസ് 29 വിജയകരമായി വിക്ഷേപിച്ചു. റോസ്‌കോസ്മോസിന്റെ പ്യോട്ടര്‍ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികര്‍. കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം നിലയത്തില്‍ പ്രവേശിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലിലാണു മടക്കം.
◾ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ബദല്‍ ധവളപത്രം അവതരിപ്പിച്ചു. മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ധൂര്‍ത്തായിരുന്നുവെന്നും ലക്ഷം കോടിയുടെ ബാധ്യത വരുത്തിവെച്ചെന്നുമുള്ള യു ഡി എഫിന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് പിണറായി വാദിക്കുന്നത്.
◾ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും വീഴ്ചകള്‍ സംഭവിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷം ജനങ്ങള്‍ക്കൊപ്പമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലും പിഴവുകള്‍ ഉണ്ടായി. വിനയത്തോടെ സംസാരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനും സാധിച്ചില്ല. അടിമുടി തിരുത്തണമെന്നു പാര്‍ട്ടി തയ്യാറാക്കിയ രേഖ നിര്‍ദ്ദേശിക്കുന്നതായും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
◾ സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന് ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായ ശൈലിയില്‍ നിന്നു മാറ്റം കൊണ്ടുവരുമ്പോള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതു താന്‍ നന്നായി ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസില്‍ വിചാരണ നിര്‍ത്തിവക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ചു പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങാന്‍ തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
◾ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ കൂട്ടാളി മമ്മു അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മഞ്ചേരി പൊലീസാണ് അറസ്റ്റു ചെയ്തത്. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞ മമ്മു ലൈവ് സ്ട്രീമിംഗിനിടെയാണു മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. യുവതി നല്‍കിയ പരാതിയിലെ ഈ കേസിലും തൊപ്പി പ്രതിയാണ്.
◾ ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി ഇന്ന് ഉച്ചയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായ വിജയിയെ കാണുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച 'തൂഫാന്‍ വാറിയര്‍' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന ആരോപണവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ പാനല്‍ പൂര്‍ണ്ണമായി വെട്ടിമാറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പുതിയ പട്ടിക തീരുമാനിച്ചെന്ന് അംഗങ്ങള്‍ ആരോപിച്ചു.
◾ അമേരിക്കന്‍ കമ്പനിയായ കോറോ ഹെല്‍ത്ത് കേരളത്തിലെ ഓഫീസുകള്‍ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെകും തമ്മില്‍ ചര്‍ച്ച നടത്തി. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരില്‍ പരമാവധി പേര്‍ക്ക് മറ്റ് ഐടി കമ്പനികളില്‍ പുനര്‍നിയമനം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
◾ കൊച്ചി കതൃക്കടവിലുള്ള അല്‍ റീം കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
◾ സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ജൂലൈ 20 മുതല്‍ ജൂലൈ 25 വരെ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലേ ധര്‍ണയും മാറ്റിവച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ആറ് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതിനാലാണ് സമരത്തില്‍നിന്നു പിന്മാറിയത്.
◾ ബ്രഹ്‌മപുരത്ത് നിര്‍മ്മാണം തടസ്സപ്പെട്ട ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ജോലികള്‍ പുനരാരംഭിക്കണമെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമായ പുതിയ കരാര്‍ ഒപ്പിടണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ക്ലീന്‍ കേരള കമ്പനി വിഭാവനം ചെയ്ത പദ്ധതിക്കായാണ് കോര്‍പ്പറേഷന്‍ ഈ കര്‍ശന നിബന്ധന മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മാസം മുന്‍പാണ് നഗരസഭ പ്ലാന്റിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
◾ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. പെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരില്‍ ഇനി കാണാന്‍ പോകുന്നത് നാര്‍ക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
◾ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ ഗുരുതര വീഴ്ചയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കരുതായിരുന്നു. ഇത് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരായി. പത്മകുമാറിനെതിരെ ആദ്യമേ നടപടി വേണമായിരുന്നുവെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
◾ ജി സുധാകരന്റെ നാവില്‍ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ രംഗത്ത്. ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്ന് ചോദിച്ച ജി സുധാകരന്‍, തന്നെ ആണിയടിക്കാന്‍ സിപിഎം ഓഫീസില്‍ ആണി ഫാക്ടറി ഉണ്ടോ എന്നും ചോദിച്ചു.
