സ്പീക്കർ തിരഞ്ഞെടുപ്പ് വൈകുന്നു; മന്ത്രിമാർക്ക് വകുപ്പുകൾ നൽകിയിട്ടില്ല: നിയമസഭാ സമുച്ചയത്തിൽ ഡിഎംകെ എംഎൽഎമാരുടെ ധർണ
പുതുച്ചേരി: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇതുവരെ നടത്താത്തതിലും മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുന്നതിൽ തുടരുന്ന കാലതാമസത്തിലും പ്രതിഷേധിച്ച് ഡിഎംകെ എംഎൽഎമാർ ജൂലൈ 2 വ്യാഴാഴ്ച്ച നിയമസഭാ സമുച്ചയത്തിൽ ധർണ നടത്തി.
സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കാത്തത് ഭരണപരമായ സ്തംഭനത്തിന് കാരണമാകുകയാണെന്നും ഡിഎംകെ നേതാക്കൾ ആരോപിച്ചു.
പ്രതിഷേധക്കാർ കൈകളിൽ പ്ലക്കാർഡുകളുമായി സർക്കാർ നടപടിക്കെതിരെ മുദ്രാവാക്യം മുഴക്കി. സ്പീക്കറില്ലാതെ നിയമസഭയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നതും വകുപ്പുകളില്ലാതെ മന്ത്രിമാർ തുടരുന്നതും ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് അവർ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം എൻ. രംഗസ്വാമിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തുകയും മന്ത്രിസഭ വികസിപ്പിക്കുകയും ചെയ്തെങ്കിലും, മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സഖ്യകക്ഷികൾ തമ്മിലുള്ള വകുപ്പുവിഭജന ചർച്ചകളാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഭരണനടപടികൾ വേഗത്തിലാക്കുന്നതിനുമായി സ്പീക്കർ തിരഞ്ഞെടുപ്പും വകുപ്പുവിഭജനവും അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഡിഎംകെ നേതാവ് നാജിം ആവശ്യപ്പെട്ടു.

Post a Comment