◾ പാതയോരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഹരിക്കാന്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കേബിളുകളുടെ നിരീക്ഷണത്തിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും.
◾ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കോടതിയെ അവഹേളിക്കുന്ന തരത്തില്‍ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ കെ. ബിജു ഐഎഎസ് ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ചു. നിയമപരവും വസ്തുതാപരവുമായ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ പരീക്ഷാഹാളില്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാര്‍ദന ആണ് അറസ്റ്റിലായത്. മട്ടന്നൂര്‍ പോളി ടെക്നിക് കോളജില്‍ നടന്ന കേരള ഗവണ്‍മെന്റ് എക്സാമിനേഷനിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചത്.
◾ ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ ഇന്നു പ്രാബല്യത്തിലായി. ഇതിന്റെ ഭാഗമായി യു.കെയിലേക്കുള്ള ഇന്ത്യയുടെ ആദ്യ സമുദ്രോത്പന്ന കയറ്റുമതി ബാച്ചിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇന്നലെ രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കെ.എസ്.ഐ.ഇ എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ നടന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
◾ കേരള ആരോഗ്യ സര്‍വകലാശാലയുടെ ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റം വിലയിരുത്തലില്‍ അമല മെഡിക്കല്‍ കോളേജ് ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് കരസ്ഥമാക്കി. രണ്ടാം തവണയാണ് അമല മെഡിക്കല്‍ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിക്കുന്നത്. അക്കാദമിക മികവ്, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണം, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച ഇന്ത്യ ടുഡേ എജുക്കേഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ രാജ്യത്തിലെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ 44-ാം സ്ഥാനവും അമല മെഡിക്കല്‍ കോളേജ് കരസ്ഥമാക്കിയിരുന്നു.
◾ ലൈംഗിക കുറ്റകൃത്യ കേസുകളില്‍ ഉപയോഗിക്കാവുന്ന പദപ്രയോഗങ്ങള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീം കോടതി. ജുഡീഷ്യല്‍ സെന്‍സിറ്റിവിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതികളും പോലീസും പാലിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. അപകീര്‍ത്തികരമായ വാക്കുകള്‍ ഒഴിവാക്കണം. അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ പദപ്രയോഗങ്ങള്‍ രാജ്യത്തെ എല്ലാ കോടതികളും കര്‍ശനമായി പാലിക്കണം. സുപ്രീം കോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. ഒരു പോക്സോ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
◾ കര്‍ണാടകത്തില്‍ അനുകൂല വിധി നേടാനായി കോടതിമുറിയില്‍ കൂടോത്രം നടത്തിയ സ്ത്രീ അറസ്റ്റില്‍. കോടതി നടപടിക്രമങ്ങള്‍ ആരംഭിക്കും മുന്‍പ് ജഡ്ജിയുടെ കസേരയില്‍ കടുക് വിതറിയ 65കാരിയായ മഞ്ജുള ആണ് അറസ്റ്റിലായത്.
◾ ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പ്രമാണിച്ച് ബെംഗളൂരുവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം നീട്ടി. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയം പുലര്‍ച്ചെ മൂന്നരവരെയാണ് നീട്ടിയത്.
◾ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് കിഷോര്‍. തനിക്ക് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഭാര്യയ്ക്ക് 101.93 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
◾ പാക്കിസ്ഥാനിലെ ബലൂച്ച് മേഖലയില്‍ പുതിയ രാജ്യ പ്രഖ്യാപനം. മേഖലയിലെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അവകാശവാദവുമായ ബലൂചിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍' എന്ന പേരില്‍ പുതിയ ഭരണ സംവിധാനം രൂപീകരിച്ചെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
◾ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പിന്മാറി. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റം.
◾ കുവൈറ്റില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. എല്ലാ മിസൈലുകളും തകര്‍ത്തെന്ന് കുവൈറ്റ് അവകാശപ്പെട്ടു. സ്ഫോടന ശബ്ദങ്ങള്‍ കേട്ട് ആരും ഭയപ്പെടേണ്ടെന്നും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവച്ചിടുന്നുണ്ടെന്നും കുവൈറ്റ് സൈന്യം അറിയിച്ചു.
◾ അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ 290 അംഗ പാര്‍ലമെന്റിലെ 180 എം പിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുക, നയതന്ത്ര ചര്‍ച്ചകള്‍ക്കായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുക, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം പൂര്‍ണ്ണമായും നിയമവിധേയമാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചത്.
◾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതിര്‍ന്ന ഭരണകക്ഷി നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ മാ സിങ്‌റൂയിയെ പുറത്താക്കി. അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. 2025-ന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ സമിതിയായ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ സജീവ അംഗമാണ് മാ സിങ്‌റൂയി.
◾ ഇറാഖില്‍ മുന്‍ ഡെപ്യൂട്ടി എണ്ണമന്ത്രിയായിരുന്ന അദ്നാന്‍ അല്‍-ജുമൈലിയുടെ വസതിയില്‍നിന്ന് 375 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ നടപടികളിലൊന്നാണ് ഈ ഓപ്പറേഷന്‍.
◾ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും അക്ഷര്‍ പട്ടേലിന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ കാര്‍ഡിഫില്‍ നടക്കും. സ്‌കോര്‍ ഇംഗ്ലണ്ട് 47.5 ഓവറില്‍ 258ന് ഓള്‍ ഔട്ട്, ഇന്ത്യ 45.2 ഓവറില്‍ 262/4.
◾ ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ 2026 ജൂലൈ 15 മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ വില കുറയും. ബ്രിട്ടീഷ് വിസ്‌കിയുടെ ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉടനടി കുറയും. ബ്രിട്ടീഷ് കാറുകളുടെ തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായും കുറയും. ഇന്ത്യ തങ്ങളുടെ 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഈ കരാറിലൂടെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുകെ വിപണിയില്‍ ഏകദേശം 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ലാത്ത പ്രവേശനം ലഭിക്കും. ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, പഞ്ചസാര, അരി, മുട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങളെ കരാറിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. കരാര്‍ പൂര്‍ണമായി നടപ്പിലാകുന്നതോടെ ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം 25.5 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
◾ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബിഎസ്എന്‍എല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് പ്രധാന സര്‍വീസ് മേഖലകളില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി. മുന്‍ വര്‍ഷം 4,017 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 401 കോടി രൂപയുടെ വര്‍ധന. കോര്‍പ്പറേറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 1,463 കോടി രൂപയില്‍ നിന്ന് 19.2 ശതമാനം വര്‍ധിച്ച് വരുമാനം 1,745 കോടി രൂപയായി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, അസം തുടങ്ങിയ സര്‍ക്കിളുകളാണ് മികച്ച പ്രകടനം നടത്തിയത്. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 8 ശതമാനം ഉയര്‍ന്ന് 1,724 കോടി രൂപയായി. മുന്‍വര്‍ഷം 1,594 കോടി രൂപയായിരുന്നു. ബ്രോഡ്ബാന്‍ഡ് അടക്കമുള്ള ലാന്‍ഡ്ലൈന്‍ മേഖലയില്‍ നിന്നുള്ള വരുമാനം 960 കോടി രൂപയായി തുടര്‍ന്നു. പ്രവര്‍ത്തന ലാഭം 2024-25ല്‍ 5,100 കോടി രൂപയായും, തൊട്ടടുത്ത വര്‍ഷം 7,500 കോടി രൂപയായും ഉയര്‍ന്നു.
◾ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് ഏഴിന് പ്രദര്‍ശനത്തിനെത്തും. തീഷ്ണമായ ഭാവത്തോടെ മോഹന്‍ലാലും അല്പം ദൈന്യഭാവത്തില്‍ വിസ്മയ മോഹന്‍ലാലും നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്റണിയും താഴെ ഒരു കുട്ടിയുടെ ചുമലില്‍ കൈയ്യിട്ടു നടക്കുന്ന വിസ്മയ മോഹന്‍ലാലുമാണ് പോസ്റ്ററില്‍. മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ്, ജിബിന്‍ ഗോപിനാഥ്, ശിവദാസ് കണ്ണൂര്‍, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
◾ ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രം 'മഹാകാളി' യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ഐമാക്സ് ഫോര്‍മാറ്റില്‍ ആണ് ചിത്രം ഒരുക്കുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റില്‍ വേഷത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ നിര്‍ണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം രോഹിത് സറഫ് തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. അക്ഷയ് ഖന്നയും തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പര്‍ഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.
◾ റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റര്‍ മോഡലിന്റെ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡസ്റ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 1.0 ടര്‍ബോ പെട്രോള്‍ മാനുവലിന് 12.99 ലക്ഷം രൂപ രൂപയാണ് എക്‌സ് ഷോറൂം വില. 1.3 ടര്‍ബോ പെട്രോള്‍ മാനുവലിന് 13.99 ലക്ഷം രൂപയും 1.3 ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 15.39 ലക്ഷം രൂപയുമാണ് വില വരിക. സാധാരണ ഡസ്റ്ററില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ചില കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലാതെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (മാനുവല്‍, ഓട്ടോമാറ്റിക്) എന്നിവയില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം. സാധാരണ മോഡലിനെ അപേക്ഷിച്ച് എന്‍ജിനിലോ ട്രാന്‍സ്മിഷന്‍ സ്‌പെസിഫിക്കേഷനുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
◾ മനുഷ്യഹൃദയത്തിന്റെ സ്പന്ദനങ്ങളിലൂടെ മനുഷ്യജീവിതം വായിക്കുന്ന ഇരുപത്തിരണ്ടു കഥകളുടെ സമാഹാരമാണ് രാമനില്ലാത്ത ലോകം. ആധി, ആശങ്ക, ഏകാന്തത, സ്‌നേഹം, നഷ്ടം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവയെല്ലാം ലളിതവും ഹൃദയസ്പര്‍ശിയുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഒരടയാളവുമില്ലാതെ ജീവിച്ച് മാഞ്ഞുപോയ ഒരു മനുഷ്യന്റെ ജീവിതം ചോദ്യംചെയ്യുന്ന രാമനില്ലാത്ത ലോകം മുതല്‍ വാര്‍ദ്ധക്യഭീതിയും സാമൂഹിക ഒറ്റപ്പെടലും പറയുന്ന കഥകള്‍ വരെ, ഓരോ കഥയും വായനക്കാരന്റെ ഉള്ളില്‍ ഒരു നെടുവീര്‍പ്പായി പതിയും. ഗ്രാമജീവിതം, പ്രവാസം, പട്ടാളജീവിതം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, കാലത്തിന്റെ മാറ്റങ്ങള്‍ ഇവയെല്ലാം ഈ കഥകളില്‍ ജീവിക്കുന്ന അനുഭവങ്ങളായി മാറുന്നു. മനുഷ്യന്റെ ഉള്ളിലെ പറയാത്ത കഥകളുടെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം. 'രാമനില്ലാത്ത ലോകം'. ശശീന്ദ്രന്‍ കെ.സി. ചാല. മാതൃഭൂമി. വില 153 രൂപ.
◾ ചെവിയിലെ കായം കളയാന്‍ കോട്ടണ്‍ ബഡ്‌സുകള്‍ ഉപയോഗിക്കുന്ന ശീലം ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ചെവിയിലെ കായം യഥാര്‍ത്ഥത്തില്‍ ചെവിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ഇത് ദിവസവും വൃത്തിയാക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഡോക്ടര്‍മാര്‍ ഇതിന്റെ പല ഗുണങ്ങളും ചൂണ്ടിക്കാട്ടുന്നു. ചെവിയുടെ ആരോഗ്യത്തിന് ആവശ്യമായ ഒരു സ്വാഭാവിക പദാര്‍ത്ഥമാണിത്. ചെവിയുടെ ഒരു സ്വാഭാവിക പ്രതിരോധ സംവിധാനമായി ഇത് പ്രവര്‍ത്തിക്കുന്നു. പുറത്തുനിന്നുള്ള പൊടിപടലങ്ങള്‍, അഴുക്ക്, ബാക്ടീരിയകള്‍, ചെറിയ പ്രാണികള്‍ എന്നിവ കര്‍ണ്ണപടത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഇത് തടഞ്ഞുനിര്‍ത്തുന്നു. ചെവിക്കുള്ളിലെ ഈര്‍പ്പം നിലനിര്‍ത്താനും വരള്‍ച്ച, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ തടയാനും ഇത് സഹായിക്കുന്നു. കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കുമ്പോള്‍ പുറത്തേക്ക് വരുന്ന അഴുക്ക് കണ്ട് പലര്‍ക്കും തൃപ്തി തോന്നാറുണ്ട്. എന്നാല്‍, ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ കായം കൂടുതല്‍ ഉള്ളിലേക്ക് തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത് ഈ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ചെവിക്കുള്ളില്‍ കായം കട്ടപിടിച്ച് തടസ്സമുണ്ടാകുക, കഠിനമായ ചെവിവേദന, കേള്‍വിക്കുറവ്, ചെവിയില്‍ മൂളല്‍ അല്ലെങ്കില്‍ ശബ്ദം കേള്‍ക്കുക, തലകറക്കം, കര്‍ണ്ണപടത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ സുഷിരം വീഴുകയോ ചെയ്യുക എന്നിവയുണ്ടാകാം. കേള്‍വിക്കുറവ്, ചെവി അടഞ്ഞതായി തോന്നുക, വേദന, അല്ലെങ്കില്‍ വിട്ടുമാറാത്ത മൂളല്‍ എന്നിവ അനുഭവപ്പെടുമ്പോള്‍ മാത്രം വൈദ്യസഹായത്തോടെ കായം നീക്കം ചെയ്താല്‍ മതിയാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യത്ത് കടുത്ത ക്ഷാമം വന്നു. വലിയ പ്രയത്‌നത്തിനൊടുവില്‍ രാജാവ് രാജ്യത്തെയും ഖജനാവിനെയും രക്ഷിച്ചു. എന്നാല്‍ ഒരു ഭയം അദ്ദേഹത്തെ വിട്ടില്ല... 'ഇനി ഇതിലും വലിയൊരു ദുരന്തം വന്നാലോ?' ആ ആശങ്ക അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. പരിഹാരം തേടി അദ്ദേഹം രാജഗുരുവിനെ സമീപിച്ചു. ഗുരു പറഞ്ഞു: 'കുറച്ചുകാലം രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കൂ.' രാജാവ് ഭരണച്ചുമതല ഗുരുവിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഒരു സാധാരണ ഉദ്യോഗസ്ഥനെപ്പോലെ തന്റെ ജോലി മാത്രം ചെയ്തു. അത്ഭുതകരമായി, അദ്ദേഹത്തിന്റെ ഭയവും ഉറക്കമില്ലായ്മയും മാറി. പിന്നീട് കാരണം ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞു: 'മുമ്പ് അങ്ങ് രാജ്യം ഒരു ഭാരമായാണ് കണ്ടത്. ഇപ്പോള്‍ അതൊരു ചുമതലയായി കണ്ടു. അതാണ് വ്യത്യാസം.' ജീവിതത്തില്‍ ജോലിയുടെ ഭാരം പലപ്പോഴും ജോലിയിലല്ല... അതിനെ നമ്മള്‍ കാണുന്ന രീതിയിലാണ്. ആസ്വദിച്ച് ചെയ്യുന്ന ജോലി ഊര്‍ജം നല്‍കും. ആശങ്കയോടെ ചെയ്യുന്ന ജോലി ഊര്‍ജം കവര്‍ന്നെടുക്കും. ജീവിതത്തില്‍ ഇടവേളകള്‍ വേണം... തോല്‍വിക്കല്ല, തിരിച്ചുവരവിന്. വിശ്രമിക്കൂ... വിചിന്തനം ചെയ്യൂ... വീണ്ടും മുന്നോട്ട് നടക്കൂ. ജീവിതത്തിന് അര്‍ധവിരാമങ്ങള്‍ കൊടുക്കൂ; പൂര്‍ണവിരാമങ്ങള്‍ അല്ല. ഓരോ നിമിഷവും അതിജീവിക്കൂ... ഒപ്പം ആസ്വദിക്കാനും പഠിക്കൂ. - ശുഭദിനം.

Post a Comment